പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഒന്നര വയസുകാരൻ്റെ മരണത്തിൽ ഡോക്ടർമാരെ പഴിചാരി തടിയൂരാൻ മാനേജ്മെൻ്റ് അണിയറ നീക്കം, മെഡിക്കൽ ബോർഡ് രൂപീകരിച്ചു
കണ്ണൂർ :പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യയിലെ പിഴവ് മൂലം ഒന്നര വയസുകാരൻ മരണപ്പെട്ട സംഭവത്തിൽ വീഴ്ച്ച വരുത്തിയ ഡേക്ടർമാരെ പഴിചാരി ജനരോഷത്തിൽ നിന്നും തടിയൂരാൻ ആശുപത്രി മാനേജ്മെൻ്റിൻ്റെ ശ്രമമെന്ന് പരാതി. ഇതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലുടെ രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇവിടെ ജോലി ചെയ്യുന്നഡോക്ടർമാരിൽ പലരും.
ഒന്നര വയസുകാരൻ്റെ മരണത്തെ കുറിച്ചു സമഗ്രമായി അന്വേഷിക്കാൻമെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട് വിദഗ്ധരായ ഡോക്ടർമാർ ഉൾപ്പെടുന്ന പാനൽ കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിക്കും. കുട്ടിയുടെ മരണത്തിൽ ഡോക്ടർമാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്ന പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിനെ ആദ്യം ഇതേ ആശുപത്രിയിലെ പീഡിയാട്രീഷ്യനെയാണ് കാണിച്ചിരുന്നത്. എന്നാൽ പിന്നീട് പ്ലാസ്റ്റിക് സർജന്റെ അടുത്തേക്ക് മാറ്റുകയും കുട്ടി ബഹളം വെച്ചതിനെ തുടർന്ന് സർജൻ അനസ്തേഷ്യ നൽകാൻ നിർദേശിക്കുകയുമായിരുന്നു. അനസ്തേഷ്യ നൽകിയ ഉടൻ തന്നെ കുട്ടിക്ക് ഹൃദയാഘാതം (കാർഡിയാക് അറസ്റ്റ്) ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജനറൽ അനസ്തേഷ്യ നൽകാൻ പാടില്ലെന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റു രണ്ടു ഡോക്ടർമാർക്കെതിരെ കൂടി പൊലിസ് അന്വേഷണം നടത്തുന്നുണ്ട് കൊള്ള ലാഭമുണ്ടാക്കുന്നതിനായി ആശുപത്രി അധികൃതർ ബോധപൂർവം ശസ്ത്രക്രിയക്ക് നിർബന്ധിക്കുകയായിരുന്നുവെന്നാണ് കുഞ്ഞിൻ്റെ രക്ഷിതാക്കളുടെ ആരോപണം.
.jpg)

