പാടിയ പാട്ടുകൾ മധുരതരം, മലയാളി മറക്കില്ല ഭാവ ഗായകനെ..
കണ്ണൂർ: മലയാളികളുടെ പ്രീയഭാവ ഗായകൻ പി ജയചന്ദ്രൻ വിട പറഞ്ഞപ്പോൾ ഗാനമാധുര്യമേകിയ ഒരു യുഗം തന്നെയാണ് അസ്തമിക്കുന്നത്. ഗാനഗന്ധർവ്വൻ യേശുദാസ് പാടുമ്പോൾ ശ്രോതാവ് ആസ്വാദനത്തിൽ മുഴുകി അനുർവചനീയമായ ആ സ്വരമാധുര്യം അനുഭവിക്കുമ്പോൾ പി. ജയചന്ദ്രൻ്റെ പാട്ടുകൾ മനസ് കൊണ്ടെങ്കിലും ഏറ്റുപാടാത്തവരില്ലായിരുന്നു. നേരെ ഹൃദയത്തിലേക്ക് കയറുകയും ശ്രോതാവിൻ്റെ മനസിൽ ഭാവ സാഗരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത അപൂർവ്വ പ്രതിഭയായിരുന്നു ഗാനാസ്വദകർ ജയേട്ടൻ എന്നു വിളിച്ചിരുന്ന പി. ജയചന്ദ്രൻ.
Also read: മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു
വിഷാദ ഗാനങ്ങളാൽ ഹൃദയത്തെ സാന്ദ്രമാക്കാൻ കഴിയുന്ന മറ്റൊരു ഗായകൻ കേരളത്തിൽ ജയചന്ദ്രന് മുൻപും ശേഷവും ഉണ്ടായിട്ടില്ല. ഏതു ഫോർമാറ്റിലും ഗാനം ആലപിക്കാനുള്ള അപൂർവ്വ സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. നിറമെന്ന കമൽ ചിത്രത്തിൽ പ്രായം നമ്മിൽ എന്നു തുടങ്ങുന്ന ജയചന്ദ്രൻ പാടി തകർത്ത പാട്ട് ക്യാംപസുകളെ ഇളക്കിമറിക്കുകയായിരുന്നു.
1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ്റെ ജനനം. അദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ എക്കാലവും മലയാളികള്‍ ഇഷ്ടപ്പെടുന്ന മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി.. ധനു മാസ ചന്ദ്രിക വന്നു.. എന്നു തുടങ്ങുന്ന ഗാനമാണ്.
ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ജയചന്ദ്രന്‍ ബിരുദം നേടി. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന കാലത്ത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.
ചലച്ചിത്രങ്ങളിൽ ചെറിയ റോളുകളിൽ വേഷമിടുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട് ജയചന്ദ്രൻ. എസ്. പി ബാലസുബ്രഹ്മണ്യത്തെപ്പോലെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നില്ല. എന്നിട്ടും ഇതിഹാസ സംഗീത സംവിധായകനായ ദേവരാജൻ മാസ്റ്ററുടെ ഇഷ്ട ഗായകനായിരുന്നു അദ്ദേഹം. യേശുദാസെന്ന മഹാ പ്രതിഭയുടെ സമശീർഷൻ മാത്രമായിരുന്നില്ല, അദ്ദേഹം തനിക്ക് ലഭിക്കുന്ന പാട്ടുകൾ മറ്റാർക്കും അനുകരിക്കാൻ പറ്റാത്ത വിധത്തിൽ മാറ്റുകയായിരുന്നു ജയചന്ദ്രനെന്ന സംഗീത പ്രതിഭ.