കണ്ണൂർ പാട്യത്ത് നിന്ന് ഉദിച്ച അത്ഭുതപ്രതിഭ: ശ്രീനിവാസൻ മലയാള സിനിമയിലെ അഭിനവ കുഞ്ചൻ നമ്പ്യാർ
കണ്ണൂർ : കൂത്തുപറമ്പിലെ പാട്യം ഗ്രാമത്തിൽ ജനിച്ച് മലയാള സിനിമയുടെ ചരിത്രഗതിയെ മാറ്റിമറിച്ച അപൂർവ്വ ബഹുമുഖ പ്രതിഭയാണ് ശ്രീനിവാസൻ'1959 മുതൽ 2025 വരെ ജീവിച്ച അദ്ദേഹത്തിൻ്റെ സംഭാവന വേഷമിട്ട 200 സിനിമകൾ മാത്രമല്ല മലയാള സിനിമയുടെ ചരിത്രത്തെ തന്നെ മാറ്റി മറിച്ച നവഭാവുകത്വത്തിൻ്റെത് കൂടിയായിരുന്നു. സാധാരണക്കാരുടെ ജീവിതം നർമ്മ ഭാവനയോടെ കൈകാര്യം ചെയ്ത അപൂർവ്വം തിരക്കഥാകൃത്തായിരുന്നു ശ്രീനിവാസൻ'പ്രാരബ്ധങ്ങളും ജീവിക്കാനുള്ള തത്രപ്പാടുകളും അതിജീവനത്തിനായുള്ള ചെറിയ തരികിടകളുമൊക്കെ കാണിച്ചു നമ്മൾക്കിടെയിൽ ജീവിച്ചിരുന്ന മനുഷ്യരെ അദ്ദേഹം അഭ്രപാളികളിലെത്തിച്ചു.
tRootC1469263">
ആക്ഷേപഹാസ്യത്തിൻ്റെ മുൾമുന കൊണ്ടു കോറിയെടുത്ത കഥാപാത്രങ്ങളായിരുന്നു അവരൊക്കെ ' തൊഴിൽ രഹിതരായ നാടോടി കാറ്റിലെ ദാസനും വിജയനും മുതൽ സൂപ്പർ സ്റ്റാർ രാജപ്പനും ബാർബർ ബാലനും ഇംഗ്ളീഷ് മീഡിയത്തിലെ മാസ്റ്റർ വരെ ഇങ്ങനെ ജീവിതത്വത്തിൻ്റെ സാധാരണത്വത്തിൽ നിന്നും ഉയരാൻ ശ്രമിച്ചവരാണ്. ജീവിതമെന്നാൽ വിജയിച്ചവരുടെ കഥകൾ മാത്രമല്ല തോറ്റവരുടെത് കൂടിയാണെന്ന് വരവേൽപ്പെന്ന നാട്ടിലെത്തി ബസ് വാങ്ങിയ പ്രവാസി മലയാളിയുടെ ദുരന്ത ജീവിതത്തിലൂടെ ശ്രീനിവാസൻ ഉള്ളുലയുന്ന വിധത്തിൽ വരച്ചു ചേർത്തു. കമ്യുണിസ്റ്റുകാരനും റിട്ട. അധ്യാപകനുമായ തൻ്റെ പിതാവ് ബസ് വാങ്ങിയപ്പോൾ അനുഭവിച്ച സഹന ജീവിതം മറ്റൊരു വിധത്തിൽ ആവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശം, വെള്ളാനകളുടെ നാട് ' നരേന്ദ്രൻ മകൻ ജയകാന്തൻ തുടങ്ങിയ ചിത്രങ്ങളിൽ കേരളത്തിൻ്റെ രാഷ്ട്രീയ അപചയങ്ങളെ കൃത്യമായി തുറന്നു കാണിക്കുന്നുണ്ട് ശ്രീനിവാസൻ മലയാള സിനിമയിലെ കുഞ്ചൻ നമ്പ്യാരായിരുന്നു ശ്രീനിവാസൻ'കുറിക്കു കൊള്ളുന്നആക്ഷേപഹാസ്യങ്ങൾ കൊണ്ടു ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

സന്ദേശമെന്ന സിനിമയിലെ കുമാരപിള്ള സാറിൻ്റെ താത്വിക അവലോകനങ്ങൾ ഇന്നും ട്രോളുകളായി നിറയുന്നത് എഴുത്തുകാരനെന്ന നിലയിൽ ശ്രീനിവാസൻ്റെ ദീർഘദർശിത്വവും കാലത്തിന് മുൻപെ സഞ്ചരിച്ച അത്ഭുത പ്രതിഭാവിലാസവും കാരണമാണ്. സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ടുകെട്ടിലൂടെ പിറന്ന സിനിമകളാണ് മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ മുൻനിര നായകരെ ജനപ്രിയരും മികച്ച നടൻമാരുമാക്കിയത്. 1977 ൽ പി.എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് ശ്രീനിവാസൻ്റെ സിനിമാ പ്രവേശനം
സംഘഗാനത്തിലും അരവിന്ദൻ്റെ ചിദംബരത്തിലും കെ.ജി ജോർജിൻ്റെ തമ്പിലും യവനികയിലുമൊക്കെ അഭിനയിച്ചു സമാന്തര സിനിമകളുടെ ഭാഗമായ ശ്രീനിവാസൻ 1984 ൽ ഓടരുതമ്മാവ ആളറിയുമെന്ന പ്രീയ ദർശൻ ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി മാറുന്നത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളിൽ പ്രീയ ദർശൻ്റെ തിരക്കഥാകൃത്തായി മാറി. ഒട്ടനവധി കഥാപാത്രങ്ങളും അവതരിപ്പിച്ചു. തേൻമാവിൻ കൊമ്പത്ത്, ചിത്രം, മിഥുനംതുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രീനിവാസൻ അഭിനയിച്ച കഥാപാത്രങ്ങൾ അവിസ്മരണീയമായി. സ്വയം വിമർശനാത്മകമായി ജീവിതത്തെ നിരീക്ഷിക്കുന്നതിനൊപ്പം മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ വൈരുദ്ധ്യത്തെ തുറന്നു കാട്ടാനും അദ്ദേഹം മറന്നില്ല ഉദയനാണ് താരമെന്ന ഒറ്റ ചിത്രം മലയാള സിനിമയുടെ ഗതിവിഗതികൾ തന്നെ മാറ്റിമറിച്ചതാണ്. മഴയെത്തും മുൻപെയിലൂടെയാണ് ശ്രീനിവാസൻ മികച്ച തിരക്കഥാ ക്യത്താവുന്നത്. വടക്കു നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങളിലൂടെ ദേശീയ അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചു.

മലയാളത്തിലെ മുൻനിര സംവിധായകരായ സത്യൻ അന്തിക്കാട് പ്രീയ ദർശൻ, കമൽ തുടങ്ങി റോഷൻ ആൻഡ്രൂസ് വരെയുള്ള സംവിധായകരുടെ ഇഷ്ടതിരക്കഥാകൃത്ത് കൂടിയായിരുന്നു ശ്രീനിവാസൻ'കണ്ണൂരിലെ പാട്യം ഗ്രാമത്തിൽ ജനിച്ചു വളർന്ന ശ്രീനിവാസൻ മട്ടന്നൂർ പഴശിരാജ എൻ.എസ്.എസ് കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. പിന്നീട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായി. അക്കാലത്ത് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് ഉൾപ്പെടെയുള്ളവർ അവിടെയുണ്ടായിരുന്നു. കൂത്തുപറമ്പ് പൂക്കോട് ശ്രീനിവാസന് വീടുണ്ടെങ്കിലും കൊച്ചിയിലായിരുന്നു ഏറെക്കാലമായി സ്ഥിരതാമസം മക്കളായ വിനീതും ധ്യാനും മലയാള സിനിമയിലെ മുൻനിര സിനിമാ സംവിധായകരും നടൻമാരുമാണ്. ശ്രീനിവാസൻ്റെ വിയോഗത്തോടെ മലയാള സിനിമയിലെ ഒരു യുഗം തന്നെയാണ് അസ്തമിക്കുന്നത്. തൻ്റെ രാഷ്ട്രീയ നിലപാടുകളും പരിസ്ഥിതി നിലപാടുകളും ജൈവ കൃഷിയെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും പൊതുവേദികളിൽ തുറന്നു പറഞ്ഞിരുന്ന ശ്രീനിവാസൻ ഈ കാര്യത്തിൽ മറ്റുള്ളവരുടെ അനിഷ്ടങ്ങൾ പരിഗണിച്ചേ യിരുന്നില്ല. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൻ്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയ ശ്രീനിവാസൻ അതു സിനിമകളിലും ആവിഷ്കരിക്കാൻ മടി കാണിച്ചിരുന്നില്ല.
.jpg)


