തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അത്ഭുതക്കിണർ
തളിപ്പറമ്പ് : ഭക്തിയും വിശ്വാസവും പാരമ്പര്യ അറിവുകളും ഒന്നായി സംഗമിക്കുന്ന അപൂർവ സ്ഥാനങ്ങളാണ് നമ്മുടെ ക്ഷേത്രങ്ങൾ. കാലത്തിനൊത്ത് ജീവിതം ഭൗതീകതയുടെ പാതയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ, നമ്മുടെ മുൻഗാമികൾ കൈമാറിയ പല പാരമ്പര്യ അറിവുകളും ഇന്ന് മറവിയിലാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.അത്തരത്തിൽ ഏറെ കൗതുകവും വിശ്വാസവും നിറഞ്ഞ ഒന്നാണ് തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണിക്കിണർ.വർഷങ്ങൾക്കു മുമ്പ് സ്ത്രീകളിലെ സ്തനജന്യ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കാൻ ഈ കിണറ്റിലെ ജലം ഉപയോഗിച്ചിരുന്നുവെന്ന വിശ്വാസവും അനുഭവസാക്ഷ്യങ്ങളും ഇന്നും നാട്ടുകാരുടെ ഓർമ്മകളിൽ നിലനിൽക്കുന്നു.
tRootC1469263">കേരളത്തിന്റെ പാരമ്പര്യവും ആത്മീയതയും ചേർന്നുനിൽക്കുന്ന പ്രശസ്ത ക്ഷേത്രങ്ങളിലൊന്നാണ് തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രം.
കണ്ണൂർ ജില്ലയിലെ ഈ പുരാതന ക്ഷേത്രം ഭക്തർക്കു ദൈവാനുഗ്രഹത്തിന്റെ കേന്ദ്രമായതോടൊപ്പം നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും ചേർന്ന ഒരു പുണ്യസ്ഥാനവുമാണ്.

ക്ഷേത്രത്തിനകത്ത് അധികം ആളുകളുടെ ശ്രദ്ധയിൽപെടാതെ നിലകൊള്ളുന്ന ഒരു പ്രത്യേക സ്ഥലം ഉണ്ട് — മണിക്കിണർ.
നിത്യ സന്ദർശകരായ ഭക്തജനങ്ങൾക്കു പോലും ക്ഷേത്രത്തിൽ മണിക്കിണർ ഉണ്ടെന്ന കാര്യം അറിയാറില്ല.
ബലിക്കൽപ്പുര കടന്ന് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുമ്പോൾ വലിയമ്പലമായ കാവൽമാടത്തിന്റെ തെക്കുഭാഗത്താണ് ഈ കിണർ സ്ഥിതിചെയ്യുന്നത്.പുറമേ നോക്കുമ്പോൾ സാധാരണ കിണറെന്ന പോലെ തോന്നുമെങ്കിലും, നാട്ടുകാരുടെ വിശ്വാസങ്ങളിലും പാരമ്പര്യ അറിവുകളിലും ഇത് ഏറെ പ്രാധാന്യമുള്ളതാണ്.

വർഷങ്ങൾക്കു മുൻപുവരെ സ്ത്രീകളിൽ കാണപ്പെട്ടിരുന്ന ചില സ്തനജന്യ രോഗങ്ങൾക്ക് ഈ കിണറ്റിലെ ജലം ഉപയോഗിച്ച് ആശ്വാസം ലഭിച്ചതായി മുതിർന്ന തലമുറയിലെ സ്ത്രീകൾ പറയുന്നുണ്ട്.ക്ഷേത്ര പൂജാവിധികളോ പ്രത്യേക മന്ത്രചടങ്ങുകളോ ഒന്നും തന്നെ ഇല്ലാതെ, ഈ കിണറ്റിലെ ജലം ചികിത്സക്കായി ഉപയോഗിക്കുകയായിരുന്നു പതിവ്.അതിലൂടെ പലർക്കും രോഗശമനം ലഭിച്ചതായും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും നിരവധി അനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുന്നു.
മുലപ്പാൽ കുറഞ്ഞ സ്ത്രീകൾക്കും ഈ കിണറ്റിലെ ജലം ഉപയോഗിച്ചതിനുശേഷം മുലപ്പാൽ വർധിച്ചുവെന്ന വിശ്വാസവും നാട്ടുകാർക്കിടയിലുണ്ട് .
ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്ന മുതിർന്ന തലമുറയിലെ സ്ത്രീകൾ പലരും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

ഈ വിശ്വാസത്തിന് പിന്നിൽ ഒരു ഐതിഹ്യവും പറയപ്പെടുന്നുണ്ട് .ശ്രീകൃഷ്ണ മാതാവായ ദേവകി മുല കഴുകിയത് ഈ ജലത്തിലാണ് എന്നാണ് സങ്കല്പം. ഈ ഐതിഹ്യവും അനുഭവങ്ങളും ചേർന്നാണ് മണിക്കിണറിനെ ചുറ്റിപ്പറ്റിയ വിശ്വാസം രൂപപ്പെട്ടത്.അതിനാൽ തന്നെ ഈ കിണർ ഭക്തജനങ്ങളുടെ ആത്മീയതയിലും വിശ്വാസങ്ങളിലും പ്രത്യേക സ്ഥാനമാണ് നേടിയത്.
.jpg)


