മെസ്സിക്കുവേണ്ടി ടീം ഒന്നാകെ പോരാടി വിജയം നേടും, പോര്‍ച്ചുഗല്‍ ടീം ക്രിസ്റ്റിയാനോയ്ക്ക് എതിരേയും
ന്യൂയോര്‍ക്ക്: അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി തന്റെ അന്താരാഷ്ട്ര കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി ചേര്‍ക്കുകയാണ്. കോപ്പ അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ജേതാക്കളായതോടെ 2020ന് ശേഷം നാലാമത്തെ കിരീടമാണ് മെസ്സിയും അര്‍ജന്റീനയും നേടുന്നത്. ക്ലബ്ബ് തലത്തില്‍ എല്ലാം നേടിയിട്ടും എക്കാലത്തേയും മികച്ച കളിക്കാരനെന്ന ഖ്യാതിയുണ്ടായിട്ടും രാജ്യത്തിനുവേണ്ടി ഒന്നും നേടിയില്ലെന്ന് പരിഹസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കുമുള്ള മറുപടിയാണ് മെസ്സി മറ്റൊരു കിരീടനേട്ടത്തിലൂടെ നല്‍കുന്നത്.
ലയണല്‍ സ്‌കലോനിയെന്ന മാന്ത്രികന്‍ ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കുകയും മികച്ച യുവ കളിക്കാരെ കണ്ടെത്തി അവരെ മെസ്സിയുമായി കോര്‍ത്തിണക്കുകയും ചെയ്തതാണ് ലോകകപ്പ് ഉള്‍പ്പെടെ നാല് കിരീടനേട്ടത്തിന് ടീമിനെ പ്രാപ്തമാക്കിയത്. സ്‌കലോനിയുടെ കീഴില്‍ ടീമിന്റെ ഒത്തൊരുമ അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും മെസ്സിക്കുവേണ്ടി എല്ലാംകൊടുത്ത് പോരാടുന്ന ഒരു സംഘത്തെ വാര്‍ത്തെടുക്കാന്‍ സ്‌കലോനിക്ക് കഴിഞ്ഞു എന്നാണ് അര്‍ജന്റീനന്‍ ടീമിന്റെ സമീപകാല വിജയങ്ങളെല്ലാം തെളിയിക്കുന്നത്.
തുടര്‍ച്ചയായ ഫൈനല്‍ തോല്‍വികള്‍ക്കുശേഷം ബൂട്ടഴിക്കുകയാണെന്ന് പ്രഖ്യാപിച്ച മെസ്സി ഇനിയൊരിക്കലും കരയരുതെന്ന് കളിക്കാരൊന്നാകെ തീരുമാനമെടുത്തിരുന്നു. ഇക്കഴിഞ്ഞ കോപ്പ അമേരിക്കയിലും അത് കാണാം. ഇക്വഡോറിനെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെസ്സി ആദ്യ ഷോട്ട് പാഴാക്കിയെങ്കിലും ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനസ് രണ്ട് ഷോട്ടുകള്‍ തടുത്തിട്ട് അര്‍ജന്റീനയ്ക്ക് വിജയമൊരുക്കി.
മെസ്സി ഷോട്ട് പാഴായതോടെ എങ്ങിനേയും ജയിക്കണമെന്ന വാശിയുണ്ടായിരുന്നെന്നാണ് മത്സരശേഷം എമി പറഞ്ഞത്. മെസ്സിയെ ഇനിയൊരിക്കല്‍ക്കൂടി കരയിപ്പിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നതായും എമി പറയുകയുണ്ടായി. ഫൈനലിലും മെസ്സിക്കുവേണ്ടി ടീം അംഗങ്ങളുടെ പോരാട്ടം ലക്ഷ്യംകണ്ടു. മെസ്സി പരിക്കേറ്റ് പുറത്തായതോടെ കളി ജയിച്ച് കിരീടം സമ്മാനിച്ചാണ് ടീം ചേര്‍ത്തുപിടിച്ചത്.
ടീമിലെ കളിക്കാരോടെല്ലാം മെസ്സി കാണിക്കുന്ന സ്‌നേഹം അതിശയിപ്പിക്കുന്നതാണ്. ഓരോ കിരീടനേട്ടത്തിനുശേഷവും മെസ്സിയുടെ വിലപിടിപ്പുള്ള സമ്മാനം കളിക്കാരെ തേടിയെത്തും. കളിക്കാരെല്ലാം മെസ്സിക്ക് കുടുംബാംഗത്തെപ്പോലെയാണ്. സഹതാരങ്ങള്‍ക്ക് തിരിച്ചും അതുപോലെത്തന്നെ. അതുകൊണ്ടുതന്നെ സ്വര്‍ണനൂലില്‍ കോര്‍ത്ത മുത്തുകള്‍ പോലെയാണ് മെസ്സിയും സംഘവും ലോക ഫുട്‌ബോളില്‍ തിളങ്ങിനില്‍ക്കുന്നത്.
മെസ്സിയുടെ സമകാലികനും മെസ്സിയോളംപോന്ന പ്രതിഭയുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു യൂറോകപ്പിന് അപ്പുറം രാജ്യത്തിനായി കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തത് ടീം അംഗങ്ങളുടെ പിന്തുണയില്ലാത്തതാണ്. കഴിഞ്ഞ ചില വര്‍ഷങ്ങളായി ടീമില്‍ ഒറ്റപ്പെട്ട നിലയിലാണ് ക്രിസ്റ്റ്യാനോ. സൂപ്പര്‍താരവുമായി സഹകരിക്കാന്‍ ഭൂരിഭാഗം കളിക്കാരും തയ്യാറല്ല. കളിക്കളത്തിലും ക്രിസ്റ്റിയാനോയ്ക്ക് പാസ് നല്‍കാതെ ചില കളിക്കാര്‍ ആരാധകരെ നിരാശപ്പെടുത്തി. മെസ്സിക്കുവേണ്ടി ടീം ഒന്നായി കളിക്കുമ്പോള്‍ അത്തരമൊരു പിന്തുണ സ്വന്തം ടീമില്‍നിന്നും ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
.jpg)

