കെഎസ്ഇബിക്കെന്താ കൊമ്പുണ്ടോ? പ്രവാസികള്‍ എന്തുചെയ്യും? ചോദിക്കാതേയും പറയാതേയും പറമ്പിലൂടെ ലൈന്‍ വലിച്ചെന്ന് മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

 കൊച്ചി: സ്ഥലമുടമയോട് അനുവാദം വാങ്ങുകയോ അറിയിക്കുകയോ ചെയ്യാതെ കെഎസ്ഇബി ലൈന്‍ വലിച്ചെന്ന പരാതിയുമായി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. നാട്ടിലുള്ള സഹോദരനാണ് തന്നെ ഇക്കാര്യമറിയിച്ചത്. നാട്ടില്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആളില്ലാത്ത പ്രവാസികള്‍ എന്തു ചെയ്യുമെന്നും ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

tRootC1469263">

ലൈന്‍ വലിക്കാന്‍ പറമ്പില്‍ കുഴിയെടുത്തത് കണ്ട് സഹോദരന്‍ കെഎസ്ഇബിയില്‍ അന്വേഷിച്ചിരുന്നു. ഇനി കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് അറിയിക്കാമെന്നും പറഞ്ഞു. എന്നാല്‍, തൊട്ടടുത്തദിവസം തന്നെ ആരേയും അറിയിക്കാതെ അവര്‍ സ്ഥലത്ത് കടന്നുകയറി വഴിയിലെ പോസ്റ്റിനായി സ്‌റ്റേ വലിച്ചുകെട്ടിയെന്ന് മുരളി തുമ്മാരുകുടി പറയുന്നു. ഇക്കാര്യത്തില്‍ നിയമപരമായി നീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

 കെ.എസ്.ഇ.ബി.: ശുഷ്‌ക്കാന്തിയും കടന്നു കയറ്റവും

വെങ്ങോലയില്‍ എനിക്കൊരു ചെറിയ പറന്പുണ്ട്. പാരന്പര്യമായി കിട്ടിയതാണ്. റബ്ബര്‍  വെച്ചിട്ടുണ്ടെങ്കിലും റബ്ബര്‍ വെട്ടിയാല്‍ കൂലി കൊടുക്കാനുള്ള പണം പോലും കിട്ടാത്തത് കൊണ്ട് ടാപ്പിംഗ്  മുറപോലെ ആണ്. പറന്പ് താമസസ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ ദൂരെ ആയതുകൊണ്ട് അവധിക്ക് പോകുന്‌പോള്‍ വല്ലപ്പോഴും മാത്രമേ പോയി നോക്കാന്‍ സാധിക്കാറുള്ളൂ
ഇന്നലെ (ഫെബ്രുവരി 15, 2024) നാട്ടിലുള്ള സഹോദരന്‍ വിളിച്ചു പറഞ്ഞു, 'ചേട്ടാ, നമ്മുടെ പറന്പില്‍ കെ.എസ്.ഇ.ബി. ആളുകള്‍ വന്ന് കുഴി എടുത്തിട്ട് പോയി എന്ന് അതിലെ പോയ  പരിചയക്കാര്‍ വിളിച്ചു പറഞ്ഞു. അവിടെ അടുത്ത് എവിടെയോ ഒരു പുതിയ കന്പനി വരുന്നുണ്ട്, അതിലേക്കുള്ള ഹൈ ടെന്‍ഷന്‍ ലൈന്‍ ആണെന്നാണ് പറഞ്ഞത്. പഞ്ചായത്തില്‍ അന്വേഷിച്ചിട്ട് അങ്ങനെ ഒരു കന്പനി വരുന്നതായുള്ള കൃത്യമായ വിവരം ഒന്നും കിട്ടിയില്ല.'
സഹോദരന്‍ കെ.എസ്.ഇ.ബി. യില്‍ വിളിച്ചു.
'ഞങ്ങള്‍ അവിടെ രണ്ടു ദിവസം വന്നപ്പോഴും ആരെയും കണ്ടില്ല, അതുകൊണ്ടാണ്  കുഴിയെടുത്തത്'' എന്നാണ് അവരുടെ മറുപടി.
'ആ സ്ഥലം എന്റെ സഹോദരന്റെ  ആണ്. അദ്ദേഹം സ്ഥലത്തില്ല. സ്ഥിരം ടാപ്പിംഗ് ഇല്ലാത്ത റബ്ബര്‍ തോട്ടത്തില്‍ ആരെങ്കിലും എല്ലാ സമയവും വന്നിരിക്കുമോ, സ്ഥലത്തിന്റെ ഉടമയെ അറിയാന്‍ റെവന്യൂ റെക്കോര്‍ഡ് നോക്കിയാല്‍ മതിയല്ലോ. അദ്ദേഹത്തെ അറിയിക്കാതെയും സമ്മതം ഇല്ലാതെയും ഇത് ചെയ്തത് ശരിയായില്ല. ഞങ്ങള്‍ ഒരു പരാതി നല്‍കുന്നുണ്ട്' എന്ന് കെ.എസ്.ഇ.ബി. യെ അറിയിച്ചു.
'ശരി, ഇനി എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് ഞങ്ങള്‍ അറിയിക്കാം' എന്ന് അവര്‍ ഉറപ്പു നല്‍കി. ഇന്നലെ വൈകിട്ടത്തെ കാര്യമാണ്.

പരാതി നല്‍കണമെങ്കില്‍ സര്‍വ്വേ നന്പര്‍ വേണമല്ലോ. വീക്ക് എന്‍ഡ് ആകുന്‌പോള്‍ അതൊക്കെ തപ്പിയെടുത്ത് പരാതി ഉണ്ടാക്കി അയക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു.
24 മണിക്കൂര്‍ കഴിഞ്ഞില്ല, ഇന്ന് (ഫെബ്രുവരി 16, 2024) രാവിലെ സഹോദരന്‍ വീണ്ടും വിളിച്ചു.
'ചേട്ടാ, ഇന്ന് രാവിലെ അവര്‍ അവിടെ വന്നു വഴിയില്‍ പോസ്റ്റിട്ടു, നമ്മുടെ പറന്പിലേക്ക് രണ്ടു  സ്റ്റേ വലിച്ചു കെട്ടിയിട്ട് പോയി. ഇനി മരങ്ങള്‍ ഏതെങ്കിലും വെട്ടി മാറ്റേണ്ടി വരുമോ, ഭൂമിയുടെ ഉപയോഗത്തില്‍ എന്തെങ്കിലും നിയന്ത്രണമോ ബുദ്ധിമുട്ടോ ഉണ്ടാകുമോ എന്നൊന്നും അറിയില്ല.'
ലൈന്‍ വലിക്കുന്ന കാര്യത്തില്‍ എത്ര കാര്യക്ഷമവും ശുഷ്‌കാന്തിയും ആണെന്ന് നോക്കൂ.

എന്നാല്‍ മറ്റൊരാളുടെ പറന്പില്‍ പോയി എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് അയാളെ അറിയിക്കാനോ സമ്മതം മേടിക്കാനോ യാതൊരു ശുഷ്‌കാന്തിയും ഉത്തരവാദിത്തവും കാണിച്ചില്ല താനും.
വിദേശത്തുള്ള ഒരാളുടെ പറന്പില്‍ ഒരു തരത്തിലുള്ള മുന്നറിയിപ്പും കൂടാതെ കടന്നു കയറുന്നു. അക്കാര്യത്തില്‍ ഉടമക്ക് പരാതി ഉണ്ടെന്ന് അറിയിച്ചിട്ടും പരാതി കൊടുക്കുന്നതിന് മുന്‍പേ തന്നെ പണിയും തീര്‍ത്ത് ലൈനും വലിച്ച് സ്റ്റേയും കെട്ടി പോകുന്നു. അത് അയാള്‍ക്ക് എന്തൊക്കെ നിയന്ത്രണങ്ങളും നഷ്ടങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന ഒരു വിവരവും നല്‍കുന്നില്ല.

ഇതിനൊന്നും ഇവര്‍ക്ക് ഒരു നിയമവും ഇല്ലേ? മറ്റൊരാളുടെ പറന്പില്‍ കയറി എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് അവരെ അറിയിക്കേണ്ടേ? അവരുടെ സമ്മതം ആവശ്യമില്ലേ? ഒരു സ്ഥലത്തിന്റെ ഉടമ ആരാണെന്നറിയാന്‍ പറന്പിലേക്ക് നോക്കി നില്‍ക്കുന്നതല്ലാതെ വേറെ മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇവരുടെ അടുത്തില്ലേ? ഇതാണോ കെ.എസ്.ഇ.ബി. യുടെ എസ്.ഓ.പി.?

ഞാന്‍ വീടിനടുത്തുള്ള കെ.എസ്.ഇ.ബി. ട്രാന്‍സ്‌ഫോമറിന്റെ അടുത്ത് പോയി അവിടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ രണ്ടു ദിവസം കണ്ടില്ലെങ്കില്‍ അത് അടിച്ചു മാറ്റിക്കൊണ്ട് പോയാല്‍ എന്തായിരിക്കും കെ.എസ്.ഇ.ബി. യുടെ പ്രതികരണം?

കെ.എസ്.ഇ.ബി. കാര്യം സാധിച്ചു പോയ സ്ഥിതിക്ക്  ഇനിയിപ്പോള്‍ എനിക്ക് എന്തെങ്കിലും പരിഹാര മാര്‍ഗ്ഗമുണ്ടോ എന്നറിയില്ല. സ്റ്റേ കെട്ടിയതിന് സ്റ്റേ കിട്ടുമോ? അതിന് കോടതിയില്‍ പോകേണ്ടി വരുമോ?
ഇതിനൊന്നും പ്രവാസികള്‍ക്ക് സമയമുണ്ടാകില്ല എന്ന് ഉദ്യോഗസ്ഥര്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് തോന്നുന്നു. സ്ഥിരം നാട്ടിലുള്ള ആളുകളുടെ പറന്പില്‍ ഇതുപോലെ കടന്നു കയറുമോ? കടന്നാല്‍ അവര്‍ സമ്മതിക്കുമോ?

ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ ഇരുന്ന് പ്രവാസികള്‍ക്ക് എന്ത് ചെയ്യുവാന്‍ കഴിയും? ഇതിപ്പോള്‍ ഞാന്‍ അറിയുകയെങ്കിലും ചെയ്തു. മറ്റിടങ്ങളില്‍ അറിഞ്ഞു വരുന്‌പോഴേക്കും ലൈന്‍ ചാര്‍ജ്ജ് ചെയ്തിരിക്കും !
'കാവിലെ ഉത്സവത്തിന് നീ കെട്ടിയ കൊടി നീ ആയിട്ട് അഴിക്കണോ, അതോ ഞാന്‍ അഴിപ്പിക്കണോ?' എന്നൊക്കെ ചോദിക്കണം എന്നുണ്ട്. പക്ഷെ അതൊക്കെ സിനിമയിലേ നടക്കൂ.
എന്താണെങ്കിലും നിയമം അനുസരിക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ എനിക്ക് പരാതി ഉണ്ട്. ഇക്കാര്യത്തിലെ നിയമം അറിയാന്‍ താല്പര്യമുണ്ട്. ഇത്തരത്തില്‍ പ്രവാസികള്‍ക്കും അല്ലാത്തവര്‍ക്കും അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അറിയാനും ആഗ്രഹം ഉണ്ട്. പണിയെല്ലാം കഴിഞ്ഞ് അവര്‍ പോയെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികമായ പരാതി നല്‍കും. അത്രയും ചെയ്യാന്‍  ഞാനും ബാധ്യസ്ഥനാണല്ലോ. എന്താണ് സംഭവിക്കുന്നതെന്ന് വഴിയേ പറയാം.

ഈശ്വരാ, ഭഗവാനേ, ഈ കുഴികുത്തലും സ്റ്റേ കെട്ടലും ശരവേഗത്തില്‍ ചെയ്ത ഉദ്യോഗസ്ഥന് നല്ലത് മാത്രം വരുത്തണെ!

Tags