മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപം സുരക്ഷിതമോ, തകര്‍ന്നാല്‍ സമ്പാദ്യം നഷ്ടമാകാന്‍ സാധ്യത, ഉയര്‍ന്ന പലിശ വാഗ്ദാനത്തിന് വീഴുന്ന നിക്ഷേപകര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

Multi State Cooperative Societies

കേന്ദ്ര രജിസ്ട്രാര്‍ക്കോ കൃഷി/സഹകരണ മന്ത്രാലയത്തിനോ നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കാനാവില്ല. നിക്ഷേപ തീരുമാനം സംഘത്തിന്റെ പ്രകടനം അടിസ്ഥാനമാക്കി നിക്ഷേപകന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ എടുക്കണം.

 

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണ്. നേരത്തെ ചില പ്രദേശങ്ങളില്‍ ചിട്ടി പോലുള്ള നിക്ഷേപങ്ങളായിരുന്നെങ്കില്‍ ഇന്ന് അവയുടെ സ്ഥാനം സഹകരണ സൊസൈറ്റികള്‍ നേടിക്കഴിഞ്ഞു.

ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന പരിധിയുള്ള സഹകരണ സംഘങ്ങളാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍. അവ Multi-State Co-operative Societies Act, 2002-ന് കീഴിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. കേന്ദ്ര സഹകരണ രജിസ്ട്രാര്‍ (Central Registrar of Cooperative Societies - CRCS, Ministry of Cooperation) ആണ് രജിസ്‌ട്രേഷന്‍, നിയന്ത്രണം, അന്വേഷണം, ലിക്വിഡേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

സംസ്ഥാന സഹകരണ സംഘങ്ങള്‍ സംസ്ഥാന നിയമത്തിന് കീഴിലും, സംസ്ഥാന സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുമ്പോള്‍, മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ കേന്ദ്ര നിയമത്തിന് മാത്രം വിധേയമാണ്. സംസ്ഥാന സര്‍ക്കാരിന് ഇവയില്‍ നേരിട്ട് ഇടപെടാനോ ഓഡിറ്റ് നടത്താനോ അധികാരമില്ല.

കേന്ദ്ര സര്‍ക്കാരാണ് രജിസ്‌ട്രേഷന്‍ നടത്തുന്നതെങ്കിലും ആ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍ക്കാര്‍ ഗ്യാരണ്ടി ഇല്ല. സംഘങ്ങള്‍ അംഗങ്ങളോട് മാത്രം ഉത്തരവാദിത്തമുള്ള സ്വയംഭരണ സ്ഥാപനങ്ങളാണ്. കേന്ദ്ര രജിസ്ട്രാര്‍ക്കോ കൃഷി/സഹകരണ മന്ത്രാലയത്തിനോ നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കാനാവില്ല. നിക്ഷേപ തീരുമാനം സംഘത്തിന്റെ പ്രകടനം അടിസ്ഥാനമാക്കി നിക്ഷേപകന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ എടുക്കണം.

ബാങ്കുകളിലും (വാണിജ്യ ബാങ്കുകള്‍, അര്‍ബന്‍/സ്റ്റേറ്റ്/ജില്ലാ സഹകരണ ബാങ്കുകള്‍) ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (DICGC) 5 ലക്ഷം രൂപ വരെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നു. പ്രൈമറി സഹകരണ സംഘങ്ങള്‍ക്കും മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ്/ത്രിഫ്റ്റ് സൊസൈറ്റികള്‍ക്കും ഈ പരിരക്ഷയില്ല.  

കേരളത്തിലെ സംസ്ഥാന സഹകരണ സംഘങ്ങള്‍ക്ക് കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് പരിരക്ഷ നല്‍കുന്നുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് അതും ബാധകമല്ല. അതായത്, തകരുകയോ ലിക്വിഡേഷനിലേക്ക് പോകുകയോ ചെയ്താല്‍, ആസ്തികള്‍ വിറ്റ് നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, പലപ്പോഴും മുഴുവന്‍ തുകയും കിട്ടില്ല. കാലതാമസം വര്‍ഷങ്ങളോളം ആകാം.  

രാജ്യത്തെ 115-ലധികം മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ ലിക്വിഡേഷനില്‍ ആണ്. ക്രമക്കേടുകള്‍, ഫണ്ട് ദുരുപയോഗം, നഷ്ടം എന്നിവ കാരണം പലതും പൂട്ടിയിട്ടുണ്ട്. കേരളത്തിലും സംഘങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ പരാതികള്‍ ഉണ്ട്. കോ-ഓപ്പറേറ്റീവ് ഓംബുഡ്‌സ്മാന്‍ തിരിച്ചടവ് ഉത്തരവിട്ടിട്ടും ചിലര്‍ അനുസരിക്കുന്നില്ല.

ഇത്തരം സംഘങ്ങള്‍ തകര്‍ന്നാല്‍ സമ്പാദ്യം ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ഗ്യാരണ്ടി ഇല്ല. പല സംഘങ്ങളും തകര്‍ന്നതായി നേരത്തെ ലോക്‌സഭയില്‍ വ്യക്തമാക്കയിട്ടുണ്ട്.

ഉയര്‍ന്ന പലിശ വാഗ്ദാനത്തിലാണ് പലരും വീണുപോകുന്നത്. ഉയര്‍ന്ന പലിശ തരുമ്പോല്‍ അതോടൊപ്പം റിസ്‌കും ഉയര്‍ന്നതായിരിക്കും. 14 ശതമാനത്തോളം പലിശ വാഗ്ദാനം ചെയ്യുന്നവരുണ്ട്. പലിശ ബാങ്ക് നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നതാണെങ്കില്‍ നിക്ഷേപം ശ്രദ്ധയോടെയായിരിക്കണം.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളാണെങ്കിലും, സര്‍ക്കാര്‍ ഗ്യാരണ്ടിയോ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സോ ഇല്ല. തകര്‍ന്നാല്‍ സമ്പാദ്യം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന പലിശയുടെ പിന്നിലുള്ള റിസ്‌ക് മനസ്സിലാക്കി, സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രം നിക്ഷേപിക്കുക. സംശയമുണ്ടെങ്കില്‍ CRCS-നെയോ ഓംബുഡ്‌സ്മാനേയോ സമീപിക്കുക.

Tags