ലോഹിതദാസ് തിരക്കഥകൾ കൊണ്ട് കണ്ണ് നനയിച്ചവൻ

lohi
lohi

ഹരികൃഷ്ണൻ . ആർ

മലയാളികൾക്ക് എണ്ണമറ്റ കഥാപാത്രങ്ങളെ തൻ്റെ തിരക്കഥയിലൂടെ സമ്മാനിച്ച കലാകാരനാണ് ലോഹിതദാസ് . നല്ല തിരക്കഥയാണ് സിനിമക്ക് ആവശ്യമെന്ന് വീണ്ടും വീണ്ടും  തെളിയിച്ച കലാ നിപുണൻ .

എഴുത്തിൻ്റെ ലോകത്ത് തൻ്റെ കണ്ണുകൾക്ക് വിശ്രമമില്ലെന്നും അത് നിശയിലും നിദ്രയില്ലാതെ കഥാ ശേഷിപ്പിനു വേണ്ടി ഉണർന്നിരിക്കുമെന്നും നമ്മൾ മലയാളികളെ പഠിപ്പിച്ചവൻ .
ആശയ സമ്പുഷ്ടി കൊണ്ട് ആശയ ദാരിദ്ര്യം വന്ന് തീർത്തും മെലിഞ്ഞു പോയ മലയാള സിനിമയെ ഉണർത്തിയത് ലോഹിത ദാസിൻ്റെ പേനകളായിരുന്നു .

ഭരതനും , പത്മരാജനും ശേഷം മലയാള സിനിമ കണ്ട ഏറ്റവും നല്ല തിരക്കഥാ കൃത്ത് അതായിരുന്നു ലോഹിത ദാസ് . പനിനീർ ദലങ്ങളിൽ ഹിമ ബിന്ദു ഇറ്റിറ്റു വീഴും പോലെ ലോഹിത ദാസിൻ്റെ പേനയിൽ നിന്നും സിനിമയും കഥാപാത്രങ്ങളും മലയാള സിനിമയിൽ എന്നും നിറഞ്ഞു നിന്നു .

ജീവിതമാണ് സിനിമയെന്നും അതിലെ കഥയും കഥാപാത്രങ്ങളും തീഷ്ണതയോടെ നമ്മിലേക്ക് അലറി അടുക്കുന്ന അഗ്നി ഗോളങ്ങളാണെന്നും ലോഹിതദാസിൻ്റെ സിനിമകൾ നമ്മെ പഠിപ്പിച്ചു . കഥാ തന്തുവിൽ തുടങ്ങി കഥാന്ത്യം വരെ കഥാപാത്രങ്ങൾ അവരുടെ ജീവിതം ഒരു നെയ്തിരി നാളം പോലെ വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നതായിരുന്നു ലോഹിതദാസ് കഥ പറഞ്ഞ ചിത്രങ്ങൾ .

കിരീടത്തിലെ സേതുമാധവന്നെ  തന്നെ സൃഷ്ടിച്ച ആൾ തന്നെ  അമരത്തിലെ അച്ചൂട്ടിയേയും സൃഷ്ടിച്ചത് ഈ ഒറ്റ കാരണത്താലാണ് . അദ്ദേഹത്തിൻ്റെതായി പുറത്ത് വന്ന സൂത്രധാരൻ , കസ്തൂരിമാൻ  എന്നീ ചിത്രങ്ങൾക്ക് പറയാൻ വേറിട്ടൊരു കഥയും തിരക്കഥാകൃത്ത് , സംവിധായകൻ എന്ന നിലയിൽ ലോഹിത ദാസ് കരുതി വെച്ചിരുന്നു .

ഇരുമ്പ് പൈപ്പ് പോലെ ദൃഡവും കാഠിന്യമേറിയതുമായിരുന്നു ലോഹിതദാസിൻ്റെ തിരക്കഥയും കഥാപാത്രങ്ങളും . ഭൂതകണ്ണാടി എന്ന ഒറ്റ ചിത്രം തന്നെ മതിയാവും അതിന് ഒരു ഉദാഹരണമായി പറയാൻ . കഥാപാത്രങ്ങളെ പഠിക്കാനും അവർക്ക് വേറിട്ടൊരു സത്വ ബോധം നൽകാനും ലോഹിത ദാസ് എന്നും തൻ്റെ തിരക്കഥകളിലൂടെ ശ്രമിച്ചിരുന്നു .

എഴുത്തിൻ്റെ ലോകത്ത് ഒരു ഏകാന്ത പഥികനായി കഴിഞ്ഞു കൂടുമ്പോഴും തൻ്റെ കഥാപാത്രങ്ങളെ വിപ്ലവകരമായി മണ്ണിൽ പുന:സൃഷ്ടിക്കാനും ലോഹിതദാസിന് മാത്രം സാധിച്ചിരുന്നു . അദ്ദേഹം തൻ്റെ കഥാപാത്രങ്ങൾക്ക് നൽകിയ കരുത്ത് വേറൊരാൾക്കും സിനിമയിൽ നൽകാനായിട്ടില്ലെന്നു പറയാം . അതായിരുന്നു സേതുമാധവനും , ഭരതത്തിലെ ഗോപിയുമെല്ലാം .താരാ ജാലങ്ങളെ മണ്ണിൽ അക്ഷര ജപമാലയോടെ വിരിയിച്ച ലോഹിതദാസ് എന്നും നിങ്ങളുടെ കഥാപാത്രങ്ങൾ സിനിമയിൽ തേജോ വലയം തീർത്തു മുന്നേറി കൊണ്ടേ ഇരിക്കും .

Tags