നേര് കോപ്പിയടിയോ, മലയാളികള്‍ അത്ര വിഡ്ഡികളല്ല ശാന്തി മായാദേവി, വൈറലായി ഒരു കുറിപ്പ്

neru movie
neru movie

കൊച്ചി: ബോക്‌സോഫീസില്‍ കോടികള്‍ വാരിയ പല സിനിമകള്‍ക്കുമെതിരെ കോപ്പിയടി ആരോപണം ഉയര്‍ന്നിട്ടുണ്ട്. മലയാള സിനിമകളും ഇതില്‍നിന്നും ഭിന്നമല്ല. പ്രിയദര്‍ശന്റെ ചില സിനിമകളില്‍ ഹോളിവുഡിലെ അതേ സീനുകള്‍ പോലും കോപ്പിയടിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. മുന്‍കാലങ്ങളില്‍ വിദേശ സിനിമകള്‍ കാണാന്‍ മലയാളികള്‍ക്ക് അവസരം കുറവായത് മുതലെടുത്തായിരുന്നു കോപ്പിയടി. എന്നാല്‍, ഏത് വിദേശ സിനിമയില്‍ നിന്നും കോപ്പിയടിച്ചാലും അത് പിടിക്കപ്പെടുന്ന കാലമാണിത്.

tRootC1469263">

അടുത്തിടെ റിലീസ് ചെയ്ത ജീത്തു ജോസഫ് മോഹന്‍ലാല്‍ സിനിമ നേര് ആണ് ഏറ്റവുമൊടുവിലായി കോപ്പിയടി ആരോപണത്തില്‍പ്പെട്ടിരിക്കുന്നത്. നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ. സിനിമ സ്‌കെച്ച് ആര്‍ട്ടിസ്റ്റ് 2 എന്ന സിനിമയുടെ കോപ്പിയടിയാണെന്ന് സോഷ്യല്‍ മീഡിയയിലെ സിനിമാ ആസ്വാദകര്‍ കണ്ടെത്തി. ചില സീനുകള്‍ അതേപടി പകര്‍ത്താനും തിരക്കഥാകൃത്തുക്കള്‍ മടിച്ചില്ലെന്നതാണ് രസകരം.

സിനിമ പുറത്തിറങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ നേര് കോപ്പിയടിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ശാന്തി മായാദേവി ഇക്കാര്യം നിഷേധിച്ചെങ്കിലും രണ്ട് സിനിമകളിലേയും വീഡിയോ ഉള്‍പ്പെടെയുള്ളവ സോഷ്യല്‍ മീഡിയ തെളിവായി പുറത്തുവിട്ടു. ഏറ്റവുമൊടുവില്‍ ഇതേക്കുറിച്ചുള്ള ഒരു ഫേസ്ബൂക്ക് പോസ്റ്റും വൈറലായിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്,

സ്‌കെച്ച് ആര്‍ടിസ്റ്റ് : ഹാന്‍ഡ്‌സ് ദാറ്റ് സീ എന്ന സിനിമ കണ്ടു. ബലാത്സംഗത്തിനിരയാകുന്ന യുവതി പ്രതിയുടെ മുഖം ചിത്രകാരനു വിവരിച്ചു കൊടുക്കുന്നു. അതനുസരിച്ചു വരച്ച ചിത്രം നോക്കി പോലീസ് ആളെ പിടികൂടുന്നു. യുവതി പക്ഷേ അന്ധയാണ്!

പിടികൂടിയ ആളെ  മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ത്ത് യുവതിക്കു മുമ്പില്‍ പോലീസ് തിരിച്ചറിയല്‍ പരേഡു നടത്തുന്നു. തന്റെ കൈകള്‍ മുഖങ്ങളില്‍ പരതി യുവതി, ഓരോരുത്തരേയും കാണുന്നു. പ്രതിയെ കൃത്യമായി തിരിച്ചറിയുന്നു. അതോടെ അയാള്‍ തന്നെയാണു പ്രതിയെന്ന് പോലീസിനും ചിത്രകാരനും പ്രോസിക്യൂട്ടര്‍ക്കുമെല്ലാം തികച്ചും ബോധ്യപ്പെടുന്നു.  അയാളെ ശിക്ഷിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്.

കേസ് കോടതിമുറിയിലെത്തി. കൈയുറയും കോണ്ടവുമെല്ലാം ഉപയോഗിച്ചിട്ടുള്ളതുകൊണ്ട് മറ്റു തെളിവുകള്‍ ഒന്നും കേസില്‍ അവശേഷിക്കുന്നില്ല. കോണ്ടത്തിലെ കെമിക്കലും മറ്റും പ്രതിഭാഗം അഭിഭാഷകന്റെ മിടുക്കിനു മുമ്പില്‍ ആവിയായി. ഏകദൃക്‌സാക്ഷിയും ഇരയുമായ യുവതിയെ വിചാരണക്കെത്തിക്കാന്‍ പ്രോസിക്യൂഷന്‍ നിര്‍ബന്ധിതമാകുന്നു. കണ്ണില്ലാത്ത സാക്ഷി! അവരുടെ വിവരണം എങ്ങനെ ശരിയാകും? അതുപയോഗിച്ച് എന്തു ചിത്രം വരക്കും? വരച്ചാല്‍ വല്ല സാമ്യവും ഉണ്ടാകുമോ? ഈ നിര്‍ണായകപ്രശ്‌നം പ്രതിഭാഗം വക്കീല്‍ ഉന്നയിക്കുന്നു.

അതു തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ യുവതിയെയും ചിത്രകാരനെയും ആശ്രയിക്കുന്നു. കോടതിമുറിയിലെ ഡെമോ എന്ന അത്യന്തം നാടകീയമായ രംഗം അരങ്ങേറുന്നു. തെരുവില്‍ നിന്നു കോടതിമുറിയിലേക്കു വിളിച്ചുകൊണ്ടുവരുന്ന ഒരു മനുഷ്യനെ ആ യുവതി 'കൈകള്‍ കൊണ്ടു കാണുകയും' ചിത്രകാരനു വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. മുപ്പതു സെക്കന്റിനുള്ളില്‍ വേണമിത്. കേട്ടതനുസരിച്ചു ചിത്രകാരന്‍ വരക്കുന്നു. ശരിക്കും ആ മനുഷ്യനെ നോക്കി വരച്ചതുപോലുള്ള ഒരു ചിത്രം. കോടതിക്കും മറ്റെല്ലാവര്‍ക്കും സത്യം ബോധ്യപ്പെടുന്നു.

സാധാരണഗതിയില്‍, ഇത്തരം കേസുകളില്‍ പ്രതിയെ പോലീസിനുറപ്പുണ്ടെങ്കില്‍, മറ്റു തെളിവുകളൊന്നും കിട്ടാനില്ലെങ്കില്‍, മുടിയോ മറ്റോ ക്രൈം സീനില്‍ കൊണ്ടുപോയി ഇട്ടിട്ട്, അതെടുപ്പിച്ച്, ഡി എന്‍ എ ടെസ്റ്റു നടത്തി തെളിവുണ്ടാക്കി പ്രതിയെ കോടതിയില്‍ പൂട്ടും എന്നാണു കേട്ടിട്ടുള്ളത്. സിനിമയായതുകൊണ്ട് പോലീസിന് അതൊന്നും ചെയ്യാന്‍ പറ്റില്ല, കഥാപാത്രങ്ങള്‍ക്ക് എന്ത് അത്ഭുതം വേണമെങ്കിലും ചെയ്യുകയുമാകാം. കഥ എപ്പോഴും കഥ തന്നെ, ചോദ്യങ്ങള്‍ പാടില്ല.
ഭയാനകമായ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും മനസ്സാന്നിധ്യം കൈവിടാതെ പ്രതിയെ ഓര്‍മ്മവച്ചു വിവരിച്ചുകൊടുത്ത യുവതിയും അത് ആവിഷ്‌കരിച്ച ചിത്രകാരനുമാണ് ഈ സിനിമയിലെ നായകസ്ഥാനത്തു വരുന്നത്. വനിതാപ്രോസിക്യൂട്ടറും പിന്തുണയുമായി കൂടെയുള്ള യുവതിയുടെ ഭര്‍ത്താവും പ്രതിഭാഗം അഭിഭാഷകനുമെല്ലാം നല്ല കഥാപാത്രസൃഷ്ടികളാണ്.

ഈ പോരാട്ടത്തില്‍ തനിക്കൊപ്പം നിന്നു വിജയിപ്പിച്ച ചിത്രകാരനെ തന്റെ കൈകള്‍ കൊണ്ടു കണ്ട്, ആ മുഖം ഹൃദയത്തില്‍ പതിപ്പിച്ച്, നന്ദി പറഞ്ഞ്, തന്റെ പങ്കാളിക്കൊപ്പം പുതിയൊരു ജീവിതത്തിലേക്ക് നടന്നു പോകുകയാണ് ഒടുവില്‍ ആ യുവതി.

 

Tags