അമിത് ഷായെ പിണക്കിയാല്‍ കേന്ദ്ര ഫണ്ട് മുടങ്ങും, മന്ത്രി ജനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തത് കോണ്‍ഗ്രസിന് നാണക്കേട്
അമിത് ഷായെ കരിങ്കൊടി കാണിക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയിലാണെന്നും, മന്ത്രി എന്ന പദവിയില്‍ അത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നതിനാല്‍ ഓഫീസ് നിര്‍ദേശപ്രകാരം നീക്കിയതാണെന്നുമാണ് ജനീഷിന്റെ വിശദീകരണം.
തിരുവനന്തപുരം: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ. ജനീഷ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ശേഷം പിന്‍വലിച്ച സംഭവം നാണക്കേടായി.
അമിത് ഷായെ കരിങ്കൊടി കാണിക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയിലാണെന്നും, മന്ത്രി എന്ന പദവിയില്‍ അത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നതിനാല്‍ ഓഫീസ് നിര്‍ദേശപ്രകാരം നീക്കിയതാണെന്നുമാണ് ജനീഷിന്റെ വിശദീകരണം.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദേശമനുസരിച്ചാണ് ജനീഷ് പോസ്റ്റ് നീക്കിയതെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷവും ഇടത് അനുകൂല സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ബിജെപിയുമായുള്ള ഒത്തുകളിയാണ് വ്യക്തമാകുന്നതെന്ന് ആരോപിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ തീരുമാനിച്ച പ്രതിഷേധമാണ് കേരളത്തിലും നടന്നത്. സംസ്ഥാന അധ്യക്ഷന്‍ തന്നെ അതിനെ പിന്തുണച്ച് പോസ്റ്റ് ചെയ്ത ശേഷം പിന്‍വലിക്കുക എന്നത് സംഘടനാപരമായ ധൈര്യക്കേടാണ്. മന്ത്രി പദവി വഹിക്കുന്നതുകൊണ്ട് തെറ്റിദ്ധാരണയുണ്ടാകുമെന്ന വാദം അസംബന്ധമാണ്. യുഡിഎഫ് സര്‍ക്കാരില്‍ ഇരിക്കുമ്പോള്‍ കേന്ദ്രത്തോടും ബിജെപിയോടും വിമര്‍ശനാത്മക നിലപാട് എടുക്കാന്‍ കഴിയില്ലെങ്കില്‍, ആ മന്ത്രിപദവിയുടെ അര്‍ത്ഥമെന്താണ്.
അമിത് ഷായെ പിണക്കിയാല്‍ കേന്ദ്ര ഫണ്ട് കിട്ടില്ലെന്ന ഭയമാണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് ചിലര്‍ സംശയിക്കുന്നത്. കേരളത്തിന് കേന്ദ്രത്തില്‍ നിന്നുള്ള ധനസഹായവും പദ്ധതികളും നിര്‍ണായകമാണ്. അമിത് ഷാ പോലുള്ള ശക്തനായ കേന്ദ്ര മന്ത്രിയെ വിമര്‍ശിക്കുന്ന പോസ്റ്റ് നിലനിര്‍ത്തിയാല്‍ ഡല്‍ഹിയിലെ ബന്ധങ്ങള്‍ തകരുമെന്നും ഫണ്ട് ഒഴുക്ക് തടസ്സപ്പെടുമെന്നുമുള്ള ആശങ്കയാണ് ഈ തീരുമാനത്തിന് പിന്നില്‍. ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കുന്നതില്‍ യുഡിഎഫ് നേതൃത്വം കാണിക്കുന്ന ജാഗ്രത, സംഘപരിവാറിന് അനുകൂലമായ നിലപാടായി വ്യാഖ്യാനിക്കപ്പെടുന്നത് സ്വാഭാവികമാണ്.
കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അമിത് ഷായുടെ നയങ്ങളെ ജമ്മു-കശ്മീര്‍, പൗരത്വ നിയമം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍തുറന്ന് വിമര്‍ശിക്കാറുണ്ട്. എന്നാല്‍, അധികാരത്തിലിരിക്കുമ്പോള്‍ ആ വിമര്‍ശനം ദുര്‍ബലമാവുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ കരിങ്കൊടി കാണിക്കുമ്പോള്‍, അവരുടെ സംസ്ഥാന അധ്യക്ഷന്‍ അതിനെ സ്വന്തം പേജില്‍ നിന്ന് മുക്കുന്നത് യുവാക്കളോടുള്ള വഞ്ചനയാണ്.
കേന്ദ്രത്തോടുള്ള മൃദുത്വം, സംഘപരിവാര്‍ വിഷയങ്ങളില്‍ ഒഴിഞ്ഞുമാറല്‍, പ്രതിഷേധങ്ങളെ പോലും സോഷ്യല്‍ മീഡിയയില്‍ നിയന്ത്രിക്കല്‍ ഇവയെല്ലാം ഒരു ഗവണ്‍മെന്റിന്റെ ധാര്‍മ്മിക ബലഹീനതയെ തുറന്നുകാണിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ധൈര്യമില്ലാത്ത ഒരു മന്ത്രിയും, അതിനെ നയിക്കാന്‍ കഴിയാത്ത ഒരു മുഖ്യമന്ത്രിയും, ഇതാണ് ഇന്നത്തെ യുഡിഎഫ് ഭരണത്തിന്റെ യാഥാര്‍ത്ഥ്യമെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു.
.jpg)

