ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം യുഡിഎഫിനെ മുക്കിക്കളയും, മുന്നറിയിപ്പുമായി കെടി ജലീല്‍

KT Jaleel jamaat e islami
KT Jaleel jamaat e islami

ആര്‍.എസ്.എസും ബി.ജെ.പിയും എങ്ങിനെയാണോ അതേ രൂപത്തിലാണ്  ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും. രണ്ടുകൂട്ടരും മതരാഷ്ട്രമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയിട്ടുള്ള സഖ്യം ആ മുന്നണിയെ മുക്കിക്കളയുമെന്ന മുന്നറിയിപ്പുമായി കെടി ജലീല്‍ എംഎല്‍എ. ആര്‍.എസ്.എസും ബി.ജെ.പിയും എങ്ങിനെയാണോ അതേ രൂപത്തിലാണ്  ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും. രണ്ടുകൂട്ടരും മതരാഷ്ട്രമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

'നമുക്ക് കിട്ടും വോട്ടെല്ലാം, നമ്മുടെതാക്കണം കാര്‍ഖൂനുകളെ'

സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് നാമമാത്രമെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും മൂല്യം നോക്കി വ്യക്തികള്‍ക്കും പിന്നീട് പൊതുകാര്യങ്ങളിലെ സമീപനം നോക്കി വിവിധ മുന്നണികള്‍ക്കും വോട്ടു ചെയ്തിട്ടുണ്ട്. അതാരും ചോദിച്ചിട്ട് നല്‍കിയിട്ടുള്ളതല്ല. അവര്‍ സ്വമേധയാ നല്‍കിയതാണ്. എന്നാല്‍ അവര്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് നടന്ന ഒരു തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫുമായി ഔദ്യോഗിക സഖ്യം ചെയ്തിട്ടില്ല. അത്തരമൊരു ബാന്ധവത്തിന് എല്‍.ഡി.എഫ് ഒരു ഘട്ടത്തിലും മുതിര്‍ന്നിട്ടില്ല. മുതിരുകയുമില്ല. 

എന്നാല്‍ യു.ഡി.എഫ് അങ്ങിനെയാണോ? അവര്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യു.ഡി.എഫിന്റെ ഭാഗമാക്കിയിരിക്കുകയാണ്. അവരോട് പരസ്യമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അത് യു.ഡി.എഫിനെ മുക്കിക്കളയും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഞാനടക്കമുള്ള പലര്‍ക്കും അവര്‍ വോട്ടു ചെയ്തത് രേഖാമൂലമോ അല്ലാതെയോ ആരും ചോദിച്ചിട്ടോ കത്ത് നല്‍കിയിട്ടോ അല്ല. സ്വന്തം ഇഷ്ടപ്രകാരമാണ്. സ്വഇച്ഛ പ്രകാരം വോട്ട് ചെയ്യലും നേതൃത്വങ്ങള്‍ അറിഞ്ഞ് ഔദ്യോഗികമായി സഖ്യം ചെയ്യലും രണ്ടും രണ്ടാണ്.

ആര്‍.എസ്.എസും ബി.ജെ.പിയും എങ്ങിനെയാണോ അതേ രൂപത്തിലാണ്  ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും. ആദ്യ സംഘത്തിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്ര (രാമരാജ്യം) സ്ഥാപനമാണെങ്കില്‍ രണ്ടാമത്തെ കൂട്ടര്‍ നിലകൊള്ളുന്നത് ഇസ്ലാമിക രാഷ്ട്ര നിര്‍മ്മിതിക്കാണ്. ഇരു ആശയങ്ങളും മതനിരപേക്ഷത്ത് വിരുദ്ധമാണ്. ഇന്ത്യയില്‍ സ്വന്തമായി രാഷ്ട്രീയം കയ്യാളുന്ന സംഘടനകളാണ് ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും. രാജ്യത്ത് മതാശങ്ങളുടെ മറവില്‍ മുന്നോട്ടു പോകുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ബി.ജെ.പിയും വെല്‍ഫെയര്‍ പാര്‍ട്ടിയും. 

ആറര പതിറ്റാണ്ടിലധികം ജമാഅത്തെ ഇസ്ലാമി കിണഞ്ഞ് പരിശ്രമിച്ചിട്ടും മൊത്തം മുസ്ലിം സമുദായത്തിലെ രണ്ട് ശതമാനം ആളുകളെ പോലും ആകര്‍ഷിക്കാന്‍ കഴിയാത്ത സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ആദ്യ പരീക്ഷണം പരാജയപ്പെട്ടപ്പോള്‍ രണ്ടാം പരീക്ഷണത്തിന് മുതിര്‍ന്നതിന്റെ ഭാഗമായെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെ കാണാനാകൂ. യു.ഡി.എഫുമായി സഖ്യം ഉണ്ടാക്കിയതിലൂടെ കാര്യങ്ങള്‍ മാറിത്തുടങ്ങി. മുസ്ലിംലീഗുമായി അടുത്തിടെ ജമാഅത്തെ ഇസ്ലാമി ഉണ്ടാക്കിയ രാഷ്ട്രീയ ബാന്ധവം ഒരു പാലമാക്കി സുന്നീ-മുജാഹിദ് വിഭാഗങ്ങളിലേക്ക് കടന്നു കയറാനാണ് അവര്‍ ശ്രമിക്കുന്നത്. 

ലീഗിലെ ആത്മീയ നേതാക്കളെ കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിപ്പിച്ചതിലൂടെ സുന്നീ സമൂഹത്തിന്റെ എതിര്‍പ്പ് കുറക്കാമെന്ന ജമാഅത്തെ ഇസ്ലാമിയുടെ കണക്കുകൂട്ടല്‍ ലക്ഷ്യം കണ്ടാല്‍ സുന്നീ-മുജാഹിദ് സംഘടനകളെ കാലാന്തരത്തില്‍ ഇസ്ലാമിക മതരാഷ്ട്രവാദികള്‍ വിഴുങ്ങും. ലീഗനുകൂല സ്ഥാപനങ്ങളുടെ വാര്‍ഷികത്തിലേക്ക് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി മെമ്പറും വര്‍ഗീയവിഷം ചീറ്റലിന്റെ മൊത്തം കുത്തക ഏറ്റെടുത്തിരിക്കുന്ന ദാവൂദാതികള്‍ ക്ഷണിക്കപ്പെട്ടു തുടങ്ങിയതില്‍ പതിയിരിക്കുന്ന അപകടം സമുദായത്തിലെ മിതവാദികള്‍ കാണാതെ പോകരുത്. 

'നമ്മള്‍ കൊയ്യും വയലെല്ലാം, നമ്മുടെതാകും പൈങ്കിളിയേ' എന്ന ഈരടികള്‍ ചെറിയ ഒരു വകഭേദത്തോടെ ഇപ്പോള്‍ തന്നെ ജമാഅത്തെ ഇസ്ലാമിക്കാന്‍ പാടിത്തുടങ്ങിയിട്ടുണ്ട്; 'നമുക്ക് കിട്ടും വോട്ടെല്ലാം, നമ്മടെതാക്കണം 'കാര്‍ഖൂനു'കളെ'. (കാര്‍ഖൂന്‍ എന്നത് ഉര്‍ദു വാക്കാണ്. അതിന്റെ അര്‍ത്ഥം സജീവ അംഗങ്ങള്‍ എന്നാണ്. ആ പേരിലാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍ അവരുടെ പ്രവര്‍ത്തകരെ വിളിക്കുന്നത് പേരാണ്)
എന്റെ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡില്‍ മല്‍സരിക്കുന്ന 'ഫൈസല്‍ തങ്ങളെ' പരിചയപ്പെടുത്തിയപ്പോള്‍ ലീഗുകാര്‍ സാധാരണ അവരുടെ നേതാക്കളെ കുറിച്ച് പറയുന്നതിനെ കളിയാക്കി പറഞ്ഞ വാക്കുകള്‍ പൊക്കിപ്പിടിച്ച് വരുന്നവരോട് സഹതപിക്കാനല്ലേ കഴിയൂ. ആ സദസ്സില്‍ ഹൈന്ദവ സുഹൃത്തുക്കളടക്കം പങ്കെടുത്തിരുന്നു. ഫൈസല്‍ തങ്ങളെ ഞാന്‍ തമാശയാക്കുകയാണെന്ന് സദസ്യരെല്ലാം മനസ്സിലാക്കിയതു കൊണ്ടാണ് സ്ഥാനാര്‍ത്ഥി ഫൈസല്‍ തങ്ങളും അദ്ധ്യക്ഷയും ഉള്‍പ്പടെ സദസ്യരെല്ലാം ഞാനത് പറഞ്ഞപ്പോള്‍ മുഖത്ത് പുഞ്ചിരി വിടര്‍ത്തിയത്.
 

Tags