മോഹൻലാൽ രാജിവെച്ചതിന് പിന്നിലെന്ത് ? മലയാള സിനിമയിൽ അണിയറ ചർച്ചകൾ സജീവം
അമ്മ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മോഹൻലാൽ പടിയിറങ്ങുന്നത് വ്യക്തമായ തിരക്കഥയോടെ. കഴിഞ്ഞ രണ്ടു ദിവസം മുൻപെ ചെന്നൈയിലായിരുന്ന മോഹൻലാൽ രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ 17 അംഗ എക്സിക്യൂട്ടീവിലെ പലരും ഭിന്നാഭിപ്രായം പറഞ്ഞതോടെയാണ് പെട്ടെന്ന് ചാടിക്കയറിയുള്ള രാജി പ്രഖ്യാപനത്തിൽ നിന്നും പുറകോട്ടു പോയത്.
ഹേമാ കമ്മിറ്റിയുടെ ചില ഭാഗങ്ങൾ ചാനലുകളിലൂടെ പുറത്തുവന്നതോടെ മോഹൻലാൽ അസ്വസ്ഥനായിരുന്നു. സോഷ്യൽ മീഡിയയിലുടെ തനിക്കെതിരെ ആരോപണമുയരുന്നത് തൻ്റെ ഇമേജിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക മോഹൻലാലിനുണ്ടെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയോട് കഴിഞ്ഞ ദിവസം രാത്രി ഫോണിൽ ആശയവിനിമയം നടത്തിയതിനു ശേഷമാണ് മോഹൻലാൽ എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർത്തു തൻ്റെ രാജി പ്രഖ്യാപിച്ചത്. എന്നാൽ രാജിവയ്ക്കുന്നത് സംഘടനയെ ദുർബലമാക്കുമെന്ന് പലരും മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ സിദ്ദിഖ് സ്വീകരിച്ച വഴി തന്നെ പിൻതുടരാനായിരുന്നു മോഹൻ ലാലിൻ്റെ ഉറച്ച തീരുമാനം.
Also Read : 'അമ്മ'യിൽ കൂട്ടരാജി; പ്രസിഡന്‍റ് മോഹൻലാലും 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു
ബന്ധുവിൻ്റെ അസുഖവുമായി ബന്ധപ്പെട്ട് മോഹൻലാൽ ഇപ്പോൾ ചെന്നെയിലാണ്. മലയാള സിനിമയിൽ താരങ്ങൾക്കെതിരെ ആരോപണം തുടരുന്ന സാഹചര്യത്തിൽ മോഹൻലാലിൻ്റെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും രാജി പലരെയും നടുക്കിയിട്ടുണ്ട്. ഹേമാ കമ്മിറ്റിയുടെ ചില ഭാഗങ്ങൾ പുറത്തുവിട്ടതോടെയാണ് ജുനിയർ ആർട്ടിസ്റ്റുകൾ ആരോപണവുമായി രംഗത്തുവന്നത്.
Also Read:- മുകേഷ് സ്ത്രീലമ്പടനും മദ്യപാനിയുമെന്ന് സരിത, രണ്ട് വിവാഹവും പരാജയം, ഇപ്പോള്‍ ലൈംഗിക ആരോപണവും