പ്രതിയെന്ന് സംശയിച്ചയുടന്‍ ഷാജഹാന്റെ വീട് തകര്‍ത്തു, അതെന്താ പത്മകുമാറിന്റെ വീട് ആക്രമിക്കാത്തതെന്ന് സംഘപരിവാറിനോട് ചോദ്യം

padmakumar chathannoor
padmakumar chathannoor

 

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പ്രതികളെ പിടികൂടിയിരിക്കുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (52), ഭാര്യ എം.ആര്‍.അനിതകുമാരി (45), മകള്‍ പി.അനുപമ (20) എന്നിവരാണ് കൃത്യം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

tRootC1469263">

10 മണിക്കൂറാണു കെ.ആര്‍.പത്മകുമാറിനെയും കുടുംബത്തെയും അടൂര്‍ കെഎപി ക്യാമ്പില്‍വച്ചു ചോദ്യംചെയ്തത്. സാമ്പത്തിക ബാധ്യതയാണ് തട്ടിക്കൊണ്ടുപോകലിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കുട്ടിയുടെ പിതാവുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മകള്‍ക്കു നഴ്‌സിങ് പ്രവേശനത്തിനു നല്‍കിയ 5 ലക്ഷം രൂപ തിരികെ കിട്ടിയില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

പത്മകുമാറിനു വലിയ കടബാധ്യതയുള്ളതായാണു വിവരം. ലോണ്‍ ആപ്പുകളില്‍നിന്നും വായ്പ എടുക്കുകയും ക്രെഡിറ്റ് കാര്‍ഡ് വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

നവംബര്‍ 27നു വൈകിട്ടാണ് വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയുമായി കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയെത്തിയ നീല കാര്‍ കസ്റ്റഡിയിലെടുത്തു. വെള്ള കാര്‍ പത്മകുമാറിന്റെ ചാത്തന്നൂരിലെ ഇരുനില വീട്ടില്‍ കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുട്ടിയെ തട്ടയെടുത്ത സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ പോലീസ് പിടികൂടിയപ്പോള്‍ സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യുകയും പ്രതിയെന്ന രീതിയില്‍ മുദ്രകുത്തപ്പെടുകയും ചെയ്ത വ്യക്തിയാണ് ജിം ഷാജഹാന്‍. ഇയാളെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ സംഘപരിവാര്‍ അണികള്‍ ഇയാളുടെ ടാര്‍പ്പായ വലിച്ചുകെട്ടിയ കൂര അടിച്ചുതകര്‍ത്തിരുന്നു.

മുസ്ലീം പേരുകാരനായതിനാലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊടുന്നനെ ആക്രമണം നടത്തിയെന്ന് ഷാജഹാന്‍ പറയുന്നു. നാട്ടുകാരും ബന്ധുക്കളും ഓരോന്ന് പറയുന്ന കാരണം കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ഷാജഹാന്‍ പറഞ്ഞു.

യഥാര്‍ത്ഥ പ്രതികളെ പിടികൂടിയതിന് പിന്നാലെ സംഘപരിവാറിനോട് സോഷ്യല്‍ മീഡിയയിലെ ഒരുവിഭാഗം ചോദ്യങ്ങളുമായെത്തി. ഷാജഹാന്റെ വീട് അടിച്ചുതകര്‍ത്ത വേഗത എന്തുകൊണ്ടാണ് പത്മകുമാറിനോട് ഇല്ലാത്തതെന്നും ഇയാള്‍ ഹിന്ദു ആയതുകൊണ്ടാണോയെന്നും അവര്‍ ചോദിക്കുന്നു. കുട്ടിയെ തട്ടിയെടുത്ത വിഷയം വര്‍ഗീയത കലര്‍ത്തി പ്രചരിപ്പിച്ച സംഘപരിവാറിന് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും ചോദ്യമുയരുന്നുണ്ട്.

നേരത്തെ പുറത്തുവിട്ട രൂപരേഖയുമായി സാദൃശ്യമുള്ളതിനാലാണ് പോലീസ് ഷാജഹാന്റെ വീട്ടില്‍ പരിശോധന നടത്തുകയും പിന്നാലെ അയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. കുട്ടിയെ കാണാതായ ദിവസം മുഴുവന്‍ ഷാജഹാന്‍ മെഡിസിറ്റി ആശുപത്രിയിലായിരുന്നു. മരുമകന് അപകടം സംഭവിച്ചതിനാല്‍ അയാള്‍ ആശുപത്രിയിലാണുണ്ടായത്.

ഇയാളെ ചോദ്യം ചെയ്തതുമുതല്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന രീതിയില്‍ സംഘപരിവാര്‍ അണികള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുകയായിരുന്നു. നിരപരാധിയായ കാരണം പോലീസ് വിട്ടയച്ച ഷാജഹാന്‍ വീട്ടിലെത്തിയപ്പോള്‍ ഒരു സംഘം സംഘപരിവാര്‍ അണികള്‍ അയാളുടെ കൂരയിലേക്ക് ഇടിച്ചുകയറി. പ്ലാസ്റ്റീക് ഷീറ്റും സിങ്കും വലിച്ചുകെട്ടിയ അയാളുടെ കൂര അവര്‍ അടിച്ചു തകര്‍ക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

 

Tags