മെലഡി മാന്ത്രികൻ ഹാരീസ് ജയരാജ്

haris
haris

ഹരികൃഷ്ണൻ . ആർ

തെന്നിന്ത്യൻ സിനിമാ സംഗീതത്തെ വിപണന മൂല്യമുള്ള സംഗീതമായി ചരിത്രം മാറ്റിയെഴുതിയ സംഗീത സംവിധായകരിൽ പ്രമുഖനാണ് ഹാരീസ് ജയരാജ് .തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗാനങ്ങളെ ലോക നിലവാരമുള്ള സംഗീതങ്ങളുടെ ശ്രേണിയിൽ ഇടം പിടിക്കാൻ സിനിമ സംഗീത മേഖലയിൽ അഹോരാത്രം പണിയെടുത്തവൻ .
സംഗീതമെന്നാൽ വാണിജ്യ സിനിമകളാണെന്ന് ചെന്നൈ നഗരത്തെ പഠിപ്പിച്ചവൻ അതായിരുന്നു ഹാരീസ് ജയരാജ് എന്ന കലാകാരൻ . പ്രേക്ഷകരുടെ സ്വപ്നങ്ങളെ അവർ കേൾക്കാൻ കൊതിക്കുന്ന ഈണങ്ങളെ , താളങ്ങളെ സംഗീതം എന്ന മായാ പ്രപഞ്ചത്തിലേക്ക് ഏറെ അടുപ്പിച്ച ഒരു സംഗീത മാന്ത്രികൻ അതാണ് ഹാരീസ് ജയരാജ് എന്നും .

തൻ്റെ സംഗീതത്തിലൂടെ ഹോളിവുഡ് സംഗീതജ്ഞരെ പോലും അദ്ഭുതത്തിലേക്ക് തള്ളി വീഴ്ത്തിയ ഈ സംഗീതജ്ഞൻ്റെ ഈണങ്ങൾ എന്നും കേൾവിക്കാരെ ഹരം കൊള്ളിച്ച് മുന്നേറുന്നവയായിരുന്നു . തൻ്റെ സംഗീത കൊടുങ്കാറ്റിൽ അടിപതറാത്ത ഒരു സംഗീത പ്രേക്ഷകനും ഇന്ന് തെന്നിന്ത്യയിൽ ഇല്ലെന്നു തന്നെ പറയാം അതായിരുന്നു  ഹാരീസ് ജയരാജ് തീർത്ത സംഗീത തിരമാല . ഒന്നിനു പുറകെ ഒന്നായി മഴ തുള്ളികൾ ഇരമ്പി മണ്ണിലേക്ക് പെയ്തിറങ്ങും പോലെയായിരുന്നു ഹാരീസ് ജയരാജ് ഈണമിട്ട ഗാനങ്ങൾ തെന്നിന്ത്യയെ ഇളക്കി മറിച്ചത് . അദ്ദേഹത്തിൻ്റെ അനശ്വര ഗാനങ്ങളിൽ നിന്ന് ഓടി ഒളിക്കാൻ ആർക്കാണാവുക .

haris

മിന്നലെ എന്ന ചിത്രത്തിൽ അദ്ദേഹം വിരൽ ചേർത്ത  മെലോഡിക് ഈണമായ  വസീഗര എന്ന ഗാനം കാമുകി കാമുക മനസ്സുകളുടെ ലോല വികാരങ്ങളെ  അന്നും ഇന്നും പ്രേമപൂജ ചെയ്ത് ഒന്നാവാൻ പ്രേരിപ്പിക്കുന്നു . അതുപോലെ തന്നെ കൗമാര കാലത്തെ പ്രണയ നഷ്ടത്തെ ഒരു ആഘാതമായി കൂടെ നിർത്തുന്ന അവൾ എന്നെ എന്നെ തേടി വന്ത അഞ്ച ലൈ എന്ന ഗാനം നമ്മെയൊക്കെ ആർദ്രമായ നോവുകളിലേക്ക് പിറകെ നടത്തുന്നു .

വിഷാദ മധുരം തുളുമ്പുന്ന ഗാനമൊരുക്കാൻ ഹാരീസ് ജയരാജ് എന്നും മുൻപിൽ തന്നെ എന്ന് ഓർമ്മിക്കുന്ന ഒരു ഗാനമായിരുന്നു ഉനക്കെന്ന വേണം സൊല്ലു ഉലകത്ത കാട്ട സൊല്ലു എന്നു തുടങ്ങുന്ന ഗാനം . അപ്രതീക്ഷിതമായ ഒരു തിരിച്ചറിവിൻ്റെയും സ്നേഹിച്ചു തുടങ്ങലിനെയും ഓർമ്മപ്പെടുത്തുന്ന നെഞ്ചുക്കുൾ പെയ്തിടുമെന്ന കാലം കമിതാക്കളിൽ എന്നും ഒരു സ്നേഹത്തിൽ തുടങ്ങി  മതിഭ്രമം വരെ നീളുന്ന ഒരു യുഗ്മ ഗാനമായി ഇന്നും നില കൊള്ളുന്നു .

അതു പോലെ തന്നെ  ഗജനിയിലെ സുട്രും വിഴി സുട രൈ എന്ന ഗാനവും , വേട്ടയാട് വിളയാടിലെ പാർത്ത മുതൽ നാളിൽ എന്ന ഗാനവും അനുഭവിച്ചറിഞ്ഞവർക്ക് ആത്മ സംതൃപ്തി ഏറെയായിരുന്നു . അന്യൻ എന്ന ചിത്രത്തിന് വേണ്ടി ഈണമിട്ട അയ്യങ്കാറ് വീട്ട് അഴകെ എന്ന ഗാനം ഒരിക്കൽ പോലും മൂളാത്തവരായി ആരുമില്ലെന്ന് തന്നെ പറയാം .

ചുരുക്കത്തിൽ ആരും കേൾക്കാൻ കൊതിക്കുന്ന ഈണങ്ങളെ സംഗീതത്തിൻ്റെ വ്യത്യസ്ത ജോണർ തിരഞ്ഞെടുത്ത് ഈണങ്ങൾ തീർക്കുന്ന ഹാരീസ് ജയരാജ് നിങ്ങൾ എന്നും തെന്നിന്ത്യൻ  സിനിമാ ലോകത്തെ മെലഡികളുടെ രാജാവാണ് .

Tags