ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ വന്നതോടെ റോഡിലിറങ്ങി പരിശോധിക്കാതെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍; വാഹനാപകടങ്ങള്‍ പെരുകുമ്പോഴും ഉറക്കം നടിക്കുന്നു

google news
mvd

കണ്ണൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിതി ക്യാമറ വന്നതോടെ സംസ്ഥാനത്തെ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പതിവുപരിശോധനകള്‍ മുടക്കുന്നത് വാഹനാപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി പരാതി.   ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ നിന്നുതന്നെയാണ് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്തിന് പരാതി ലഭിച്ചത്. പരാതി ഗൗരവതരമെന്നും കഴമ്പുണ്ടെന്നും ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമായിരിക്കും ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ അഴിച്ചുപണിയുണ്ടാവുക.

കുറച്ചുകാലമായി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്, പ്രത്യേകിച്ച് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് റോഡിലിറങ്ങി ജോലി ചെയ്യാന്‍ മടിയെന്നാണ് ഗതാഗത കമ്മിഷണര്‍ക്ക് ലഭിച്ച പരാതി. സംസ്ഥാനത്ത് ഫിറ്റ്നസ് ഇല്ലാത്തതും നികുതി അടയ്ക്കാത്തതുമായ വാഹനങ്ങളാണ് കൂടുതലും അപകടമുണ്ടാക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020 ജനുവരി ഒന്നുമുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള റോഡ് സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം അക്കമിട്ട് നിരത്തുന്നു. 

ഈ കാലയളവില്‍ അപകടത്തില്‍ പെട്ട 2.89 ലക്ഷം വാഹനങ്ങളില്‍ പലതിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു. ഇന്‍ഷുറന്‍സ് കാലവധി കഴിഞ്ഞിട്ടും നിരത്തിലിറങ്ങി അപകടത്തില്‍ പെട്ട വാഹനങ്ങളുടെ എണ്ണവും കുറവല്ല. ഈ കാലയളവില്‍ അപകടത്തില്‍പെട്ടവയില്‍ 2008 സ്വകാര്യവാഹനങ്ങള്‍ രജിസ്ട്രേഷന്‍ പുതുക്കാത്തവയായിരുന്നു. 1089 ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് അപകടസമയത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇല്ലായിരുന്നു. നിലവില്‍ നികുതി അടക്കാതെ കേരളത്തില്‍ 6,68,532 വാഹനങ്ങള്‍ ഓടുന്നുണ്ടെന്ന് വാഹന്‍ ഡാഷ്ബോര്‍ഡിലെ കണക്കുകള്‍ പറയുന്നു. 

നിരത്തിലിറങ്ങിയുള്ള വാഹനപരിശോധന കാര്യക്ഷമമല്ലാത്തതിനാലാണ് നിയമലംഘനങ്ങള്‍ തുടരുന്നതെന്നാണ് റോഡ് സുരക്ഷാ ഓഡിറ്റിലെ കണ്ടെത്തല്‍. സംസ്ഥാനത്ത് എ.ഐ ക്യാമറ നിലവില്‍ വന്നതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വാഹനപരിശോധന കുറച്ചത്. സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാതിരിക്കുക, സിഗ്‌നല്‍ പോയിന്റുകളിലെ ഗതാഗത ലംഘനം, നമ്പര്‍പ്ലേറ്റ് തെറ്റായി എഴുതുക, പാര്‍ക്ക് ചെയ്യുമ്പോള്‍ വെള്ളവര കടക്കുക തുടങ്ങിയ കുറ്റങ്ങള്‍ മാത്രമാണ് എ.ഐ ക്യാമറ പരിഗണിക്കുക. 

ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് എന്നിവ ഇല്ലാത്തതും രജിസ്ട്രേഷന്‍ പുതുക്കാത്തതും നികുതി അടയ്ക്കാത്തതുമായ വാഹനങ്ങള്‍ എ.ഐ ക്യാമറ വഴി തിരിച്ചറിയാന്‍ കഴിയില്ല. ലൈസന്‍സ് ഇല്ലാത്ത ഡ്രൈവിങ്ങും, കാലാവധി കഴിഞ്ഞ ലൈസന്‍സുമായുള്ള ഡ്രൈവിങ്ങും കണ്ടുപിടിക്കാനും നിരത്തിലിറങ്ങിയുള്ള പരിശോധനകൊണ്ടേ സാധിക്കൂ. ക്യാമറ കണ്ടെത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമിലിരുന്ന് പിഴയിടുന്ന പണിയാണ് നിലവില്‍ എന്‍ഫോഴ്സ്മെന്റ് ചുമതലയുള്ള വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക്. 

പൊലിസിലെ ഗ്രേഡ് എസ്.ഐമാരായിരുന്നു ഇതുവരെ വാഹന പരിശോധന നടത്തി ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതും പിഴയടപ്പിച്ചതും. എസ്.ഐമാരുടെ ഈ അധികാരം പിന്‍വലിച്ചതോടെ പരിശോധനയും നിലക്കുകയായിരുന്നു. മഴതുടങ്ങിയതോടെ കണ്ണൂര്‍ ജില്ലയില്‍ റോഡപകടങ്ങളും പെരുകിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴച്ചയ്ക്കുളളില്‍ നിരവധിയാളുകളാണ് വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത്.


 

Tags