മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു

Malayalam favorite singer P Jayachandran passed away
Malayalam favorite singer P Jayachandran passed away

ആറുപതിറ്റാണ്ടുകാലം മലയാളത്തിന്റെ ഹൃദയരാഗമായിരുന്ന ഗായകനാണ് പി. ജയചന്ദ്രൻ.

തൃശൂർ: മലയാളികളുടെ പ്രിയ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. അർബുദരോഗം ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. 

ആറുപതിറ്റാണ്ടുകാലം മലയാളത്തിന്റെ ഹൃദയരാഗമായിരുന്ന ഗായകനാണ് പി. ജയചന്ദ്രൻ. മലയാള ചലച്ചിത്രഗാന ശാഖയിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ പലതും പുറത്തുവന്നത് അദ്ദേഹത്തിന്റെ ശബ്ദത്തിലായിരുന്നു. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും നാലു തവണ സ്വന്തമാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങൾ ആലപിച്ചു. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും ആദ്യം പുറത്തുവന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' എന്ന ഗാനമാണ്.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി. 1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

തൃശൂർ സ്വദേശിയായ ലളിതയാണ് ഭാര്യ. ലക്ഷ്മി, ദിനനാഥ് എന്നിവരാണു മക്കൾ.

Tags