കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' പദ്ധതി: യാത്രക്കാരുടെ തിരക്കേറി; ചില കണ്ടക്ടർമാരുടെ മോശം പെരുമാറ്റം വിദ്യാർത്ഥിനികൾക്കും ഉദ്യോഗസ്ഥകൾക്കും ദുരിതമാകുന്നു

KSRTC Priyadarshini project Passenger rush Misbehavior of some conductors causing hardship to female students and officials

സൗജന്യമായി യാത്ര ചെയ്യുന്നു എന്ന ഭാവത്തോടെയുള്ള ചില കണ്ടക്ടർമാരുടെ കുറ്റപ്പെടുത്തലുകളും തരംതാഴ്ത്തിയുള്ള സംസാരവും മാനസിക ബുദ്ധിമുട്ട്

കണ്ണൂർ: കേരളത്തിൽ പുതുതായി നടപ്പിലാക്കിയ കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സ്ത്രീ സൗജന്യ യാത്രാ പദ്ധതി ഒരു വശത്ത് വലിയ ആശ്വാസമാകുമ്പോഴും, മറുവശത്ത് ചില കണ്ടക്ടർമാരുടെ മോശം പെരുമാറ്റം യാത്രക്കാർക്ക് ദുരിതമാകുന്നതായി പുതിയ റിപ്പോർട്ടുകൾ.

മുൻകാലങ്ങളിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥിനികളെ കയറ്റാതെ പോകുന്ന സാഹചര്യങ്ങളിൽ കൃത്യസമയത്ത് ക്ലാസുകളിൽ എത്താൻ കഴിയാതെയും, നേരമിരുട്ടും മുൻപ് വീടണയാൻ സാധിക്കാതെയും പെൺകുട്ടികൾ വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. സർക്കാർ കൊണ്ടു വന്ന പുതിയ പദ്ധതി ഈ ദുരവസ്ഥയ്ക്ക് പരിഹാരമായെങ്കിലും, ബസിനുള്ളിൽ ചില ജീവനക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന മോശം സമീപനം വിദ്യാർത്ഥിനികളെ മാനസികമായി വിഷമിപ്പിക്കുന്നുണ്ട്.

സൗജന്യ യാത്രയാണെങ്കിലും കൃത്യമായ കണക്കെടുപ്പിനായി കെ.എസ്.ആർ.ടി.സിയിൽ 'സീറോ വാല്യൂ' ടിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനാൽ ബസിൽ യാത്രക്കാർ കയറുമ്പോൾ ഓരോരുത്തർക്കും ടിക്കറ്റ് നൽകേണ്ടി വരുന്നത് കണ്ടക്ടർമാരുടെ ജോലിഭാരം ഗണ്യമായി വർദ്ധിപ്പിച്ചിരിക്കുകയാണ്.

രാവിലെയും വൈകുന്നേരങ്ങളിലുമുള്ള തിരക്കേറിയ സമയങ്ങളിൽ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ ബസിൽ കയറുമ്പോൾ, ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട സമ്മർദ്ദം കാരണം ചില കണ്ടക്ടർമാർ ഇവരോട് അത്യന്തം മോശമായ രീതിയിൽ പെരുമാറുന്നു എന്നാണ് ഉയരുന്ന പ്രധാന പരാതി.

KSRTC free

മലബാർ മേഖലയിലെ വിവിധ ഡിപ്പോകൾക്ക് കീഴിലുള്ള സർവീസുകളിലാണ് ഇത്തരത്തിലുള്ള പരാതികൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിദ്യാർത്ഥിനികൾക്ക് പുറമെ, സ്ഥിരം യാത്രക്കാരായ വനിതാ ഉദ്യോഗസ്ഥരും സമാനമായ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. പ്രിയദർശിനി പദ്ധതി ആരംഭിക്കുന്നതിന് മുൻപ് ഇതേ കെ.എസ്.ആർ.ടി.സി ബസുകളിൽ കൃത്യമായി പണം നൽകി യാത്ര ചെയ്തിരുന്നവരാണ് തങ്ങളെന്നും, എന്നാൽ സൗജന്യ പദ്ധതി വന്നതിനുശേഷം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമീപനത്തിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥകൾ സാക്ഷ്യപ്പെടുത്തുന്നു.

സൗജന്യമായി യാത്ര ചെയ്യുന്നു എന്ന ഭാവത്തോടെയുള്ള ചില കണ്ടക്ടർമാരുടെ കുറ്റപ്പെടുത്തലുകളും തരംതാഴ്ത്തിയുള്ള സംസാരവും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് വനിതാ യാത്രക്കാർ പറയുന്നു. പദ്ധതി സ്ത്രീ ശാക്തീകരണത്തിന് വലിയ പിന്തുണ നൽകുമ്പോഴും, ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനങ്ങൾ പരിഹരിക്കാൻ ഗതാഗത വകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ksrtc

Tags