ഐസ്‌ക്രീം പാര്‍ലര്‍ കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ഉണ്ടായ നാട്ടില്‍, അതിജീവിതയോട് കനിയുമെന്ന് കരുതുന്നുണ്ടോ, സ്വന്തം പാര്‍ട്ടിയുടെ എംപിയുടെ മകളെപ്പോലും വെറുതെ വിടാന്‍ അലിവു കാണിക്കാത്തവര്‍

Rahul Dileep
Rahul Dileep

സ്വന്തം പാര്‍ട്ടിയുടെ എം.പിയുടെ മകളെപ്പോലും വെറുതെ വിടാന്‍ അലിവു കാണിക്കാത്ത കൊടും ലൈംഗികവൈകൃത കുറ്റവാളി, തമ്പ്രാക്കളുടെയും തമ്പ്രാത്തികളുടെയും വീട്ടിലെ പെണ്‍കുട്ടികളെയും തേടിവരില്ലെന്ന് എന്താണുറപ്പ്.

കോഴിക്കോട്: അതിജീവിതകള്‍ക്ക് നീതി ലഭിക്കാത്ത നാടായി മാറുകയാണിതെന്ന കുറ്റപ്പെടുത്തലുമായി കെടി ജലീല്‍ എംഎല്‍എ. പ്രമാദമായ കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പ്രധാന പ്രതികളെ കുറ്റ വിമുക്തരാക്കി വിധി ഉണ്ടായ നാട്ടില്‍, മനസ്സാക്ഷി ഒട്ടുമേയില്ലാത്ത 'നീതിദേവതകള്‍', 'അതിജീവിത'യോട് കനിയുമെന്ന് കരുതുന്നുണ്ടോ നിഷ്‌കളങ്കരെ? സ്വന്തം പാര്‍ട്ടിയുടെ എം.പിയുടെ മകളെപ്പോലും വെറുതെ വിടാന്‍ അലിവു കാണിക്കാത്ത കൊടും ലൈംഗികവൈകൃത കുറ്റവാളി, തമ്പ്രാക്കളുടെയും തമ്പ്രാത്തികളുടെയും വീട്ടിലെ പെണ്‍കുട്ടികളെയും തേടിവരില്ലെന്ന് എന്താണുറപ്പെന്ന് അദ്ദേഹം ചോദിക്കുന്നു.

tRootC1469263">

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

അതിജീവിതക്കൊപ്പം!
ഇരകള്‍ക്കൊപ്പം!

രണ്ട് പെണ്‍കുട്ടികളുടെ ചിന്നിച്ചിതറിയ തലയും ഉടലും റെയില്‍വെ ട്രാക്കില്‍ കാണപ്പെടുന്നു. ആ കുട്ടികള്‍ ഇറങ്ങി ഓടി എന്ന് പറയപ്പെടുന്ന കെട്ടിടത്തിന്റെ കാവല്‍ക്കാരായ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ സാക്ഷി പറയുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരണപ്പെടുന്നു. പ്രമാദമായ കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പ്രധാന പ്രതികളെ കുറ്റ വിമുക്തരാക്കി വിധി ഉണ്ടായ നാട്ടില്‍, മനസ്സാക്ഷി ഒട്ടുമേയില്ലാത്ത 'നീതിദേവതകള്‍', 'അതിജീവിത'യോട് കനിയുമെന്ന് കരുതുന്നുണ്ടോ നിഷ്‌കളങ്കരെ? 

ഗര്‍ഭഛിദ്രവും ബലാല്‍സംഗവും ഉള്‍പ്പടെ സര്‍വ്വ തെമ്മാടിത്തങ്ങളും ചെയ്ത കൊടും കുറ്റവാളിയോട് ഉദാരസമീപനം സ്വീകരിക്കുന്ന ഏമാന്മാരേ നിങ്ങള്‍ക്കുമില്ലേ പെണ്‍മക്കള്‍? 

സ്വന്തം പാര്‍ട്ടിയുടെ എം.പിയുടെ മകളെപ്പോലും വെറുതെ വിടാന്‍ അലിവു കാണിക്കാത്ത കൊടും ലൈംഗികവൈകൃത കുറ്റവാളി, തമ്പ്രാക്കളുടെയും തമ്പ്രാത്തികളുടെയും വീട്ടിലെ പെണ്‍കുട്ടികളെയും തേടിവരില്ലെന്ന് എന്താണുറപ്പ്? 

പരസ്പര സമ്മതപ്രകാരം നടന്ന ലൈംഗികവേഴ്ച പരാതിയായി ഉന്നയിച്ചാല്‍ അതിനര്‍ത്ഥം പൂര്‍ണ്ണ സമ്മതപ്രകാരമായിരുന്നില്ല ആ കിടപ്പറ പങ്കിടല്‍ എന്നല്ലേ? എന്നിട്ടും സാങ്കേതികത്വത്തിന്റെ മറവില്‍ പ്രതികളെ രക്ഷപ്പെടുത്തുന്നവരെ നീതിയുടെ ആരാച്ചാര്‍മാര്‍ എന്നല്ലേ വിളിക്കേണ്ടത്?  

വിവാഹവാഗ്ദാനം നടത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് എല്ലാം തച്ചുടച്ച ശേഷം ഉറപ്പില്‍ നിന്ന് പിന്തിരിയുന്ന അധമന്‍മാര്‍ക്ക് അനുകൂലമായി വിധിപറയാന്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാത്തവരുടെ നാട്ടില്‍ പെണ്‍മക്കളേ നിങ്ങള്‍ ഒട്ടും സുരക്ഷിതരല്ല!

ഖദറും കളറും വസ്ത്രങ്ങള്‍ മാറും പോലെ ഓരോ രാത്രിയും പുതിയ പുതിയ 'ഇരകളെ' തേടുന്ന ക്രൂരനായ വേട്ടക്കാരന്, ചൂട്ടുപിടിക്കാനും സിന്ദാബാദ് വിളിക്കാനും ന്യായീകരിക്കാനും അനുഗമിക്കാനും, മനുഷ്യരൂപം പൂണ്ട ചെകുത്താന്‍മാരായ സൈബര്‍ ഗുണ്ടകളുള്ള സമൂഹത്തില്‍ വഴിനടക്കുമ്പോള്‍ പോലും പെണ്‍മക്കളേ നിങ്ങള്‍ക്ക് നാലുകണ്ണുകള്‍ വേണം! 

ഈ പിശാചുക്കളുടെ കെണിയില്‍ വീണ് നീതി പ്രതീക്ഷിച്ച് അവസാനം ഓടിയെത്തേണ്ട അഭയകേന്ദ്രങ്ങളുടെ പീഠത്തില്‍ വേട്ടക്കാരെ കാണുമ്പോള്‍ എഴുനേറ്റു നിന്ന് തൊഴുന്നവരാണ് ഇരിക്കുന്നതെന്ന സത്യം, പെണ്‍മക്കളേ നിങ്ങള്‍ ഒരിക്കലും മറക്കരുത്. 

തെറ്റുപറ്റാത്ത മനുഷ്യര്‍ ഉണ്ടാവില്ല. എന്നാല്‍ ഇവിടെ സംഭവിച്ചത് തെറ്റല്ല, മഹാപാപമാണ്, വന്‍ക്രൂരതയാണ്, കൊലച്ചതിയാണ്, തനി തെമ്മാടിത്തമാണ്!
അതിക്രമത്തിന്റെ അങ്ങേയറ്റം സ്ത്രീകളോട് കാണിച്ചിട്ടും സ്ത്രീകള്‍ക്ക് അതൊക്കെ ഇഷ്ടമാണെന്ന് നിര്‍ലജ്ജം മൊഴിഞ്ഞ ജനപ്രതിനിധിയുടെ തലയിലേക്ക് ഇടിത്തീ വീഴാതിരിക്കാന്‍, അനുയായികളേ ചരടുകെട്ടി ആകാശത്തേക്കു കണ്ണുകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചോളൂ. 
എന്നും അതിജീവിതക്കൊപ്പം! എപ്പോഴും ഇരകളോടൊപ്പം!
 

Tags