മുഹമ്മദ് ഹനീഷിന്റെ കസേര തെറിപ്പിച്ചതും മെസി തട്ടിപ്പ് ! വിനയായത് , ഇടത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തുരത്തിയത്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: മെസി തട്ടിപ്പ് സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് മംഗളം ടിവി. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും സൂപ്പർ താരം ലയണല്‍ മെസിയെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരാറുകളില്‍ അടിമുടി ദുരൂഹതയും ഗുരുതര ഭരണഘടനാ വിരുദ്ധതയുമെന്നാണ് ചീഫ് സെക്രട്ടറി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്ന് ഈ പദ്ധതിയുടെ മുന്‍നിരയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും കായികമന്ത്രി വി. അബ്ദുറഹിമാനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും അന്നത്തെ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് സര്‍ക്കാരിന്റെയോ ഭരണത്തിന്റെയോ ഭാഗമല്ലെന്നിരിക്കെയാണ് പുറത്തുവരുന്ന അന്വേഷണ വിവരങ്ങള്‍ നിര്‍ണായകമാകുന്നത്.
മംഗളം ടിവി പുറത്ത് വിട്ട വാർത്തയുടെ വിശദാംശങ്ങൾ ചുവടെ :-
ചീഫ് സെക്രട്ടറി സര്‍വീസില്‍നിന്ന് വിരമിക്കുകയും ബാക്കിയുള്ളവര്‍ക്ക് ഭരണം നഷ്ടമാവുകയും ചെയ്തതോടെയാണ് പദ്ധതിക്കു പിന്നിലെ ഭരണകൂട ശക്തികള്‍ പൂര്‍ണ്ണമായും പുറത്തായത്. മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തയ്യാറാക്കിയ അഴിമതി കുറിപ്പ് വലിച്ചു കീറി ചവറ്റുകൊട്ടയിൽ എറിഞ്ഞ അഡീ. ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ മുൻ സർക്കാർ കായിക വകുപ്പിൽ നിന്ന് പുറത്താക്കിയ സംഭവ വികാസങ്ങളാണ് ‘ മംഗളം ടിവി’ പുറത്തു വിടുന്നത്. നാളെ ചേരുന്ന (വ്യാഴാഴ്ച) മന്ത്രിസഭാ യോഗത്തിൽ വിജിലൻസ് അന്വേഷണ പ്രഖ്യാപനം ഉണ്ടായേക്കും. മന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന ഒരു കത്തോ ഇ-മെയിലോ മാത്രം ആധാരമാക്കി തീരുമാനമെടുക്കുന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക രീതിയല്ലെന്ന് റിപ്പോര്‍ട്ട് അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു. ഏതൊരു പ്രൊപ്പോസലും സര്‍ക്കാരിന്റെ പരിഗണനയില്‍ വരുമ്പോള്‍ അത് ബന്ധപ്പെട്ട വകുപ്പില്‍ തപാല്‍ വഴിയോ കറന്റ് രജിസ്റ്റര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യപ്പെടണം. തുടര്‍ന്ന് വകുപ്പുതല ഉദ്യോഗസ്ഥര്‍ ഫയലില്‍ കൃത്യമായ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.
പദ്ധതിക്ക് സാമ്പത്തിക ബാധ്യതയോ നിയമപരമായ സങ്കീര്‍ണ്ണതകളോ ഉള്ളപക്ഷം ധനകാര്യ വകുപ്പിന്റെയും നിയമ വകുപ്പിന്റെയും മുന്‍കൂട്ടിയുള്ള അനുമതിയും പരിശോധനയും തേടേണ്ടത് നിര്‍ബന്ധമാണ്. ഇതിനുശേഷമായിരിക്കണം സര്‍ക്കാരിന്റെ പേരില്‍ ഔദ്യോഗിക കത്തുകളോ ഉത്തരവുകളോ കരാറുകളോ മുന്നോട്ടുപോകേണ്ടത്. സര്‍ക്കാരിനുവേണ്ടി പുറത്തുള്ള ഒരു കക്ഷിക്ക് ഔദ്യോഗികമായി കത്തയക്കുക എന്നത് മന്ത്രിയുടെ ഓഫീസിന്റെ മാത്രം സ്വതന്ത്രമായ പ്രവൃത്തിയല്ല. സെക്രട്ടറിയേറ്റ് ഓഫീസ് മാനുവലിലെ ഖണ്ഡിക 30 പ്രകാരം, ഫയലില്‍ യോഗ്യതയുള്ള അധികാരികള്‍ വസ്തുതകള്‍ പരിശോധിച്ചു കൃത്യമായ തീരുമാനമെടുത്തതിനു ശേഷമേ സര്‍ക്കാര്‍ ഉത്തരവ്, വിജ്ഞാപനം, അംഗീകൃത കത്തിടപാടുകള്‍ എന്നിവ പുറപ്പെടുവിക്കാന്‍ പാടുള്ളൂ.
ഒരു കത്ത് ആര് തയാറാക്കി, ഏത് ഫയല്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അയച്ചു, ആരാണ് അതിന് അംഗീകാരം നല്‍കിയത് എന്നതെല്ലാം നിയമപരമായി ഏറെ പ്രസക്തമാണ്. എന്നാല്‍ മെസി വിഷയത്തില്‍ ഇതെല്ലാം കാറ്റില്‍പ്പറത്തുകയായിരുന്നു. അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാനപരമായ നിയമ-സാമ്പത്തിക സുരക്ഷാ മുന്‍കരുതലുകളോ സര്‍ക്കാരിലെ ആഭ്യന്തര പരിശോധനകളോ ഇല്ലാതെയാണ് ഈ പദ്ധതി കൈകാര്യം ചെയ്തതെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഉള്‍ക്കൊള്ളാതെ, വെറുമൊരു സാധാരണ കായിക പ്രകടനത്തിനോ വിനോദ പരിപാടിക്കോ അനുമതി നല്‍കുന്ന ലളിതമായ രീതിയിലാണ് വകുപ്പ് കാര്യങ്ങളെ സമീപിച്ചത്.
എഎഫ്എ (AFA), ഫിഫ (FIFA), അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF) എന്നിവയുടെ നിയമപരമായ അനുമതികള്‍ ആവശ്യമായ ഒന്നായിരുന്നു ഇത്. സങ്കീര്‍ണ്ണമായ അന്താരാഷ്ട്ര കരാറുകള്‍, വിദേശനാണയ വിനിമയ അനുമതികള്‍, കസ്റ്റംസ് ഡ്യൂട്ടിയും ജിഎസ്ടിയും ഉള്‍പ്പെടുന്ന നികുതി ബാധ്യതകള്‍, സ്റ്റേഡിയം നിര്‍മ്മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി താക്കാല്‍ അടിസ്ഥാനത്തില്‍ കൈമാറല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്രയും വലിയൊരു പദ്ധതിക്ക് സര്‍ക്കാരിന്റെ കായിക, ധനകാര്യ, നിയമ വകുപ്പുകളുടെ ഏകോപനവും പരിശോധനയും അത്യന്താപേക്ഷിതമായിരുന്നുവെങ്കിലും അതുണ്ടായില്ല.
കേരള സെക്രട്ടറിയേറ്റ് ഓഫീസ് മാന്വല്‍ പ്രകാരമുള്ള വകുപ്പുതല പരിശോധനകളോ ധനകാര്യ വകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോ നിയമ വകുപ്പിന്റെ ലീഗല്‍ സ്‌ക്രൂട്ടിനിയോ നടന്നിട്ടില്ല. സ്റ്റോര്‍സ് പര്‍ച്ചേസ് ചട്ടങ്ങളും ട്രഷറി കോഡുകളും നിഷ്‌കരുണം ലംഘിക്കപ്പെടുകയായിരുന്നു.സ്വകാര്യ വ്യക്തികളില്‍നിന്നും കമ്പനികളില്‍നിന്നും ലഭിച്ച പ്രൊപ്പോസലുകള്‍, മന്ത്രിതല കത്തിടപാടുകള്‍, കരട് രേഖകള്‍, സ്‌പോണ്‍സര്‍മാരുടെ നിവേദനങ്ങള്‍, ഉന്നതതല യോഗങ്ങളിലെ തീരുമാനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കാര്യങ്ങള്‍ മുന്നോട്ടുപോയത്. റൂള്‍സ് ഓഫ് ബിസിനസ്സ് അനുസരിച്ച് ഇത്തരം വലിയ സാമ്പത്തിക കരാറുകള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥതല പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെങ്കിലും ഇവിടെ ഉദ്യോഗസ്ഥരെ ഇരുട്ടില്‍ നിര്‍ത്തി മന്ത്രിതലത്തിലാണ് തീരുമാനങ്ങളെടുത്തത്.
തപാല്‍ ആയി രജിസ്റ്റര്‍ ചെയ്യാതെ സ്വകാര്യ പ്രൊപ്പോസലുകള്‍ നേരിട്ട് പരിഗണിച്ചതും റൂള്‍സ് ഓഫ് ബിസിനസ്സിന്റെ ലംഘനമാണ്. സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയും നിയമപരമായ നഷ്ടങ്ങളും ഉണ്ടാക്കുന്ന രീതിയിലായിരുന്നു മുഴുവന്‍ ഫയല്‍ നീക്കങ്ങളും നടത്തിയത്. വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്‍കരുതല്‍ കുറിപ്പുകള്‍ പോലും അവഗണിച്ചാണ് പദ്ധതി തിടുക്കത്തില്‍ മുന്നോട്ട് കൊണ്ടുപോയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കൂടാതെ, അര്‍ജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരവിനിമയങ്ങളെല്ലാം മന്ത്രിയുടെ ഔദ്യോഗിക ഇമെയില്‍ അക്കൗണ്ട് വഴി ഉദ്യോഗസ്ഥര്‍ അറിയാതെയാണ് നടന്നത്.
2022 മുതല്‍ ഇത്തരം വിനിമയങ്ങള്‍ നടന്നിരുന്നുവെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം 18.03.2024-ല്‍ മാത്രമാണ് വകുപ്പിലെ ഫയലിലേക്ക് വിവരങ്ങള്‍ എത്തുന്നത്. സ്‌പോണ്‍സര്‍മാരുടെ തെരഞ്ഞെടുപ്പ്, വിദേശ വിനിമയത്തിനുള്ള സഹായങ്ങള്‍, സ്റ്റേഡിയം ക്രമീകരണങ്ങള്‍ എന്നിവയെല്ലാം മന്ത്രിതലത്തിലുള്ള ഇമെയില്‍ വിനിമയങ്ങളിലൂടെ മാത്രം കൈകാര്യം ചെയ്യുകയായിരുന്നു. അര്‍ജന്റീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായ പാബ്ലോ ജെ. ഡയസുമായി നിരന്തരം സന്ദേശങ്ങള്‍ അയച്ചുവെങ്കിലും ഇവയ്‌ക്കൊന്നിനും നിയമപരമായ സാധുതയോ കരാര്‍ ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ല.
മന്ത്രിയുടെ ഔദ്യോഗിക ഇമെയിലില്‍ നിന്നും അയച്ച പല സന്ദേശങ്ങളിലും പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ ഉണ്ടായിരുന്നു. കാര്യങ്ങളില്‍ ധാരണയിലെത്തി എന്ന് അവകാശപ്പെടുമ്പോഴും പണമടയ്‌ക്കേണ്ട രീതിയെക്കുറിച്ച് അന്വേഷിക്കുകയാണ് ചെയ്തത്. വകുപ്പുതല അനുമതികളോ ധനകാര്യ വെറ്റിംഗോ ഇല്ലാതെ വിദേശ ബോഡിയുമായി ഔദ്യോഗിക വിനിമയം നടത്തിയത് ഗുരുതരമായ ഭരണഘടനാ ലംഘനമാണ്.
ഡ്രാഫ്റ്റ് അഗ്രിമെന്റ് കൃത്യമായി പരിശോധിക്കുക പോലും ചെയ്യാതെ അതിന്മേല്‍ അനുമതിയുണ്ടെന്ന് കാട്ടി അര്‍ജന്റീന അസോസിയേഷന് സന്ദേശമയച്ചതും റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലായി മാറി. വ്യവസ്ഥാപിത ഭരണസംവിധാനങ്ങളെയും ചട്ടങ്ങളെയും തകിടം മറിച്ചുകൊണ്ട് നടത്തിയ ഇത്തരം അനാവശ്യ നീക്കങ്ങളാണ് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടാന്‍ ഇടയാക്കിയത്. വന്‍ നിയമപോരാട്ടങ്ങള്‍ക്കും സാമ്പത്തിക ബാധ്യതകള്‍ക്കും വഴിതുറന്ന ഇത്തരമൊരു ഭീമമായ പ്രൊജക്റ്റ് വ്യക്തമായ അനുമതിയില്ലാതെ മുന്നോട്ട് കൊണ്ടുപോയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശമുണ്ട്.
.jpg)

