തൃത്താലയിലെ വികസന സംവാദത്തിന് പരസ്യമായി വെല്ലുവിളിച്ച് എംബി രാജേഷ്, ഏറ്റെടുക്കാതെ മുങ്ങി ബല്‍റാം, സോഷ്യല്‍ മീഡിയയില്‍ പരിഹാസം

MB Rajesh VT Balram

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം.ബി. രാജേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി. ബല്‍റാമിനെ പരസ്യമായി വികസന സംവാദത്തിന് വെല്ലുവിളിച്ചെങ്കിലും മുന്‍ എംഎല്‍എ ഒഴിഞ്ഞുമാറി.

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടെ തൃത്താല മണ്ഡലത്തില്‍ രാഷ്ട്രീയ വാക്‌പോര് മുറുകുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം.ബി. രാജേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി. ബല്‍റാമിനെ പരസ്യമായി വികസന സംവാദത്തിന് വെല്ലുവിളിച്ചെങ്കിലും മുന്‍ എംഎല്‍എ ഒഴിഞ്ഞുമാറി.

വെല്ലുവിളി ഏറ്റെടുക്കാതെ ബല്‍റാം മുങ്ങി എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. 24 മണിക്കൂറിലേറെ കഴിഞ്ഞിട്ടും നേരിട്ടുള്ള മറുപടി നല്‍കാത്ത സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ബല്‍റാമിനെതിരെ പരിഹാസവും മീമുകളും വൈറലാവുകയാണ്.

തൃത്താല മണ്ഡലം കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ സീറ്റുകളിലൊന്നാണ്. 2011-ല്‍ വി.ടി. ബല്‍റാം സിപിഎം സീറ്റ് പിടിച്ചെടുക്കുയായിരുന്നു. 2016-ല്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച് വീണ്ടും ജയിച്ച ബല്‍റാം 2021-ല്‍ എം.ബി. രാജേഷിനോട് തോറ്റു. രാജേഷിന്റെ വിജയത്തോടെ തൃത്താല എല്‍ഡിഎഫിന്റെ കൈയിലായി. ഇപ്പോള്‍ 2026-ല്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് വികസന സംവാദം ചൂടുപിടിച്ചത്.

രാജേഷ് നിലവില്‍ മന്ത്രിയും സിറ്റിങ് എംഎല്‍എയുമാണ്. ബല്‍റാമിന്റെ 10 വര്‍ഷത്തെ എംഎല്‍എ കാലവും രാജേഷിന്റെ 5 വര്‍ഷത്തെ കാലവും താരതമ്യം ചെയ്യാനുള്ള വെല്ലുവിളിയാണ് വിവാദത്തിന് തിരി കൊളുത്തിയത്.

മാര്‍ച്ച് 22-ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് എം.ബി. രാജേഷ് ആദ്യം വെല്ലുവിളി ഉയര്‍ത്തിയത്. തൃത്താലയില്‍ ഞങ്ങളുടെ അഞ്ചു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി വീടുകള്‍ കയറും. ബല്‍റാമിന്റെ 10 വര്‍ഷത്തെ റിപ്പോര്‍ട്ടും തുറന്നു ചര്‍ച്ച ചെയ്യാം. വിടി ബല്‍റാമും താനും എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് അറിയണമെന്ന് രാജേഷ് പറഞ്ഞു.

മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് മാര്‍ച്ച് 23-ന് രാത്രി രാജേഷ് വീണ്ടും ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു, എവിടെ ബല്‍റാം? മറുപടി കിട്ടിയിട്ട് 24 മണിക്കൂറായി. വികസന കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണോ? ഈ വെല്ലുവിളി തൃത്താലയിലെ വികസന നേട്ടങ്ങളെ (റോഡുകള്‍, പാലങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടങ്ങിയവ) അടിസ്ഥാനമാക്കിയുള്ളതാണെന്നും രാജേഷ് വ്യക്തമാക്കി.

വെല്ലുവിളി നേരിട്ട് ഏറ്റെടുക്കാതെ ബല്‍റാം മറുപടി നല്‍കിയത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ്. പ്രതിപക്ഷ നേതാവുമായി സംവാദം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായാല്‍ തൃത്താലയിലെ സംവാദം നോക്കാം, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും 35 വര്‍ഷത്തെ ചരിത്രവും താരതമ്യം ചെയ്യണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു.

എന്നാല്‍, ഈ മറുപടിയെ എല്‍ഡിഎഫ് ക്യാമ്പ് ഒഴിവുകഴിവ് ആയി ചിത്രീകരിച്ചു. 'വെല്ലുവിളി ഏറ്റെടുക്കാതെ മുഖ്യമന്ത്രിയിലേക്ക് തിരിച്ചുവിട്ടു' എന്ന ആരോപണം ഉയര്‍ന്നു.

വെല്ലുവിളിക്ക് 24 മണിക്കൂറിലേറെ കഴിഞ്ഞതോടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പരിഹാസം കനത്തു. 'ബല്‍റാമിന്റെ 10 വര്‍ഷത്തെ റിപ്പോര്‍ട്ട് കാണിക്കാന്‍ ധൈര്യമില്ല' എന്ന തരത്തിലുള്ള പോസ്റ്റുകളും മീമുകളും വൈറലായി.

തൃത്താലയിലെ ഇത്തവണയും കടുത്ത മത്സരമാണ് നടക്കുന്നത്. രാജേഷിന്റെ വെല്ലുവിളി എല്‍ഡിഎഫിന്റെ വികസന നേട്ടങ്ങള്‍ ഹൈലൈറ്റ് ചെയ്യാനുള്ള തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ബല്‍റാമാകട്ടെ, ഇതില്‍നിന്നും ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

ഈ സംവാദ വിവാദം തൃത്താലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഊര്‍ജം നല്‍കിയിരിക്കുന്നു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് തലത്തിലേക്ക് വിഷയം ഉയര്‍ത്തിയ ബല്‍റാമിന്റെ നീക്കം തന്ത്രപരമാണോ അതോ ഒഴിവുകഴിവാണോ എന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെ. തൃത്താലയില്‍ തീപാറുന്ന പോര് തുടരുകയാണ്.

Tags