ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് 2,100 രൂപ, ആം ആദ്മിയുടെ പ്രഖ്യാപനം ഉടായിപ്പോ? പഞ്ചാബില്‍ ഒരു രൂപ പോലും നല്‍കിയില്ല


ഈ വര്‍ഷം മെയ് മാസത്തില്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപയ്ക്ക് പകരം 1,100 രൂപ നല്‍കുമെന്ന് ഭഗവന്ത് മാന്‍ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, 2024-25 ലെ സംസ്ഥാന ബജറ്റിലും, പദ്ധതിക്ക് ഫണ്ട് അനുവദിച്ചില്ല.
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാള്‍ സ്ത്രീകള്‍ക്കായി നടത്തിയ പ്രഖ്യാപനം ചര്‍ച്ചയായിക്കഴിഞ്ഞു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഓരോ സ്ത്രീക്കും മാസം 2,100 രൂപ നല്‍കുമെന്നാണ് കെജ്രിവാളിന്റെ വാഗ്ദാനം. എന്നാല്‍, ഇത് പാലിക്കപ്പെടുമോ എന്ന സംശയം ഉയര്‍ന്നുകഴിഞ്ഞു. സമാനമായ വാഗ്ദാനമാണ് 2022ലെ പഞ്ചാബ് തെരഞ്ഞെടുപ്പിലും എഎപി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ 18 വയസ്സിന് മുകളിലുള്ള ഒരു വീട്ടിലെ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ നല്‍കുമെന്നായിരുന്നു കെജ്രിവാള്‍ വാഗ്ദാനം ചെയ്തത്. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ പ്രായപൂര്‍ത്തിയായ സ്ത്രീകളുണ്ടെങ്കില്‍, പണം ഓരോ വ്യക്തിക്കും നല്‍കും.
2022 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, എഎപി 117 സീറ്റുകളില്‍ 92 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. പാര്‍ട്ടി അതിന്റെ എല്ലാ വാഗ്ദാനങ്ങളും ഉറപ്പുകളും നിറവേറ്റിയിട്ടും സ്ത്രീകള്‍ക്കുള്ള വാഗ്ദാനം മാത്രം നിറവേറ്റാനായില്ല.
വാഗ്ദാനം പാലിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അത് നടപ്പാക്കുമെന്ന് മാത്രമാണ് എഎപിയുടെ മറുപടി. അതിന്റെ ജോലികള്‍ പുരോഗമിക്കുന്നു, വളരെ വേഗം സ്ത്രീകള്‍ക്ക് പണം ലഭിച്ചുതുടങ്ങും. അങ്ങനെ ചെയ്യില്ലെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ നാല് ഗ്യാരണ്ടികള്‍ നിറവേറ്റിയിട്ടുണ്ട്. എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്ന ഇന്ത്യയിലെ ഒരേയൊരു പാര്‍ട്ടി ഞങ്ങളാണെന്നും ആം ആദ്മി അവകാശപ്പെട്ടു.

പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ കെജ്രിവാള്‍ പദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപയ്ക്ക് പകരം 1,100 രൂപ നല്‍കുമെന്ന് ഭഗവന്ത് മാന്‍ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, 2024-25 ലെ സംസ്ഥാന ബജറ്റിലും, പദ്ധതിക്ക് ഫണ്ട് അനുവദിച്ചില്ല.
പഞ്ചാബിലെ വിജയഫോര്‍മുല ഡല്‍ഹിയിലും ആവര്‍ത്തിക്കുമ്പോള്‍ എന്തുകൊണ്ട് ഇതുവരെ വാഗ്ദാനം നിറവേറ്റിയില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടതായി വരും. പ്രതിപക്ഷ പാര്‍ട്ടികളും പഞ്ചാബില്‍ പദ്ധതി നടപ്പാക്കിയില്ലെന്ന് ചുണ്ടിക്കാട്ടിയാകും പ്രചരണം നടത്തുക.
ദേശീയ തലസ്ഥാനത്ത് താമസിക്കുകയും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്ന ഓരോ സ്ത്രീയുടെയും അക്കൗണ്ടിലേക്ക് പ്രതിമാസം 1,000 രൂപ ക്രെഡിറ്റ് ചെയ്യും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ട്ടി അടുത്ത സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2,100 രൂപ നല്‍കുമെന്നുമാണ് കെജ്രിവാള്‍ വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയുടെ രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മാത്രമേ തുക ക്രെഡിറ്റ് ചെയ്യാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 10-15 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനാല്‍ പദ്ധതി ആരംഭിച്ചെങ്കിലും അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. എല്ലാ സ്ത്രീകളും വോട്ട് ചെയ്താല്‍ ഡല്‍ഹിയില്‍ 60-65 സീറ്റെങ്കിലും ലഭിക്കുമെന്നാണ് കെജ്രിവാളിന്റെ പ്രതീക്ഷ.