നാണക്കേട് തോന്നുന്നില്ലേ, വിലകൂടിയ കണ്ണടവാങ്ങാന്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ കൈയ്യിട്ടുവാരുന്നത് ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ നിര്‍ത്തണം

google news
R Bindu

തിരുവനന്തപുരം: ജനപ്രതിനിധി ആയിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കഴിയുന്നത്രയും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നവരാണ് കേരളത്തിലെ എംഎല്‍എമാര്‍. ഭരണ പ്രതിപക്ഷ ഭേദമന്യേ തങ്ങളുടെ ആനുകൂല്യം നേടിയെടുക്കാന്‍ ഇവര്‍ കാണിക്കുന്ന ശുഷ്‌കാന്തി ജനങ്ങളുടെ കാര്യത്തില്‍ പോലുമുണ്ടാകാറില്ല. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ജനപ്രതിനിധികള്‍ക്ക് നല്‍കുന്ന അനര്‍ഹമായ ആനുകൂല്യങ്ങളുടെ കണക്കെടുത്താന്‍ അമ്പരന്നുപോകും.

മന്ത്രി ആര്‍ ബിന്ദു ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ തങ്ങളുടെ കണ്ണടയ്ക്ക് ചെലവഴിച്ച തുക സര്‍ക്കാരില്‍ നിന്നും എഴുതി വാങ്ങിയ വാര്‍ത്ത ജനപ്രതിനിധികളുടെ ആര്‍ഭാഡ ജീവിതത്വര ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ്. ദരിദ്രര്‍ ക്ഷേമ പെന്‍ഷന്‍ കിട്ടാതെ പ്രതിധേഷവുമായി തെരുവിലിറങ്ങിയ ദിവസം തന്നെയാണ് കണ്ണടയ്ക്കായി 30,000 രൂപയിലധികം എഴുതിവാങ്ങിയ എംഎല്‍എമാരുടെ വിവരവും പുറത്തുവരുന്നത്.

മന്ത്രി ബിന്ദു 30,500 രൂപയുടെ കണ്ണട വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി കെഎസ് യുവും മഹിളാ കോണ്‍ഗ്രസും പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെ ചട്ടപ്രകാരമാണ് കണ്ണട വാങ്ങിയതെന്നും യുഡിഎഫ് എംഎല്‍എമാരും ഈ രീതിയില്‍ പണം എഴുതിയെടുത്തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ 35,842 രൂപയും ടി ജെ വിനോദ് 31,600 രൂപയും കണ്ണടക്കായി വാങ്ങിയിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തുകയും ചെയ്തു.

മാത്യു കുഴല്‍നാടന്‍ 27,700, പി.ഉബൈദുള്ള 25,950, മഞ്ഞളാംകുഴി അലി 29,400, സണ്ണി ജോസഫ് 23,500, ആബിദ് ഹുസ്സൈന്‍ തങ്ങള്‍ 26,800 എന്നിവരും വിലകൂടിയ കണ്ണടയാണ് വാങ്ങിയത്. കണ്ണടവാങ്ങിയാല്‍ തുക കൈപ്പറ്റാനുള്ള ചട്ടം മുതലെടുത്ത് എംഎല്‍എമാര്‍ ഈ രീതിയില്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ 29,000 രൂപയുടെയും സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണന്‍ 49,900 രൂപയുടെയും കണ്ണട വാങ്ങിയതും വിവാദമായിരുന്നു.

സൗജന്യങ്ങള്‍ കൂടാതെ എംഎല്‍എമാര്‍ക്ക് ശമ്പളവും അലവന്‍സുമൊക്കെയായി ഒരു ലക്ഷത്തോളം രൂപ ലഭിക്കുന്നുണ്ട്. ഇത്രയും തുക പ്രതിമാസം ലഭിച്ചിട്ടും സ്വകാര്യ ആവശ്യങ്ങള്‍ക്കുപോലും ജനപ്രതിനിധികള്‍ ഖജനാവില്‍ കൈയ്യിടുന്നത് എന്തിനാണെന്ന് ജനങ്ങള്‍ ചോദിക്കുന്നു. പൊതുപ്രവര്‍ത്തനം പണമുണ്ടാക്കാനും ആഡംബര ജീവിതത്തിനുമായുള്ള മാര്‍ഗമായാണ് ഇവരില്‍ ഭൂരിപക്ഷവും കരുതുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം പോലുള്ള സംസ്ഥാനത്ത് ജനപ്രതിനിധികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി സര്‍ക്കാര്‍ ധൂര്‍ത്ത് ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവര്‍ ചൂണ്ടിക്കാട്ടി.

Tags