രാജ്യത്ത് ഉയര്‍ന്ന കൂലി കേരളത്തില്‍, നാണക്കേടായി മോദിയുടെ ഗുജറാത്തും മധ്യപ്രദേശും ഏറ്റവും പിന്നില്‍

ന്യൂഡല്‍ഹി: കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസക്കൂലി ലഭിക്കുന്ന സംസ്ഥാനമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ നിര്‍മാണ തൊഴിലാളികളുടെ ദിവസ വേതനത്തില്‍ കേരളം 852.5 രൂപയുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ജമ്മു കശ്മീരില്‍ 534.5 രൂപയും തമിഴ്നാട്ടില്‍ 500.9 രൂപയും ഹിമാചല്‍ പ്രദേശില്‍ 498.3 രൂപയുമാണ്.
എല്ലാത്തരം തൊഴിലാളികളുടെ കാര്യത്തിലും ദിവസവേതനത്തില്‍ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളാണ് മധ്യപ്രദേശും ഗുജറാത്തും. ഗ്രാമീണ പുരുഷ നിര്‍മാണത്തൊഴിലാളികളുടെ കാര്യത്തില്‍ ദേശീയ ശരാശരി 392.3 രൂപയാണെങ്കില്‍ ഗുജറാത്തിലെ ഗ്രാമീണ നിര്‍മാണ തൊഴിലാളികള്‍ക്ക് ശരാശരി 323.2 രൂപയും മധ്യപ്രദേശില്‍ 278.7 രൂപയും ത്രിപുരയില്‍ 286.1 രൂപയും മാത്രമാണ് ലഭിക്കുന്നത്.
കര്‍ഷക തൊഴിലാളികളുടെ കാര്യത്തിലാണെങ്കില്‍ കഴിഞ്ഞദിവസം വോട്ടെടുപ്പ് നടന്ന മധ്യപ്രദേശിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ ദിവസവേതനം ലഭിക്കുന്നത്. ദേശീയ ശരാശരി 345.7 രൂപ ആയിരിക്കുമ്പോള്‍ മധ്യപ്രദേശിലെ ഗ്രാമപ്രദേശങ്ങളിലെ പുരുഷ കര്‍ഷക തൊഴിലാളികള്‍ക്ക് ദിവസ വേതനം ലഭിച്ചത് വെറും 229.2 രൂപയാണ്. ഏറ്റവും കുറഞ്ഞ പ്രതിദിന വേതനം രേഖപ്പെടുത്തിയ മറ്റൊരു സംസ്ഥാനം ഗുജറാത്താണ്, അവിടെ പുരുഷ കര്‍ഷക തൊഴിലാളികള്‍ക്ക് 241.9 രൂപയാണ് ദിവസക്കൂലി.
309.3 രൂപ ലഭിക്കുന്ന ഉത്തര്‍പ്രദേശും 285.1 രൂപ ലഭിക്കുന്ന ഒഡീഷയുമെല്ലാം ഇക്കാര്യത്തില്‍ പിന്നിലാണ്. വ്യാവസായിക സംസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന മഹാരാഷ്ട്രയില്‍, പുരുഷ കര്‍ഷക തൊഴിലാളികള്‍ക്ക് പ്രതിദിനം 303.5 രൂപയാണ് ലഭിച്ചത്.
സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, മധ്യപ്രദേശിലെ ഒരു ഗ്രാമീണ കര്‍ഷക തൊഴിലാളിക്ക് 25 ദിവസം ജോലി ചെയ്താല്‍ പ്രതിമാസം ഏകദേശം 5,730 രൂപ ലഭിക്കും. ഗുജറാത്തില്‍ ഒരു കര്‍ഷകത്തൊഴിലാളിയുടെ പ്രതിമാസ വേതനം ഏകദേശം 6,047 രൂപയായിരിക്കും.
കര്‍ഷക തൊഴിലാളികളുടെ കാര്യത്തിലും കേരളം ഏറെ മുന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ 764.3 രൂപയാണ് കര്‍ഷക തൊഴിലാളിയുടെ ദിവസവേതനം. കേരളത്തിലെ ഒരു ഗ്രാമീണ കര്‍ഷക തൊഴിലാളിക്ക് ഒരു മാസത്തില്‍ 25 ദിവസത്തെ ജോലിക്ക് ശരാശരി 19,107 രൂപ ലഭിക്കുന്നു.
കര്‍ഷകേതര തൊഴിലാളികളുടെ ദിവസ വേതനത്തിന്റെ കാര്യത്തിലും ഒരാള്‍ക്ക് 696.6 രൂപയുമായി കേരളം സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ്. 2023 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ജമ്മു കശ്മീര്‍ (517.9 രൂപ), തമിഴ്നാട് (481.5 രൂപ), ഹരിയാന (451 രൂപ) എന്നിവ തൊട്ടുപിന്നാലെയാണ്.
കര്‍ഷകേതര തൊഴിലാളികളുടെ കാര്യത്തില്‍, ഏറ്റവും കുറഞ്ഞ വേതനം മധ്യപ്രദേശിലാണ്. ദേശീയ ശരാശരി 348 രൂപയായിരിക്കുമ്പോള്‍ മധ്യപ്രദേശില്‍ ശരാശരി വേതനം 246.3 രൂപയും ഗുജറാത്തില്‍ 273.1 രൂപയും ത്രിപുരയില്‍ 280.6 രൂപയുമാണ്.