കേട്ടറിഞ്ഞ നാട്ടിലൂടെ കണ്ടറിയാൻ ഒരു കാൽനടയാത്ര നടത്തി പാണ്ടിക്കാട്ടെ കൂട്ടുകാർ

കാടും മേടും മലയും പുഴയും താണ്ടി സ്വപ്നങ്ങളിലേക്ക് ഒരു യാത്ര..ഈ യാത്ര പോകുന്നത് മലപ്പുറം പാണ്ടിക്കാട്ടെ രണ്ടു സുഹൃത്തുക്കളാണ്. ബസിലോ കാറിലോ ബൈക്കിലോ ഒന്നുമല്ല, നാട് നടന്നുകാണുകയാണ് ഇവർ..
20കാരായ മലപ്പുറം കുറ്റിപ്പുളി സ്വദേശി സഫ്വാൻ , കിഴക്കേ പാണ്ടിക്കാട് സ്വദേശി സഹദ് എന്നിവരാണ് കാൽനടയായി സഞ്ചാരത്തിനിറങ്ങിയിരിക്കുന്നത്. കാസർകോട്ടുനിന്ന് കന്യാകുമാരിലേക്കാണ് ഇവരുടെ യാത്ര. ആഗസ്റ്റ് ഒന്നിന് കാസർകോട്ടുനിന്ന് തുടങ്ങിയ യാത്ര ഇപ്പോൾ വായനാട്ടിലെത്തിനിൽക്കുകയാണ്. ‘കേട്ടറിഞ്ഞ നാട്ടിലൂടെ കണ്ടറിയാൻ ഒരു കാൽനടയാത്ര’ എന്ന പേരിലാണ് ഇവർ യാത്ര സംഘടിപ്പിച്ചത്. കേരളത്തിലെ മുഴുവൻ ജില്ലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തൊട്ടറിയുകയാണ് യാത്രയുടെ ലക്‌ഷ്യം. ഒരു മാസംകൊണ്ട് കന്യാകുമാരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം നടന്നുനീങ്ങുന്ന പാതകൾ ഓരോന്നും സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുമ്പോൾ പ്രദേശത്തുള്ളവർ തേടിയെത്തി ഭക്ഷണവും താമസസൗകര്യവും ഒരുക്കാറുണ്ടെന്നാണ് ഇവർ പറയുന്നത്. വയനാട്ടിലുള്ളവരും നല്ല രീതിയിൽ സഹായിച്ചെന്നും മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനം നൽകിയെന്നും ഇവർ പറയുന്നു.
വ്യാഴാഴ്ച രാത്രി കണ്ണൂർ കൂത്തുപറമ്പ് പൊലീസാണ് ഇവർക്ക് സൗജന്യ താമസ സൗകര്യമൊരുക്കിയിരുന്നത്. വയനാട്ടിലെത്തിയപ്പോൾ ആദ്യ ദിവസം തലപ്പുഴയിൽ മാധ്യമ പ്രവർത്തകനായ ഹാഷിം മുഹമ്മദിൻ്റെ വീട്ടിലും രണ്ടാം ദിവസം കൽപ്പറ്റയിലെ മാധ്യമ പ്രവർത്തകനായ പി.എസ്.അർജുൻ്റെ റൂമിലുമാണ് താമസ സൗകര്യമൊരുക്കിയത്.

മുമ്പ് സൈക്കിളിൽ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇവർ കാൽനടയാത്ര നടത്തുന്നത്. മഞ്ചേരി ഏറനാട് നോളജ് സിറ്റിയിലെ ബിരുദ വിദ്യാർഥികളാണ് ഇരുവരും. കന്യാകുമാരിയെന്ന ദൗത്യം പൂർത്തിയായാൽ ഒരിടവേളക്ക് ശേഷം ലഡാക്കിലേക്ക് നടക്കാനാണ് ഇരുവരുടെയും തീരുമാനം.