ആരോപണങ്ങളിൽ കുടുങ്ങി പിണറായിയുടെ അതീവ വിശ്വസ്തൻ; മുകേഷ് പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുന്നു; രാജി അനിവാര്യമെന്ന ആവശ്യം ശക്തമാവുന്നു

mukesh cpm
mukesh cpm

കണ്ണൂർ: ലൈംഗികാരോപണങ്ങളുടെ ചെളിക്കുഴിയിൽ വീണു കിടക്കുന്ന കൊല്ലം എം.എൽ.എ മുകേഷ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അതീവ വിശ്വസ്തരിൽ ഒരാൾ. മുകേഷിനെ രണ്ടുതവണ കൊല്ലത്ത് മത്സരിപ്പിച്ചതു പിണറായിയുടെ പ്രത്യേക നിർദ്ദേശത്താലാണ്. ഇതിനെതിരെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായി പങ്കെടുത്ത യോഗത്തിൽ ചില അംഗങ്ങൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിണറായി ക്ഷുഭിതനായി ഭീഷണിപ്പെടുത്തി അടക്കി ഇരുത്തുകയായിരുന്നു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മുകേഷിനെ മത്സരിപ്പിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെങ്കിലും അപ്പോഴും പിണറായിയുടെ ഇടപെടലുണ്ടായി. രണ്ടാം തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മുകേഷ് ജയിച്ചത് കഷ്ടിച്ചായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയെ കോൺഗ്രസുകാർ തന്നെ കാലുവാരിയതാണ് മുകേഷിന് തുണയായത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പി എൻ.കെ പ്രേമചന്ദ്രൻ്റെ ഏഴയലത്തു പോലുമെത്താൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മുകേഷിന് കഴിഞ്ഞില്ല.

Also read: ഗര്‍ഭിണിയായിരിക്കെ വയറ്റില്‍ ചവിട്ടി, മുടിയില്‍ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു, മുകഷിന്റെ ക്രൂരമായ വിനോദങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍

ഇപ്പോഴിതാ ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ മുന്നിലേറെ കേസുകളിൽ കുടുങ്ങി പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ് മുകേഷ്. പൊലിസ് കേസെടുത്ത സാഹചര്യത്തിൽ കൊല്ലം എം.എൽ.എ സ്ഥാനം മുകേഷ് കുമാറിന് രാജിവയ്ക്കേണ്ടിവരുമെന്നാണ് സൂചന. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും മഹിളാ നേതാക്കളും മുകേഷിൻ്റെ രാജി ആവശ്യപ്പെടുന്നവരാണ്. 

സ്ത്രീ പീഢകനായ മുകേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 100 പേരടങ്ങുന്ന ഇടതു വനിതാ സഹയാത്രികരും ഒപ്പിട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഗായത്രി വർഷയെപ്പോലുള്ള ചലച്ചിത്ര നടിമാരും മുകേഷിൻ്റെ രാജി ആവശ്യപ്പെടുന്നവരാണ്. കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

mukesh cpm

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ,  ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 

മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്ർറോൺമെന്‍റ് പൊലീസാണ് കേസ് രജിസ്റ്റ‍ര്‍ ചെയ്തത്.

Also read: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത്
 
നേരത്തെ കോൺഗ്രസ് എം.എൽ.എമാരായിരുന്ന എ.വിൻസെൻ്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർ സ്ത്രീ പീഢന പരാതിയിൽ ജയിലിൽ അടക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇതുയർത്തിക്കൊണ്ടാണ് സി.പി.എം പ്രതിരോധിക്കാൻ ശ്രമിക്കുക. എന്നാൽ സ്ത്രീപക്ഷമുദ്രാവാക്യങ്ങൾ ഉയർത്തി പിടിക്കുന്ന ഇടതുപക്ഷം കോൺഗ്രസിനെപ്പോലെയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. അതു കൊണ്ടുതന്നെയാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച കൊല്ലം എം.എൽഎയുടെ രാജിക്കായി മുറവിളി ഉയരുന്നത്. 

സി.പി.ഐ നേതാവും നാടക പ്രതിഭയുമായിരുന്ന ഒ .മാധവൻ്റെ മകനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിപ്പിച്ചു വിജയിപ്പിച്ചത് സി.പി.എമ്മിൻ്റെ അടവുനയങ്ങളിലൊന്നായിരുന്നു. സി.പി.ഐയെ അവരുടെ ശക്തികേന്ദ്രമായ കൊല്ലത്തു നിന്ന് ഒതുക്കുകയെന്ന ഗുഢലക്ഷ്യവും പാർട്ടിക്കുണ്ടായിരുന്നു. എന്നാൽ അതാണ് ഇപ്പോൾ ബുമറാങ് പോലെ തിരിച്ചടിച്ചിരിക്കുന്നത്.