എയ്ഡഡ് സ്‌കൂളുകളില്‍ 'കൈക്കൂലി' കൊടുത്ത് അധ്യാപകരാകുന്നവരെ വെറുതെവിടണം, മാനേജ്‌മെന്റുകള്‍ ആ പണം സ്‌കൂളിന്റെ നന്മയ്ക്കായല്ലേ ചെലവഴിക്കുന്നത്, കുറിപ്പുമായി അധ്യാപകന്‍ രതീഷ്
സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തുക മികച്ച വിദ്യാഭാസത്തിനായി ചെലവഴിക്കുകയാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് ഇവര്‍ നല്‍കിയ സേവനം നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് പുതുതായി അനുദിച്ച ഹയര്‍സെക്കന്‍ഡറി ബാച്ചുകളിലേക്ക് ഒരു കോടി രൂപവരെ കോഴ വാങ്ങുന്നതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കവെ ഇതുമായി ബന്ധപ്പെട്ട് കുറിപ്പുമായി എഴുത്തുകാരനും അധ്യാപകനുമായ കെഎസ് രതീഷ്. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തുക മികച്ച വിദ്യാഭാസത്തിനായി ചെലവഴിക്കുകയാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് ഇവര്‍ നല്‍കിയ സേവനം നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ് രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
എയ്ഡഡ് അദ്ധ്യാപകരെ പിടിച്ചുപറിക്കാരാക്കാന്‍ വെമ്പി നില്‍ക്കുന്നവരോട് വിനയപൂര്‍വം..????
കഴിഞ്ഞ ചില ദിവസങ്ങളായി സോഷ്യല്‍ ഇടങ്ങളില്‍ 'കൈക്കൂലി'കൊടുത്ത് അദ്ധ്യാപകരാകുന്നവര്‍ക്ക് നേരെയുള്ള കൊലവിളികളാണ്.ഞാനും ഒരുകാലത്ത് നിങ്ങളെക്കാള്‍ ഉറക്കെ ഇതെല്ലാം പറഞ്ഞിരുന്നു. അതുകൊണ്ട് എന്റെ തിരിച്ചറിവ് പങ്കുവയ്ക്കാന്‍ ആഗ്രഹമുണ്ട്....
നിങ്ങളുടെ നാട്ടിലെ കുട്ടികള്‍ക്ക് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍ കെ ജി മുതല്‍ പന്ത്രണ്ടുവരെ പഠിക്കാനുള്ള സര്‍ക്കാര്‍ വിദ്യാലമുണ്ടോ ? നിങ്ങളെ ചുറ്റുവട്ടമുള്ള എല്ലാ മക്കളെയും ഉള്‍ക്കൊള്ളാന്‍ ആ വിദ്യാലയം പര്യാപ്തമാണോ.. ഇല്ലാ എന്നാണ് എനിക്കുള്ള ഉത്തരം.ഇന്നും ഇതാണ് അവസ്ഥയെങ്കില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ എയ്ഡഡ് സ്‌കൂളും നിങ്ങള്‍ പറഞ്ഞ കൈക്കൂലിക്കാരും നടത്തിയ സേവനം നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ ? സഭയും സാമുദായിക സംവിധാനങ്ങളും പൊതുവിദ്യാഭ്യാസ വിപ്ലവത്തിലെ പങ്കാളിത്തം മാറ്റിനിര്‍ത്തിയാല്‍ എന്താകും അവസ്ഥ?
സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളേക്കാള്‍ എത്ര ഇരട്ടിയാണ് എയിഡഡ് സ്‌കൂളില്‍ പഠിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിയാല്‍ വിവരം ലഭിക്കും. അതിനെ ഏറ്റെടുക്കാനോ ഒഴിവാക്കാനോ നമുക്ക് കഴിയുമോ?
കലാ കായിക ശാസ്ത്രമേളകള്‍ സംഘടിപ്പിക്കുന്ന ബഹുഭൂരിപക്ഷം സ്‌കൂളുകള്‍ ഏതാണെന്ന് നോക്കിയിട്ടുണ്ടോ? അത് ആ വിദ്യാലയങ്ങള്‍ തന്നെയാണ്. ഇന്നും ഇന്നലെയുമല്ല വളരെ നീണ്ട വര്‍ഷങ്ങളുടെ കണക്കുണ്ട് പറയാന്‍.കുടിവെള്ളം മുതല്‍ കുപ്പത്തൊട്ടിവരെ കൃത്യമായി ഒരുക്കി അവര്‍ കാത്തുനില്‍ക്കുന്നത് ഈ നാട്ടിലെ എല്ലാ മക്കളെയുമാണ്.
പി എസ് സി ടെസ്റ്റാണോ അദ്ധ്യാപക നിലവാരം നിര്‍ണ്ണയിക്കുന്നത് ?സര്‍ക്കാര്‍ സ്‌കൂളിലും മികച്ച അദ്ധ്യാപകര്‍ അവിടെ ഇല്ലെന്നാണോ? അതൊക്കെയുണ്ട് എന്നത് എന്റെ അനുഭവമാണ്. അതിലും മികച്ച അദ്ധ്യാപകര്‍ ട്യൂഷന്‍ സെന്ററുകളിലുണ്ടെന്നതാണ് അതിലും വലിയ അറിവ്.പിന്നെ പി എച്ച് ഡി വരെയുള്ള പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകരുണ്ട്.സര്‍ക്കാര്‍ തീരുമാനിച്ച സകല യോഗ്യതകളും പൂര്‍ത്തിയാക്കിയാണ് അവരും കുട്ടികളുടെ മുന്നില്‍ ചെന്നുനില്‍ക്കുന്നത്.
എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപകരും കുടുംബവും അവിടെ സേവനം ലഭിക്കുന്ന മക്കളും നികുതി നല്‍കുന്നില്ല എന്നായിരുന്നെങ്കില്‍ ഖജനാവില്‍ നിന്നുള്ള ശമ്പളത്തില്‍ അവര്‍ക്ക് അര്‍ഹതയില്ലെന്ന് ഞാനും നിങ്ങളെപ്പോലെ സമ്മതിക്കാം...
ഈ കൊടുക്കുന്ന കൈക്കൂലി നേരെ മാനേജര്‍/മുതലാളി ബാങ്കിലിട്ട് കോടികള്‍ പലിശ വാങ്ങിക്കുന്നുവെന്നായിരുന്നു എന്റെയും അറിവ്.പക്ഷേ വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടുന്ന ഒരൊഴിവ് നികത്തിയാല്‍ സ്‌കൂളിന്റെ വലിയ ഒരാവശ്യം നികത്താനുള്ളതേ കിട്ടൂ...മൈതാനം പുതിയ വണ്ടി ഓഡിറ്റോറിയം ബാസ്‌ക്കറ്റ് ബോള് കോര്‍ട്ട് സ്‌കൂളിന്റെ മിനുക്ക് പണികള്‍..ഇതെല്ലം ആത്യന്തികമായി നാടിന്റെ ഗുണകരമായി തന്നെയല്ലേ വരുന്നത്..?
നിങ്ങളുടെ നാട്ടില്‍ സ്‌കൂള്‍ നടത്തി മുതലാളിയായ ആളുകളെ തിരക്കുക. ചിരിച്ച് ചാവും.നാട്ടിലൊക്കെ പ്രമാണിയായി നടക്കാമെങ്കിലും ഉള്ള് ഒന്ന് ചികഞ്ഞു നോക്കിയാല്‍ കാര്യങ്ങള്‍ വെളിപ്പെട്ടു കിട്ടും..
നിങ്ങളുടെ നാട്ടിലെ ഒരു എയ്ഡഡ് സ്ഥാപനത്തെയും സര്‍ക്കാര്‍ വിദ്യാലത്തെയും ഒന്ന് താരതമ്യം ചെയ്തു നോക്കണം.നിങ്ങളിപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നൊക്കെ ന്യായം പറയുന്ന സ്‌കൂള്‍ കൂടുതല്‍ സിസ്റ്റമാറ്റിക്ക് എന്ന് കാണാം.അവിടെ കുട്ടികളെ ചേര്‍ക്കാര്‍ രക്ഷിതാക്കള്‍ മത്സരിക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയുമോ?
റിസള്‍ട്ട് കലാ കായിക ശാസ്ത്ര മേളകളില്‍ നാട്ടിലെ മക്കളുടെ പ്രകടനം ഒന്ന് വിലയിരുത്തി നോക്കു.എയ്ഡഡ് സ്ഥാപനങ്ങള്‍ കാണിക്കുന്ന പിന്തുണയും മത്സരവും സര്‍ക്കാര്‍ സ്‌കൂളില്‍ കാണാന്‍ കഴിയില്ല എന്നതാണ് വസ്തുത..അത് സത്യത്തില്‍ ഈ നാടിന് ഗുണമല്ലേ?
അവരുടെ പോസ്റ്റ് നിലനിര്‍ത്താല്‍ അവര്‍ 'ആത്മാര്‍ത്ഥത' കാണിക്കുന്നുവെന്നാണ് അടുത്ത ആരോപണം. അതിലെന്താണ് തെറ്റ്? പാവപ്പെട്ട വീട്ടിലെ മക്കള്‍ക്ക് യൂണിഫോമും ബസ് ഫീസും ഭക്ഷണവും ഓഫര്‍ ചെയ്യുന്ന സര്‍ക്കാര്‍ സ്‌കൂളിലെ ചുരുക്കം മാഷുമാരുണ്ടാകും എന്നാല്‍ ഓരോ എയ്ഡഡ് സ്‌കൂളിലും ഇത് നടത്തുന്ന നിരവധി അദ്ധ്യാപകരുണ്ട്.എങ്ങനെ ആയാലും ആര്‍ക്കാണ് അതിന്റെ ആദ്യത്തെ ഗുണം ഈ നാട്ടിലേ ഒരു കുട്ടിക്കല്ലേ..?
ഞാന്‍ ജോലിയില്‍ കയറിയ മുപ്പതാം ദിവസം മുതല്‍ ശമ്പളം കിട്ടാന്‍ തുടങ്ങി.അതേ ജോലി ചെയ്യുന്ന എയ്ഡഡ് അദ്ധ്യാപകന്‍ എത്ര വര്‍ഷം അപ്രൂവലിന് കാത്തിരിക്കണം എന്നൊക്കെ തിരക്കിനോക്കു..
പൂഴ്ത്തി സമ്പാദ്യത്തില്‍ നിന്ന് ലക്ഷങ്ങള്‍ കൊടുത്തവര്‍ മാത്രമല്ല.ചിട്ടി പിടിച്ചും ഗള്‍ഫില്‍ പൊരിവെയിലത്ത് നയിച്ചും,ഭൂമിയും സ്വര്‍ണ്ണവും വിറ്റും ഒന്നും കൊടുക്കാതെയും ജോലിയില്‍ കയറിയവരുണ്ട്..കാശ് വാങ്ങിക്കുന്തിനോട് എനിക്കും താല്‍പര്യമില്ല സ്‌കൂളിന്റെ നിരന്തര ആവശ്യങ്ങള്‍ക്ക് മറ്റെന്താണ് വഴി?
ഇനിയും പറയാനുണ്ട് തത്കാലം നിര്‍ത്തുന്നു ഇത്രയും പറഞ്ഞത് എയ്ഡഡ് സ്‌കൂളിലെ ടീച്ചറിനെ പ്രണയിക്കുന്ന ഒരാളായതുകൊണ്ട് മാത്രമല്ല...
.jpg)

