എല്ലാ സര്‍വെകളിലും യുഡിഎഫിന് മേല്‍ക്കൈ പ്രവചിച്ച ആറു ഷുവര്‍ മണ്ഡലങ്ങള്‍, അട്ടിമറി നടക്കുമോ?

lok sabha election survey
lok sabha election survey

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വെ ഫലങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി ചാനലുകള്‍ പുറത്തുവിട്ടിരുന്നു. എല്ലാ പ്രമുഖ ചാനലുകളും വിവിധ ഏജന്‍സികളുമായി സഹകരിച്ച് സര്‍വെ നടത്തുകയും ഫലം പുറത്തുവിടുകയും ചെയ്തു. മുന്‍കാല സര്‍വെ ഫലങ്ങള്‍ വിശകലനം ചെയ്താല്‍ ഇത്തരം സര്‍വെകള്‍ ഭൂരിഭാഗവും തട്ടിക്കൂട്ടുന്നതാണെന്ന് വ്യക്തമാകും. തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് രാഷ്ട്രീയ ചായ്‌വോടെ സര്‍വെ ഫലം പുറത്തുവിടുന്നതാണ് പൊതുവെ ചാനലുകളുടെ രീതി.

സര്‍വെ ഫലങ്ങളില്‍ പലതും വിശ്വസനീയമല്ലെങ്കിലും ചില മണ്ഡലങ്ങളിലെ പ്രവചനങ്ങള്‍ ജനങ്ങളെ സ്വാധീനിക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും നിഷ്പക്ഷരായ വോട്ടര്‍മാര്‍, ജയിക്കാന്‍ സാധ്യതുള്ളവര്‍ക്ക് വോട്ട് ചെയ്യുന്നവര്‍ എന്നിവരെയെല്ലാം സര്‍വെ ഫലം സ്വാധീനിച്ചേക്കും. ചാനലുകള്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നടത്തിയ സര്‍വെ ഫലങ്ങളിലെ പ്രവചനങ്ങള്‍ വ്യത്യസ്തമാണെങ്കിലും ചില മണ്ഡലങ്ങളില്‍ സമാനരീതിയിലാണെന്നുകാണാം.

പതിറ്റാണ്ടുകളായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ജയിച്ചുവരികയും ഇത്തവണയും അട്ടിമറി ഉണ്ടാകില്ലെന്നും കരുതുന്ന മണ്ഡലങ്ങളുണ്ട്. ഇവയെല്ലാം യുഡിഎഫിന് അനുകൂലമാണെന്നതാണ് ശ്രദ്ധേയം. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് സ്വീധനമുള്ളതുകൊണ്ടുതന്നെ യുഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതാണ് പതിവ്. ഇക്കുറിയും യുഡിഎഫ് ഉറച്ച ജയപ്രതീക്ഷ പുലര്‍ത്തുന്ന ചില മണ്ഡലങ്ങളുണ്ട്.

മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലങ്ങളായ പൊന്നാനിയും മലപ്പുറവുമാണ് ഇക്കുറിയും യുഡിഎഫിന് കിട്ടുമെന്ന് എല്ലാ സര്‍വെകളും പ്രവചിക്കുന്നത്. ഇതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയും കുറവാണ്. കൂടാതെ, എറണാകുളം, തിരുവനന്തപുരം, ഇടുക്കി, വയനാട് സീറ്റുകളും യുഡിഎഫിനായിരിക്കുമെന്ന് പ്രവചിക്കുന്നുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളും സ്ഥാനാര്‍ത്ഥികളുടെ കരുത്തും വിലയിരുത്തിയാല്‍ സര്‍വെ ഫലം തെറ്റാനുള്ള സാധ്യതയും കുറവാണ്.

അതേസമയം, 2019ലെ രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ല എന്നതുകൊണ്ടുതന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചേക്കില്ല. മാത്രമല്ല, യുഡിഎഫിന് ആധിപത്യമുള്ള മാവേലിക്കര, പത്തനംതിട്ട, ചാലക്കുടി തുടങ്ങിയ മണ്ഡലങ്ങളില്‍ അട്ടിമറി സാധ്യതയാണ് ചില സര്‍വെകള്‍ സൂചിപ്പിക്കുന്നത്. എന്തുതന്നെയായാലും വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത് എന്നതിനാല്‍ വോട്ടര്‍മാരെല്ലാം തങ്ങളുടെ വോട്ട് ആര്‍ക്കാണ് എന്നത് തീരുമാനിച്ചുകഴിഞ്ഞിരിക്കുമെന്നുറപ്പാണ്.

Tags