ഓടകളിലും തോടുകളിലുമെല്ലാം ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍, വലിച്ചെറിയുന്നത് നമ്മള്‍ തന്നെ, ഒറ്റ മഴയ്ക്കു മുങ്ങുന്ന കൊച്ചി ചതുപ്പില്‍ പടുത്തുയര്‍ത്തിയത്

Kochi

കൊച്ചി: ഒറ്റ മഴകൊണ്ട് മുങ്ങുന്ന നഗരമായി കൊച്ചി മാറിക്കൊണ്ടിരിക്കുകയാണെന്ന് സമീപകാലത്ത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കനത്ത മഴയൊന്ന് പെയ്താല്‍ കൊച്ചിയിലെ പല ഭാഗത്തും കനത്ത വെള്ളക്കെട്ടാണ്. വീടുകളിലും മറ്റും അഴുക്കുവെള്ളം കുത്തിയൊലിച്ചെത്തുന്നതിനാല്‍ ജനങ്ങള്‍ മാറി താമസിക്കാന്‍ നിര്‍ബന്ധിതമാകുന്നു. ചുറ്റിലും ഉയരുന്ന ഫ് ളാറ്റുകളും വീടുകളും ഷോപ്പിങ് കോപ്ലക്‌സുകളുമെല്ലാം വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുമ്പോള്‍ മഴയൊന്നു പെയ്താല്‍ കൊച്ചി മുങ്ങുന്ന അവസ്ഥയായ മാറി.

കഴിഞ്ഞദിവസം പെയ്ത മഴയില്‍ എറണാകുളം ജില്ലയിലെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിലായി. കളമശ്ശേരി മൂലേപ്പാടം, കാക്കനാട് ഇന്‍ഫോപാര്‍ക്ക്, ഇടപ്പള്ളി, പാലാരിവട്ടം, ഇടപ്പള്ളി ടോള്‍ ജങ്ഷന്‍, ഉണിച്ചിറ, ഇടപ്പള്ളി ലുലുമാളിന് മുന്‍വശം, പോണേക്കര, ഇടപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷന്‍, ഇടപ്പള്ളിമഠം ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളും കൊച്ചി നഗരത്തിലെ ഇടറോഡുകളും വെള്ളത്തില്‍ മുങ്ങി. വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. പറവൂര്‍, അരൂര്‍, വാഴക്കുളം, പള്ളുരുത്തി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ മഴക്കെടുതി രൂക്ഷമായി.

പൊടുന്നനെ കൂടുതല്‍ മഴ പെയ്തതാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ പ്രധാന കാരണം. ചില പ്രദേശങ്ങളില്‍ നിന്നും വെള്ളം അതിവേഗം ഇറങ്ങുമ്പോള്‍ ചിലയിടങ്ങളില്‍ കെട്ടിക്കിടന്ന് ജനജീവിതം ദുരിതമയമാക്കുകയാണ്. അധികൃതരും ജനങ്ങളും ഇക്കാര്യത്തില്‍ ഒരുപോലെ കുറ്റക്കാരാണ്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓടകളിലും തോടുകളിലുമെല്ലാം ജലമൊഴിക്കിനെ തടസ്സപ്പെടുത്തുന്നത്. മാലിന്യം വലിച്ചെറിയുന്നതില്‍ ജനങ്ങള്‍ പ്രതിസ്ഥാനത്താകുമ്പോള്‍ ഇത് യഥാസമയം വൃത്തിയാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും പരാജയപ്പെടുന്നു.

ഏറ്റവും പരിസ്ഥിതി ദുര്‍ബലമായ നഗരങ്ങളിലൊന്നാണ് കൊച്ചി. ചതുപ്പില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. വെള്ളമൊഴുകിപ്പോകാറുണ്ടായിരുന്ന തോടുകളെല്ലാം മണ്ണിട്ടു മൂടിയാണ് നിര്‍മാണം. ഒപ്പം ഫ് ളാറ്റുകളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ തോടുകളില്‍ തള്ളുന്നതും വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്നു. കൊച്ചി നഗരത്തിലെ കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും കാനകളിലേക്കാണ് ഒഴുക്കുന്നത്.

കൊച്ചി നഗരം വികസിക്കുന്നതനുസരിച്ച് ഓടകളും കനാലുകളും ചെറുതാവുകയാണ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴ പെയ്യുമ്പോള്‍ ആ വെള്ളത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇപ്പോഴത്തെ ഓടകള്‍ക്കും കനാലുകള്‍ക്കുമില്ല. വീതിയും ആഴവും കൂട്ടി പുനര്‍ നിര്‍മിക്കുകയാണ് ഏകമാര്‍ഗം.

Tags