കുടുംബശ്രീയെയും ലൈഫിനെയും തകര്‍ക്കാന്‍ ശ്രമിച്ചവരുടെ കുടിലത, വി ഡി സതീശന് അക്കമിട്ട് മറുപടി നല്‍കി എംബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് അക്കമിട്ട് മറുപടി നല്‍കി മന്ത്രി എംബി രാജേഷ്. കുടുംബശ്രീ, ലൈഫ് പദ്ധതികള്‍ക്ക് പണമില്ലെന്ന് വിമര്‍ശിക്കുന്ന പ്രതിപക്ഷം ഇവ രണ്ടിനേയും തകര്‍ക്കാന്‍ ശ്രമിച്ചവരാണെന്നും ഈ കുടിലത കേരളം തിരിച്ചറിയുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കേണ്ടുന്ന സഹസ്രകോടികള്‍ നല്‍കാതിരുന്നിട്ടും ഏതൊരു കേരളീയനും തോന്നുന്ന സ്വാഭാവിക പ്രതിഷേധം പോലും തോന്നാത്ത നിലയില്‍ പ്രതിപക്ഷ നേതാവ് മാറിപ്പോയി. കേന്ദ്രത്തിന്റെ നാവായി നിന്നുപോലും കേരളത്തെ ദുര്‍ബലപ്പെടുത്താനുള്ള ഈ ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
പ്രതിപക്ഷ നേതാവിനുള്ള മറുപടി
എന്ത് പരിഹാസ്യമായ നിലപാടാണ് പ്രതിപക്ഷനേതാവ് മുന്നോട്ടുവെക്കുന്നത്. ആരുടെ നാവായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്? കേരളത്തിന് അവകാശപ്പെട്ട 57,400 കോടി രൂപ ഈ വര്‍ഷവും, 40,000 കോടി രൂപ കഴിഞ്ഞവര്‍ഷവും തടഞ്ഞുവെച്ച കേന്ദ്രസര്‍ക്കാരിനെതിരെ ഒരു വാക്ക് അദ്ദേഹം ഇതുവരെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഏതൊരു കേരളീയനും തോന്നുന്ന സ്വാഭാവിക പ്രതിഷേധം പോലും തോന്നാത്ത നിലയില്‍ അദ്ദേഹം മാറിപ്പോയി. കേന്ദ്രത്തിന്റെ നാവായി നിന്നുപോലും കേരളത്തെ ദുര്‍ബലപ്പെടുത്താനുള്ള ഈ ശ്രമങ്ങളെ പ്രതിരോധിച്ചേ മതിയാകൂ. അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചവരും, കുടുംബശ്രീയെ തകര്‍ക്കാന്‍ ജനശ്രീ കൊണ്ടുവന്നവരും ഇപ്പോള്‍ കുടുംബശ്രീയെയും ലൈഫിനെയും കുറിച്ച് കണ്ണീര്‍വാര്‍ക്കുന്നതിന് പിന്നിലെ കുടിലത കേരളം തിരിച്ചറിയുമെന്നതില്‍ സംശയമില്ല.
കുടുംബശ്രീ ജനകീയ ഹോട്ടലുകളെ സംബന്ധിച്ച്
ജനകീയ ഹോട്ടലുകളിലെ കുടിശികയെക്കുറിച്ച് ആകുലപ്പെടുന്ന പ്രതിപക്ഷനേതാവിനെ, ജനകീയ ഹോട്ടല്‍ എന്ന സങ്കല്‍പ്പം പോലും ഒന്നാം പിണറായി സര്‍ക്കാരിന്റേതാണ് എന്ന വസ്തുത ഓര്‍മ്മിപ്പിക്കട്ടെ. നാളിതുവരെ 164.71 കോടി രൂപയാണ് ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്‌സിഡി ആയി മാത്രം സര്‍ക്കാര്‍ വിതരണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 1198 ജനകീയ ഹോട്ടലുകളുടെ കാര്യമെടുത്താല്‍, ശരാശരി ഒരു ഹോട്ടലിന് 13.74 ലക്ഷം രൂപ സബ്‌സിഡി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കെട്ടിടം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കുന്നു. എല്ലാ ജനകീയ ഹോട്ടലുകള്‍ക്കും 30,000 രൂപ വര്‍ക്കിംഗ് ഗ്രാന്റ് ആയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കി. ഈ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തിയാണ് ജനകീയഹോട്ടലുകളെ സര്‍ക്കാര്‍ മുന്നോട്ടുനയിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനകീയ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചതുപോലെ ഈ സഹായം ഉറപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവിന് പറയാനാകുമോ? കുടുംബശ്രീയെ ഇല്ലാതാക്കി ജനശ്രീ സ്ഥാപിക്കാനിറങ്ങിയവര്‍ ഇത്തരത്തിലെങ്കിലും കുടുംബശ്രീ പ്രവര്‍ത്തകരെക്കുറിച്ച് ആലോചിക്കുന്നതിലുള്ള നന്ദി കൂടി അറിയിക്കട്ടെ. ജനകീയ ഹോട്ടലുകളെ സംരക്ഷിച്ചുതന്നെ മുന്നോട്ടുപോകുമെന്ന വിവരം സര്‍ക്കാരിന് വേണ്ടി അറിയിക്കുകയാണ്.
ലൈഫ് മിഷനെക്കുറിച്ച്
കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും തലയെടുപ്പോടെ തന്നെയാണ് ലൈഫ് ഭവനപദ്ധതി മുന്നോട്ടുപോകുന്നത്. നാളിതുവരെ 3,56,108 വീടുകള്‍ ലൈഫ് മിഷന്റെ ഭാഗമായി പൂര്‍ത്തിയായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിക്കിടക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വിലപിക്കുന്ന ലൈഫ് മിഷന്‍ വഴി ഈ സാമ്പത്തികവര്‍ഷം മാത്രം കരാര്‍ വെച്ച്, പണം ലഭിച്ച് വീട് നിര്‍മ്മാണം ആരംഭിച്ചവര്‍ 1,41,257 ആണ്. ഇതില്‍ 15,518 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്ന വിവരം കൂടി അറിയിക്കട്ടെ. ഓര്‍ക്കണം, 71,861 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടയിടത്താണ് ഇരട്ടിയോളം വീടുകള്‍ പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന കടുത്ത സാമ്പത്തിക ആക്രമണം, എല്ലാ പദ്ധതികളെയും പോലെ ലൈഫ് മിഷനെയും ബാധിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം മറികടന്നുകൊണ്ട് ഈ വീടുകള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാകുന്ന ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്.
പിഎംഎവൈ ഗുണഭോക്താക്കള്‍ വീടിന് മുന്നില്‍ വലിയ ബോര്‍ഡ് വെച്ചിരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തിട്ടൂരത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് ഇന്നുവരെ എന്തെങ്കിലും പറഞ്ഞതായി നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? കേരളം കൊടുക്കുന്ന 4 ലക്ഷത്തില്‍ 72,000 രൂപ മാത്രം വിഹിതം തരുന്ന ഗ്രാമീണ മേഖലയിലും കേന്ദ്രത്തിന്റെ ബോര്‍ഡ് വെക്കണമെന്നാണ് തിട്ടൂരം. മലയാളിയുടെ ആത്മാഭിമാനത്തിന് 72,000 രൂപ വിലയിട്ട കേന്ദ്രസര്‍ക്കാരിനെതിരെ ഒരക്ഷരം സംസാരിക്കാത്ത പ്രതിപക്ഷനേതാവാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ആക്ഷേപം ചൊരിയുന്നത്. ഇന്ത്യയില്‍ ഏതെങ്കിലുമൊരു സംസ്ഥാനത്ത് കേരളം ഭവനനിര്‍മ്മാണത്തിന് നല്‍കുന്ന 4 ലക്ഷത്തിന് അടുത്തെങ്കിലുമുള്ള സംഖ്യ നല്‍കുന്നുവെന്ന് തെളിയിക്കാന്‍ പ്രതിപക്ഷനേതാവിനെ വെല്ലുവിളിക്കുകയാണ്. കേരളം കൊടുക്കുന്നതിന്റെ പകുതി പോലും തുക ഒരു സംസ്ഥാനത്തും നല്‍കുന്നില്ല എന്നതാണ് വസ്തുത. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കില്‍ ഈ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് നല്‍കാന്‍ കഴിയുന്ന സ്ഥിതി വരുമായിരുന്നു. ഫണ്ട് തടഞ്ഞും, നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചും, ഏജന്‍സികളെ ഉപയോഗിച്ചും ലൈഫ് മിഷനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ലൈഫ് ഭവന പദ്ധതി മുന്നോട്ടുപോകും.
നവകേരള സദസിന് ലഭിക്കുന്ന വര്‍ധിച്ച പിന്തുണയില്‍ പ്രതിപക്ഷത്തിനുള്ള അങ്കലാപ്പ് ഇങ്ങനെ പലവിധത്തില്‍ പുറത്തുവരുന്നതാണ്. കുടുംബശ്രീ പ്രവര്‍ത്തകരും ലൈഫ് ഗുണഭോക്താക്കളുമടക്കം കേരളജനതയാകെ കൂട്ടത്തോടെ നവകേരളസദസിലെത്തും. ഇത് നേരിട്ട് കാണാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഏത് സ്വീകരണ കേന്ദ്രത്തിലേക്കും പ്രതിപക്ഷനേതാവിന് സ്വാഗതം.