കോണ്‍ഗ്രസ് നേതാക്കള്‍ പണം പിരിച്ച് മുക്കിയതായി സംശയം, 8 ലക്ഷം രൂപ നല്‍കിയതായി അരിത ബാബു, തനിക്ക് കിട്ടിയില്ലെന്ന് വനിതാ നേതാവ്

Megha Ranjith Aritha Babu
Megha Ranjith Aritha Babu

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരിത പണം നല്‍കിയത് വെളിപ്പെടുത്തിയത്. എന്നാല്‍, തനിക്ക് കിട്ടിയില്ലെന്ന് മേഘ തുറന്നുപറഞ്ഞതോടെ നേതാക്കള്‍ പണം മുക്കിയതായാണ് അഭ്യൂഹം.

ആലപ്പുഴ: പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു കഴിയുന്ന സഹപ്രവര്‍ത്തകയ്ക്ക് ചികിത്സാച്ചെലവിനായി പണപ്പിരിവിലൂടെ എട്ടുലക്ഷം രൂപ നല്‍കിയെന്ന കോണ്‍ഗ്രസ് നേതാവ് അരിത ബാബുവിന്റെ വെളിപ്പെടുത്തതിനെതിരെ വനിതാ നേതാവ് മേഘ രഞ്ജിത്ത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരിത പണം നല്‍കിയത് വെളിപ്പെടുത്തിയത്. എന്നാല്‍, തനിക്ക് കിട്ടിയില്ലെന്ന് മേഘ തുറന്നുപറഞ്ഞതോടെ നേതാക്കള്‍ പണം മുക്കിയതായാണ് അഭ്യൂഹം.

പരിക്കേറ്റ് ചികിത്സയിലായതോടെ മേഘ ജോലി ചെയ്യാനും ജീവിതച്ചെലവ് കണ്ടെത്താനും ബുദ്ധിമുട്ടിയിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് സഹായിച്ചെന്നാണ് അരിത പറയുന്നത്. എന്നാല്‍, ഈ പറഞ്ഞ തുക തനിക്ക് കൈമാറാതെ ഇടയ്ക്കുനിന്ന് ആരാണ് കൈപ്പറ്റിയത് അതുകൂടി പരസ്യമായി പറയണം. ഞാനും കൂടി അറിയണമല്ലോ എന്റെ എന്റെ പേരില്‍ വലിയൊരു തുക കൈപ്പറ്റിയത് എന്ന് മേഘ അരിതയോട് പറഞ്ഞു.

സംഭവം വിവാദമായതോടെ പാര്‍ട്ടിയും പ്രവര്‍ത്തകരും മേഘയ്ക്കെതിരേ തിരിയുകയുംചെയ്തു. എട്ടു ലക്ഷം രൂപ നല്‍കിയതായി അരിത ഇതിനു മുന്‍പും പലയിടങ്ങളിലും പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അത് ലഭിച്ചിട്ടില്ലെന്നുമാണ് മേഘ നേതാക്കളോട് വിശദീകരിച്ചത്. 2024 ജനുവരി 15-ന് ആലപ്പുഴ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജിലാണ് മേഘയ്ക്കു പരിക്കേറ്റത്.

യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീട്ടില്‍ കയറി രാത്രി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു കലക്ടറേറ്റ് മാര്‍ച്ച്. സംഭവം വലിയ ചര്‍ച്ചയായതോടെ അരിത ബാബു പറഞ്ഞ ആകെ തുകയില്‍ ഉള്ള വ്യക്തതക്കുറവാണ് കമന്റ് ഇടാന്‍ കാരണമെന്നും പാര്‍ട്ടി സഹായിച്ചിട്ടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ച് മേഘ വീണ്ടും കമന്റിട്ടു.

Tags