ഫ്‌ളാറ്റ് വാങ്ങുമ്പോഴും ഹോട്ടലില്‍ മുറി എടുക്കുമ്പോഴും രണ്ടാമത്തെ നിലക്ക് മുകളിലും ഏഴാമത്തെ നിലക്ക് താഴെയും മാത്രമേ എടുക്കാവൂ, കാരണം വിശദീകരിച്ച് മുരളി തുമ്മാരുകുടി

Muralee Thummarukudy

രണ്ടാമത്തെ നിലക്ക് മുകളില്‍ വേണം മുറി എടുക്കാന്‍ എന്നുള്ളത് അതിന് താഴെയുള്ള നിലകളില്‍ കള്ളന്മാര്‍ക്ക് എത്താന്‍ എളുപ്പവും ഹോട്ടലിന് പുറത്ത് ഒരു ബോംബ് ബ്ലാസ്റ്റോ ടാങ്കര്‍ അപകടമോ  ഉണ്ടായാല്‍ മുറിയില്‍ അപകടം ഉണ്ടാകാനുള്ള സാധ്യതയും ഓര്‍ത്താണ്.

കൊച്ചി: സുരക്ഷയുടെ ഭാഗമായി ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോള്‍ രണ്ടാമത്തെ നിലക്ക് മുകളിലും ഏഴാമത്തെ നിലക്ക് താഴെയും മാത്രമേ മുറി എടുക്കാവൂയെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ മാത്രമല്ല ഓഫീസ് ബില്‍ഡിങ്ങ്, സ്വന്തം വീട് ഇതിന്റെ കാര്യത്തിലും ബാധകമാണെന്ന് മുരളി തുമ്മാരുകുടി വ്യക്തമാക്കി.

tRootC1469263">

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഹോട്ടലില്‍ മുറി എടുക്കുമ്പോള്‍,

യാത്ര, തൊഴിലിന്റെ ഭാഗമായതിനാല്‍ എപ്പോഴും ഹോട്ടലില്‍ താമസിക്കേണ്ടി വരാറുണ്ട്. ഓരോ തവണയും ഹോട്ടലില്‍ എത്തിക്കഴിഞ്ഞു സിദ്ധാര്‍ത്ഥിനെ വിളിക്കുമ്പോള്‍ അവന്‍ ചോദിക്കും, 'ഏതു ഫ്‌ലോറില്‍ ആണ് മുറി കിട്ടിയത്?' അങ്ങനെ ചോദിയ്ക്കാന്‍ ഒരു കാരണമുണ്ട്.

ഏതു ഹോട്ടലില്‍ മുറി എടുക്കുമ്പോഴും രണ്ടാമത്തെ നിലക്ക് മുകളിലും ഏഴാമത്തെ നിലക്ക് താഴെയും മാത്രമേ മുറി എടുക്കാവൂ എന്ന് ഞാന്‍ അവനെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അത് ഒരു സുരക്ഷാ നിര്‍ദ്ദേശമായി എനിക്ക് ലഭിച്ചതാണ്. 

രണ്ടാമത്തെ നിലക്ക് മുകളില്‍ വേണം മുറി എടുക്കാന്‍ എന്നുള്ളത് അതിന് താഴെയുള്ള നിലകളില്‍ കള്ളന്മാര്‍ക്ക് എത്താന്‍ എളുപ്പവും ഹോട്ടലിന് പുറത്ത് ഒരു ബോംബ് ബ്ലാസ്റ്റോ ടാങ്കര്‍ അപകടമോ  ഉണ്ടായാല്‍ മുറിയില്‍ അപകടം ഉണ്ടാകാനുള്ള സാധ്യതയും ഓര്‍ത്താണ്.

ഏഴാമത്തെ നിലക്ക് താഴെ വേണം എന്നുള്ളത് അഗ്‌നി സുരക്ഷയെപ്പറ്റിയുള്ള ചിന്തയില്‍ നിന്നാണ്. അഗ്‌നിബാധ ഉണ്ടായാല്‍ ലിഫ്റ്റ് ഉപയോഗിക്കാന്‍ സാധിക്കില്ലല്ലോ. അപ്പോള്‍ വേഗത്തില്‍ ഓടിയിറങ്ങാന്‍ പറ്റുന്ന ഉയരത്തില്‍ താമസിക്കുന്നതാണ് ബുദ്ധി.

ഹോങ്കോങ്ങിലെ അഗ്‌നിബാധ കണ്ടപ്പോള്‍ വീണ്ടും ഇക്കാര്യങ്ങള്‍ ഓര്‍ത്തു. അവിടെ മരണസംഖ്യ അമ്പത് കഴിഞ്ഞു. ഇനിയും തീ അണഞ്ഞിട്ടില്ല. അവസാന മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്.  ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തേക്കാള്‍ വലിയ ദുരന്തമാകുമെന്ന് തോന്നുന്നു, കാരണം ഒന്നില്‍ കൂടുതല്‍ ടവറുകള്‍ ആണ് അഗ്‌നിക്കിരയായത്.

ഇത് ഹോട്ടല്‍ മുറിയുടെ കാര്യം മാത്രമാണോ? അതോ ഓഫീസ് ബില്‍ഡിങ്ങ്, സ്വന്തം വീട് ഇതിന്റെ ഒക്കെ കാര്യത്തിലും ബാധകമാണോ ബാധകമാണ്. അപകടങ്ങള്‍ക്ക് സ്വന്തം, വാടക, ഓഫീസ് എന്നൊന്നുമില്ല.

ഓഫീസിന്റെ കാര്യത്തില്‍ നമുക്ക് പ്രത്യേകിച്ച് ചോയ്സ് ഉണ്ടാകില്ലല്ലോ. അപ്പോള്‍ മറ്റു സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ഇടക്കിടക്ക് മോക്ക് ഡ്രില്‍ നടത്തുകയും നമ്മള്‍ തന്നെ ഇടക്ക് ഇറങ്ങി നോക്കി എമര്‍ജന്‍സി സ്റ്റെയര്‍വെല്‍ ക്ലിയര്‍ ആണ്, അവിടെ പഴയ ഫര്‍ണിച്ചര്‍ കൂട്ടിയിട്ടിട്ടില്ല, വാതിലുകള്‍ പൂട്ടിയിട്ടിട്ടില്ല എന്നൊക്കെ ഉറപ്പാക്കുകയാണ് ശരിയായ കാര്യം.

വീടിന്റെ കാര്യത്തില്‍ കൂടുതല്‍ ഉയരത്തില്‍ താമസിക്കുന്നതാണ് ഭംഗി. കൊച്ചിയില്‍ ആണെങ്കില്‍ ഏഴു നിലയില്‍ ഒക്കെ കൊതുക് എത്തുകയും ചെയ്യും. അപ്പോള്‍ സ്ഥിരം കൊതുക് കടിക്കണോ ഉണ്ടാകാന്‍ സാധ്യതയുള്ള അഗ്‌നിബാധക്ക് വേണ്ടി മുകരുതല്‍ എടുക്കണോ എന്നത് ഒരു റിസ്‌ക് മാനേജ്മെന്റ് ആണ്.
 

Tags