ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലും, സ്‌കോറും, വിജയിയേയും മാസങ്ങള്‍ക്കുമുന്‍പേ പ്രവചിച്ചു
അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടാനിരിക്കെ മാസങ്ങള്‍ക്ക് മുന്‍പേ നടത്തിയ ഒരു പ്രവചനം ഇപ്പോള്‍ വൈറലാവുകയാണ്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ആണ് കഴിഞ്ഞ ഐപിഎല്ലിനിടെ ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍ പ്രവചിച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയ ജയിക്കുമെന്നും മാര്‍ഷ് പറയുകയുണ്ടായി.
ഫൈനലില്‍ ഓസ്ട്രേലിയ 450/2 സ്‌കോര്‍ ചെയ്യുമെന്നും ഇന്ത്യയെ 65ന് പുറത്താക്കി കിരീടം ഉയര്‍ത്തുമെന്നുമാണ് മാര്‍ഷിന്റെ പ്രവചനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവില്‍ ഓസ്ട്രേലിയ ഫൈനലില്‍ കടന്നതോടെ മാര്‍ഷിന്റെ പ്രവചനങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമായി. 2023 മെയ് മാസത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പോഡ്കാസ്റ്റില്‍ മാര്‍ഷ് പറഞ്ഞ കാര്യം പൂര്‍ണമായും യാഥാര്‍ത്ഥ്യമാകുമോയെന്ന് ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തോടെയറിയാം.
2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഒരു അന്താരാഷ്ട്ര കിരീടം പോലും നേടാനാകാത്ത ഇന്ത്യ ആരാധകരുടെ സ്വപ്‌നം ഇത്തവണ പൂവണിയിക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ വിജയിച്ചെത്തിയ ഓസ്ട്രേലിയന്‍ ടീമിനെതിരെയാണ് ആതിഥേയര്‍ തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്.
നാലാഴ്ച മുമ്പ് ചെന്നൈയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് ഇന്ത്യ കീഴടക്കിയിരുന്നു. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ 70 റണ്‍സിന്റെ വിജയം ഉള്‍പ്പെടെ ഇതുവരെ കളിച്ച 10 മത്സരങ്ങളിലും ജയിച്ച ഇന്ത്യ ടൂര്‍ണമെന്റില്‍ തോല്‍വി അറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ രോഹിത് ശര്‍മയും സംഘവും ഇന്ത്യയ്ക്ക് കിരീടം നേടിത്തരുമെന്ന് ആരാധകര്‍ സ്വപ്‌നം കാണുന്നു.