യുപിയിലെ എല്ലാ മേഖലകളിലും ബിജെപിക്ക് ജനപിന്തുണ നഷ്ടപ്പെട്ടു, ചിലയിടങ്ങളില്‍ എട്ടുനിലയില്‍ പൊട്ടി, കണക്കുകള്‍ ഇതാ

BJP  UP
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 2019ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 സീറ്റും 2014 ലെ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 37 സീറ്റും കുറഞ്ഞു.

സീറ്റുകളേറെ നഷ്ടമായെങ്കിലും ബിജെപിയെ അതിനേക്കാള്‍ അലട്ടുന്നത് മധ്യ, തെക്കന്‍, കിഴക്കന്‍ മേഖലകളിലെ വോട്ട് വിഹിതത്തിലെ ഭയാനകമായ ഇടിവും സംസ്ഥാനത്തെങ്ങുമുണ്ടായിരുന്ന ജനപിന്തുണ നഷ്ടമായതുമാണ്. വാസ്തവത്തില്‍, ആകെയുള്ള 80 സീറ്റുകളില്‍, ഗൗതം ബുദ്ധ നഗര്‍ എന്ന ഒരു മണ്ഡലത്തില്‍ മാത്രമാണ് ബിജെപിയുടെയും സഖ്യകക്ഷികളുടെയും വോട്ട് വിഹിതം 2019 നെ അപേക്ഷിച്ച് കുറയാതിരുന്നത്. ഇതിനര്‍ത്ഥം ബിജെപിയുടെ തകര്‍ച്ച ഒരു സംസ്ഥാന പ്രതിഭാസമായിരുന്നു എന്നാണ്.

ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ ബ്ലോക്ക് 43 സീറ്റുകള്‍ യുപിയില്‍ നേടി. സമാജ്വാദി പാര്‍ട്ടി 37 ഉം കോണ്‍ഗ്രസിന് 6 ഉം. 2019ല്‍ 64 സീറ്റുകള്‍ നേടിയ എന്‍ഡിഎ 36 സീറ്റുകളിലേക്ക് ഒതുങ്ങി. ഒറ്റയ്ക്ക് മത്സരിച്ച ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് സ്‌കോര്‍ തുറക്കാനാകാതെ 9.39% വോട്ട് വിഹിതം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിഎസ്പി ഇന്ത്യ മുന്നണിക്കൊപ്പം ആയിരുന്നെങ്കില്‍ ബിജെപി കൂടുതല്‍ തകര്‍ച്ചയെ നേരിട്ടേനെ.

2019 ല്‍, എന്‍ഡിഎയുടെ വോട്ട് വിഹിതം ഏകദേശം 51.4% ആയിരുന്നു. 2024ല്‍ പശ്ചിമ യുപിയിലെ 16 മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ ശരാശരി വോട്ട് വിഹിതം 47.66 ശതമാനമാണ്. 2019-നെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെ ഇടിവ്. ആര്‍എല്‍ഡി ഇന്ത്യാ ബ്ലോക്കില്‍ കുടുങ്ങിയിരുന്നെങ്കില്‍ ബിജെപിയുടെ വോട്ട് വിഹിതം ഇനിയും കുറയുമെന്ന് ഊഹിക്കാം.

രോഹില്‍ഖണ്ഡിലെ 10 സീറ്റുകളില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 43.12 ആയിരുന്നു. 2019 നെ അപേക്ഷിച്ച് 4.6% ഇടിവുണ്ടായി. ബുന്ദേല്‍ഖണ്ഡിലെ 11 സീറ്റുകളില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 43.55% ആയിരുന്നു. ഇവിടെ 9.65% ആണ് വോട്ട് വിഹിതം കുറഞ്ഞത്. അവധ്-സെന്‍ട്രലിലെ 11 സീറ്റുകളില്‍ എന്‍ഡിഎ 42.02 വോട്ട് വിഹിതം നേടി. 8.28% ആണ് ഇടിവ്. തെക്കന്‍, വടക്കന്‍ പൂര്‍വാഞ്ചല്‍ (കിഴക്കന്‍ യുപി) യിലെ 32 സീറ്റുകളില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 42.12% ആയിരുന്നു. ഇവിടെയും ജനപിന്തുണ നഷ്ടമായി 9.96% ഇടിവുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കടുത്ത വര്‍ഗീയ പരാമര്‍ശം ഉയര്‍ത്തിയാണ് യുപിയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഹിന്ദു വോട്ടുകള്‍ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ദളിത് വോട്ടുകളുള്‍പ്പെടെ ബിജെപിക്കുണ്ടായത് കനത്ത നഷ്ടമാണ്. അവസാനഘട്ടം തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലായിരുന്നു ബിജെപിക്ക് കൂടുതല്‍ തരിച്ചടിയുണ്ടായതെന്നുകാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തന്റെ മണ്ഡലത്തില്‍ വോട്ടുവിഹിതം കുത്തനെ കുറഞ്ഞു. 2019ല്‍ 63.6 ശതമാനമായിരുന്നത് 54.24 ശതമാനം ആയി കുറഞ്ഞു. ബുന്ദേല്‍ഖണ്ഡിലെ ബന്ദയില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 14.06% കുറഞ്ഞ് 32.12% ആയി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയ അമേഠിയില്‍ 11.75% വോട്ട് കുറഞ്ഞ് 37.94% ആയി.

ബിജെപിയുടെ താരപ്രചാരകനും വാരാണസിയിലെ സ്ഥാനാര്‍ത്ഥിയുമായ മോദിക്ക് വാരാണസി ഡിവിഷനിലെ അഞ്ച് മണ്ഡലങ്ങളിലെ പാര്‍ട്ടിയുടെ തകര്‍ച്ച മാറ്റാനായില്ല. അവിടെ ശരാശരി വോട്ട് 41.4% ആയിരുന്നു. മുഖ്യമന്ത്രി ആദിത്യനാഥിന് ആശ്വാസം പകരുന്ന കാര്യം എന്തെന്നാല്‍, തന്റെ രാഷ്ട്രീയ ഗോദയായ ഗോരഖ്പൂര്‍ ഡിവിഷനിലെ ആറ് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ശരാശരി 47.49% വോട്ട് വിഹിതം ലഭിച്ചു എന്നതാണ്.

രാമമന്ദിര്‍ കാര്‍ഡ് കളിച്ചിട്ടും, ഫൈസാബാദിലും അയോധ്യ ഡിവിഷനിലെ മറ്റ് നാല് മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വിഹിതം ശരാശരി 38.85% ആയിരുന്നു. ഇവിടെയുള്ള അഞ്ച് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടു. അസംഗഢ് ഡിവിഷനിലെ എന്‍ഡിഎയുടെ പ്രകടനം ഇതിലും മോശമാണ്, അവിടെ നാല് സീറ്റുകളും നഷ്ടപ്പെട്ട് ശരാശരി വോട്ട് വിഹിതം 34.23% കുറഞ്ഞു.

 

Tags