മലപ്പുറത്ത് വയറ്റാട്ടിമാര്‍ക്ക് വന്‍ ഡിമാന്റ്, പ്രസവമെടുക്കലിനും പരിചരണത്തിനും 2 ലക്ഷം രൂപ വരെയുള്ള പാക്കേജ്, വിരുന്നുകാരെന്ന നിലയില്‍ താമസിക്കും, പ്രസവിക്കാന്‍ എത്തുന്നവരില്‍ ലക്ഷദ്വീപുകാരും

Malappuram home birth
Malappuram home birth

സംസ്ഥാനവ്യാപകമായി നടക്കുന്നുണ്ടെങ്കിലും വീട്ടുപ്രസവം ഏറ്റവുമധികം മലപ്പുറം ജില്ലയിലാണെന്നാണ് റിപ്പോര്‍ട്ട്. 2023-ല്‍ ഡിസംബര്‍ വരെ 219 പ്രസവം ഇവിടെ വീടുകളില്‍ നടന്നു.

മലപ്പുറം: സംസ്ഥാനത്ത് വീട്ടിലെ പ്രസവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ കഴിഞ്ഞദിവസം മലപ്പുറത്ത് യുവതി മരിച്ചത് ചര്‍ച്ചയാവുകയാണ്. വീട്ടിലെ പ്രസവത്തിനെതിരെ ആരോഗ്യവകുപ്പ് വ്യാപക ബോധവത്കരണം നടത്തിയിട്ടും ചിലര്‍ ഇതില്‍നിന്നും പിന്‍വാങ്ങുന്നില്ല.

സംസ്ഥാനവ്യാപകമായി നടക്കുന്നുണ്ടെങ്കിലും വീട്ടുപ്രസവം ഏറ്റവുമധികം മലപ്പുറം ജില്ലയിലാണെന്നാണ് റിപ്പോര്‍ട്ട്. 2023-ല്‍ ഡിസംബര്‍ വരെ 219 പ്രസവം ഇവിടെ വീടുകളില്‍ നടന്നു. 2023-24 ല്‍ മലപ്പുറത്ത് 253 ഹോം ഡെലിവറികളാണ് നടന്നത്. 2024-25 ല്‍ ജനുവരി വരെ ഇത് 155 ആയിരുന്നു. 2023-24 ല്‍ മലപ്പുറത്ത് 253 ഹോം ഡെലിവറികള്‍ നടന്നപ്പോള്‍, മറ്റ് 13 ജില്ലകളിലെ മൊത്തം കണക്ക് 270 ആണ്. 2024 ഒക്ടോബറില്‍ മലപ്പുറത്തെ താനാളൂരില്‍ അത്തരമൊരു കേസില്‍ ഒരു ശിശു മരിച്ചു. മരണം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.

ഗര്‍ഭിണിയാകുന്നതോടെ രഹസ്യമായാണ് വീട്ടുകാര്‍ കാര്യങ്ങള്‍ നീക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍ അറിയാതിരിക്കാനാണിത്. പലര്‍ക്കും അടുത്ത വീട്ടുകാരുമായി പോലും ബന്ധമുണ്ടാകില്ല. വീട്ടിലെ പ്രസവത്തിന് മാത്രമായി മറ്റു ജില്ലകളില്‍ നിന്നും മലപ്പുറത്തേക്ക് എത്തുന്നവരുമുണ്ട്.

വീടുകള്‍ കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക സംവിധാനം ഒരുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മലപ്പുറത്ത് വളവന്നൂര്‍, താനാളൂര്‍, ചെറിയമുണ്ടം തുടങ്ങി പലയിടങ്ങളിലും ഇത്തരം വീട്ടുപ്രസവകേന്ദ്രങ്ങള്‍ നടത്തുന്നു. അടുത്ത വീട്ടുകാര്‍ അറിയാതിരിക്കാന്‍ വിരുന്നിനെന്ന പേരില്‍ പുറത്തുനിന്ന് ആളുകള്‍ വന്നു താമസിക്കും.

പാക്കേജ് പറഞ്ഞുറപ്പിച്ചിട്ടാണ് വയറ്റാട്ടികളെത്തുന്നത്. പ്രസവമെടുക്കല്‍ മുതല്‍ പരിചരണം വരെ ഉള്ള പാക്കേജിന് നല്ലൊരു തുക നല്‍കേണ്ടിവരും. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം തുടങ്ങി മറ്റു ജില്ലകളില്‍നിന്നൊക്കെ ആളുകള്‍ ഇവിടെ വന്ന് പ്രസവിച്ചു പോകുന്നുണ്ട്. ലക്ഷദ്വീപില്‍ നിന്നുവരെ പ്രസവിക്കാന്‍ മലപ്പുറത്തേക്കു വന്നതായി സൂചനയുണ്ടെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.

പരമ്പരാഗത മിഡ്വൈഫുകള്‍, പ്രകൃതിചികിത്സ, അക്യുപങ്ചര്‍ എന്നിവയിലൂടെ ഹോം ഡെലിവറി വാഗ്ദാനവുമായി പലരും രംഗത്തുണ്ട്. മുന്‍കൂര്‍ ആസൂത്രണത്തിന് ശേഷമാണ് മിക്ക ഹോം ഡെലിവറികളും നടത്തിയതെന്നും വീട്ടില്‍ ജനിക്കുന്ന മിക്ക കുട്ടികള്‍ക്കും നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.

പ്രസവത്തിനും പ്രസവാനന്തര പരിചരണത്തിനും രണ്ട് ലക്ഷം രൂപ വരെ ഈടാക്കുന്ന പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ഏകദേശം 3000 രൂപ ചെലവഴിച്ച് ആളുകള്‍ മിഡ്വൈഫുകളെ ഏല്‍പ്പിച്ച സംഭവങ്ങളുണ്ടായിരുന്നു.

മുസ്ലീം സമുദായത്തിനകത്തെ കടുത്ത അന്ധവിശ്വാസികളായ ചെറിയൊരു വിഭാഗമാണ് വീട്ടിലെ പ്രസവത്തിന് നേതൃത്വം നല്‍കുന്നതും പ്രചരണം നടത്തുന്നതും. ഡോക്ടര്‍മാര്‍ യുവതികളെ പരിശോധിക്കരുതെന്നും വാക്‌സിനെടുക്കാന്‍ അനുവദിക്കരുതെന്നുമെല്ലാം ഇവര്‍ പ്രചരിപ്പിക്കുന്നു.

വീടുകളിലെ പ്രസവം അമ്മയ്ക്കും കുഞ്ഞിനും അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രസവത്തില്‍ തടസ്സം, താമസം, രക്തസ്രാവം എന്നിവയുണ്ടായാല്‍ രണ്ടുപേരുടെയും ജീവനുതന്നെ ഭീഷണിയാകാം. അമ്മയ്ക്ക് രക്തസമ്മര്‍ദം കൂടിയാല്‍ അപസ്മാരം, കോമയിലാവല്‍, മരണം എന്നിവയ്ക്കു സാധ്യതയുണ്ട്. കുഞ്ഞിന് ശ്വാസതടസ്സം വന്നാല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ കുറഞ്ഞ് പഠനവൈകല്യം, പെരുമാറ്റപ്രശ്നങ്ങള്‍ എന്നിവയും ഭാവിയില്‍ ഉണ്ടാവാം.

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചതോടെ ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വേണ്ടിവന്നാല്‍ നിയമനിര്‍മാണത്തിനും സര്‍ക്കാര്‍ ആലോചിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഹോം ഡെലിവറികള്‍ തടയാന്‍ വകുപ്പ് എല്ലാം ചെയ്യുന്നുണ്ടെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു. വീട്ടിലെ പ്രസവം സ്വാഭാവിക പ്രക്രിയയാണെന്നും പ്രസവം സിസേറിയനില്‍ അവസാനിക്കാന്‍ ആശുപത്രിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ചിലരുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ജില്ലാ ആരോഗ്യ വകുപ്പ് പറയുന്നത്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരും ആശാ വര്‍ക്കര്‍മാരും സ്ഥിരമായി വീടുകള്‍ സന്ദര്‍ശിച്ച് ഹോം ഡെലിവറി സാധ്യതകള്‍ പരിശോധിക്കുകയും, കുടുംബം സഹകരിക്കുന്നില്ലെങ്കില്‍ വാര്‍ഡ് അംഗങ്ങളുടെയും വനിതാ ശിശു വികസന വകുപ്പിന്റെയും പോലീസിന്റെയും സഹായം തേടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ്.

Tags