പൊതുസ്ഥലത്തെല്ലാം കുടിയന്മാര്‍ വലിച്ചെറിയുന്ന കുപ്പികള്‍, തിരികെ വാങ്ങുന്നത് നിര്‍ത്തുന്നതോടെ ഇത് ഇരട്ടിക്കും, കോടികളുടെ ലാഭമുള്ള പദ്ധതി നിര്‍ത്തിയത് എന്തിന്? സര്‍ക്കാരിന്റേത് തലതിരിഞ്ഞ തീരുമാനമോ?

Liquor Bottle Buy Back

പൈലറ്റ് ഘട്ടത്തില്‍ തിരുവനന്തപുരത്തും കണ്ണൂരിലുമുള്ള 20 ഔട്ട്ലെറ്റുകളില്‍ നടപ്പാക്കിയ പദ്ധതിയില്‍ ശരാശരി 40 ശതമാനം കുപ്പികള്‍ തിരിച്ചെത്തിയിരുന്നു.

തിരുവനന്തപുരം: കേരളത്തിലെ പൊതുവീഥികളും കടല്‍ത്തീരങ്ങളും മലയോരങ്ങളും എന്നുവേണ്ട ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ഇല്ലാത്ത ഇടങ്ങള്‍ അപൂര്‍വമാണ്. ബെവ്‌കോ വര്‍ഷംതോറും ഏകദേശം 70 കോടി കുപ്പികള്‍ വില്‍ക്കുന്നു. അതില്‍ 80 ശതമാനത്തോളം പ്ലാസ്റ്റിക് ആണ്. ഈ കുപ്പികള്‍ റോഡരികുകളിലും കനാലുകളിലും കടല്‍ത്തീരങ്ങളിലും കുമിഞ്ഞുകൂടി ജലസ്രോതസ്സുകളെ മലിനമാക്കുകയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

പൊതുസ്ഥലത്തെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി 2025 സെപ്റ്റംബറില്‍ തുടങ്ങിയ ഡിപ്പോസിറ്റ് റീഫണ്ട് സ്‌കീം (കുപ്പി ഒന്നിന് 20 രൂപ) ഇപ്പോള്‍ നിര്‍ത്തിയിരിക്കുകയാണ്. പ്രായോഗിക ബുദ്ധിമുട്ടുകളും ജോലിഭാരവും ചൂണ്ടിക്കാട്ടിയുള്ള ഈ തീരുമാനം മാലിന്യനിര്‍മാര്‍ജ്ജനത്തെ പിന്നോട്ടടിപ്പിക്കും.

പൈലറ്റ് ഘട്ടത്തില്‍ തിരുവനന്തപുരത്തും കണ്ണൂരിലുമുള്ള 20 ഔട്ട്ലെറ്റുകളില്‍ നടപ്പാക്കിയ പദ്ധതിയില്‍ ശരാശരി 40 ശതമാനം കുപ്പികള്‍ തിരിച്ചെത്തിയിരുന്നു.  രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം 1.33 ലക്ഷത്തിലധികം കുപ്പികള്‍ ശേഖരിച്ചു. ക്ലീന്‍ കേരള കമ്പനി ഇവ റീസൈക്ലിങ്ങിന് ഏറ്റെടുത്തു. ക്യുആര്‍ കോഡ് സ്റ്റിക്കര്‍ ഉപയോഗിച്ച് ഉപഭോക്താവിന് 20 രൂപ തിരികെ നല്‍കുന്ന ഈ സംവിധാനം, മാലിന്യം കുറയ്ക്കുന്നതിനൊപ്പം റീസൈക്ലിങ് വ്യവസായത്തിനും നിര്‍മാതാക്കള്‍ക്കും ചെലവ് കുറയ്ക്കാന്‍ സഹായിക്കുമായിരുന്നു. പൂര്‍ണമായി നടപ്പാക്കിയാല്‍ മാസത്തില്‍ നാല് കോടി കുപ്പികള്‍ വരെ ശേഖരിക്കാമെന്ന് കണക്കാക്കപ്പെട്ടിരുന്നു.

ഇതൊക്കെ നിലവിലുണ്ടായിരുന്നിട്ടും പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിയത് പ്രായോഗിക പ്രശ്‌നങ്ങള്‍ കാരണമാണെന്ന് ബെവ്‌കോ പറയുന്നു. ഔട്ട്ലെറ്റുകളിലെ തിരക്ക്, ലേബല്‍ ഒട്ടിക്കല്‍, ശേഖരണം തുടങ്ങിയവ ജീവനക്കാര്‍ക്ക് അധികഭാരമായെന്നാണ് പറയുന്നത്.

ഓട്ടോമേറ്റഡ് ശേഖരണ മെഷീനുകള്‍, കുടുംബശ്രീ തൊഴിലാളികളുടെ സഹായം, ഏതൊരു ഔട്ട്ലെറ്റിലും തിരികെ നല്‍കാന്‍ അനുവദിക്കല്‍ തുടങ്ങിയവ നടപ്പാക്കിയാല്‍ ഇത് സമ്പൂര്‍ണ വിജയമാകും. ഇവ നടപ്പാക്കാതെ നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് ഹ്രസ്വകാല സൗകര്യത്തിന് വേണ്ടി ദീര്‍ഘകാല നഷ്ടം ക്ഷണിച്ചുവരുത്തലാണ്.

പദ്ധതി നിര്‍ത്തിയാല്‍ പൊതുസ്ഥലങ്ങളില്‍ വീണ്ടും കുപ്പികള്‍ കുമിഞ്ഞുകൂടും. ലോക്കല്‍ ബോഡികള്‍ക്ക് ക്ലീനിങ് ചെലവ് വര്‍ധിക്കും. പ്ലാസ്റ്റിക് മാലിന്യം മണ്ണിലും ജലത്തിലും കലരുന്നത് കാര്‍ഷിക മേഖലയെയും മത്സ്യബന്ധനത്തെയും ബാധിക്കും. റീസൈക്ലിങ് മൂല്യം നഷ്ടപ്പെടുന്നതും, നിര്‍മാതാക്കള്‍ക്ക് പുതിയ കുപ്പികള്‍ക്കുള്ള ചെലവ് കുറയാത്തതും സാമ്പത്തിക നഷ്ടമാണ്.

തിരിച്ചെത്താത്ത കുപ്പികളുടെ ഡിപ്പോസിറ്റ് തുകകള്‍ സര്‍ക്കാരിന് വരുമാനമായി മാറാമായിരുന്നു. ദീര്‍ഘകാലത്തില്‍ ഇത് കോടിക്കണക്കിന് രൂപയുടെ നഷ്ടമായി മാറും.

പൈലറ്റ് ഘട്ടത്തിലെ 40 ശതമാനം തിരിച്ചുവരവ് തന്നെ വലിയ വിജയമാണ്. പൂര്‍ണമായി നടപ്പാക്കിയാല്‍ ഇത് കൂടുതല്‍ വര്‍ധിക്കും. മറ്റ് സംസ്ഥാനങ്ങളിലെ സമാന പദ്ധതികളുടെ അനുഭവം ഇതിന് തെളിവാണ്. ബെവ്‌കോയുടെ ലാഭവും വില്‍പനയും ഉയര്‍ന്നിരിക്കുമ്പോള്‍ പോലും, പരിസ്ഥിതി ഉത്തരവാദിത്തം ഒഴിവാക്കുന്നത് സര്‍ക്കാരിന്റെ ഹരിത പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്യുന്നു.

മദ്യവില്‍പനയില്‍ നിന്നുള്ള വരുമാനം സംസ്ഥാനത്തിന് പ്രധാനമാണ്. എന്നാല്‍, അതിന്റെ പാര്‍ശ്വഫലമായ മാലിന്യം പൊതുജനത്തിന്റെയും ഭാവി തലമുറയുടെയും ചുമതലയിലാക്കുന്നത് അംഗീകരിക്കാനാവില്ല. കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തുന്നത് കോടികളുടെ സാമ്പത്തിക നഷ്ടവും പരിസ്ഥിതിക്ക് കടുത്ത ആഘാതവും ഉണ്ടാക്കും.

Tags