മേയറുടെ വായടപ്പിക്കുന്ന മറുപടി, ഗണേഷ് കുമാറിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ, വെല്ലുവിളി ഏറ്റെടുക്കുമോ ബിജെപി?
മേയറുടെ ആരോപണങ്ങള്‍ക്ക് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നല്‍കിയ മറുപടിയാണ് വിവാദത്തെ കൂടുതല്‍ ചൂടുപിടിപ്പിച്ചത്. ബസുകള്‍ കേന്ദ്ര സര്‍ക്കാരിന്റേതാണെന്ന് പറയാനാകില്ല. 60% വിഹിതം സംസ്ഥാനത്തിന്റേതാണെന്ന് മന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് തിരുവനന്തപുരം സിറ്റി ഇ-ബസ് പ്രശ്‌നം. ബിജെപിയുടെ ആദ്യ തിരുവനന്തപുരം മേയറായ വി.വി. രാജേഷും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും തമ്മിലുള്ള വാക്കേറ്റം സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയ്ക്കിടയാക്കി. മേയറുടെ ആരോപണങ്ങള്‍ക്ക് ഗണേഷ് കുമാര്‍ നല്‍കിയ മറുപടിയും വെല്ലുവിളിയും ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നു.
tRootC1469263">തിരുവനന്തപുരം കോര്‍പ്പറേഷന്റെ അധീനതയിലുള്ള 113 ഇ-ബസുകളുമായി ബന്ധപ്പെട്ടാണ് വിവാദം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയിലൂടെ കോര്‍പ്പറേഷന് ലഭിച്ച ഈ ബസുകള്‍ നഗരപരിധിക്കുള്ളില്‍ മാത്രം ഓടിക്കണമെന്നാണ് മേയര്‍ വി.വി. രാജേഷിന്റെ ആവശ്യം. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ബസുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് നല്‍കുന്നുവെന്നും, കോര്‍പ്പറേഷന് കൃത്യമായ ലാഭവിഹിതം ലഭിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. കരാര്‍ രേഖകള്‍ പരിശോധിക്കുമെന്നും, ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് കരാര്‍ മാറ്റാന്‍ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മേയറുടെ ആരോപണങ്ങള്‍ക്ക് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നല്‍കിയ മറുപടിയാണ് വിവാദത്തെ കൂടുതല്‍ ചൂടുപിടിപ്പിച്ചത്. ബസുകള്‍ കേന്ദ്ര സര്‍ക്കാരിന്റേതാണെന്ന് പറയാനാകില്ല. 60% വിഹിതം സംസ്ഥാനത്തിന്റേതാണെന്ന് മന്ത്രി വിശദീകരിച്ചു. 113 ബസുകള്‍ കോര്‍പ്പറേഷന്‍, കെഎസ്ആര്‍ടിസി, കേന്ദ്രം എഗ്രിമെന്റിലൂടെ വാങ്ങിയതാണെന്നും, അവ മറ്റ് ജില്ലകളിലേക്ക് ഓടിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബസ്സിന്മേലുള്ള മേയറുടെ അവകാശവാദത്തെ വെല്ലുവിളികൊണ്ടാണ് ഗണേഷ് കുമാര്‍ നേരിട്ടത്. 'മേയര്‍ 113 ബസുകള്‍ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ തിരിച്ചയയ്ക്കാം. സിഎംഡിക്ക് ഒരു കത്ത് കൊടുക്കുക മാത്രം മതി. പകരം കെഎസ്ആര്‍ടിസി 150 പുതിയ ബസുകള്‍ സിറ്റിയില്‍ ഇറക്കും,' എന്നാണ് ഗണേഷ് കുമാറിന്റെ വെല്ലുവിളി. കോര്‍പ്പറേഷന്‍ ബസുകള്‍ എടുത്താല്‍ കെഎസ്ആര്‍ടിസിയുടെ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്യാന്‍ സമ്മതിക്കില്ലെന്നും, ഡ്രൈവര്‍മാര്‍, വര്‍ക്ക്‌ഷോപ്പ്, കണ്ടക്ടര്‍മാര്‍ എല്ലാം കെഎസ്ആര്‍ടിസിയുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ആറ്റിങ്ങലും പോത്തന്‍കോടുമുള്ളവര്‍ കയറരുതെന്ന് പറയാന്‍ പറ്റുമോ?' എന്ന ചോദ്യം ഉയര്‍ത്തി മന്ത്രി മേയറുടെ നഗരപരിധി ആവശ്യത്തെ തള്ളുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ ഗണേഷ് കുമാറിന്റെ മറുപടിക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. അധികാരം ഏറ്റെടുത്തതോടെ ബിജെപി അനാവശ്യമായ ഇടപെടല്‍ നടത്തുകയാണെന്നും അതിനുള്ള മറുപടിയാണിതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ധൈര്യമുണ്ടെങ്കില്‍ ബസ്സുകള്‍ സ്വയം ഏറ്റെടുത്ത് നടത്താനും വെല്ലുവിളി ഉയര്‍ന്നു.
ഗണേഷ് കുമാറിന്റെ വെല്ലുവിളി ബിജെപിയെ നേരിട്ട് ലക്ഷ്യമിട്ടതാണ്. 113 ബസുകള്‍ തിരിച്ചെടുത്താല്‍ 150 പുതിയവ ഇറക്കുമെന്ന വെല്ലുവിളി ബിജെപിക്ക് തലവേദനയാണ്. ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. മേയറുടെ ഇടപെടല്‍ അനവസരത്തിലുള്ളതാണെന്ന അഭിപ്രായമാണ് പലരും പങ്കുവെച്ചത്. ബസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കാര്യമായ അറിവില്ലാത്തതാണ് വിഷയമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
.jpg)


