കൊട്ടിയൂർ വൈശാഖ മഹോത്സവം ; ഭണ്ഡാരം എഴുന്നള്ളിച്ചു, ഇന്ന് മുതൽ സ്ത്രീകൾക്കും ദർശനം നടത്താം
ആചാരങ്ങളിലെ വൈവിധ്യം കൊണ്ട് ശ്രേഷ്ഠമായ കൊട്ടിയൂരിൽ ദർശനകാലം ആരംഭിച്ചു. പെരുമാളുടെ തിരുവാഭരണങ്ങളും പൂജാകുംഭങ്ങളും വഹിച്ചുകൊണ്ടുള്ള ഭണ്ഡാരം എഴുന്നള്ളത്ത് കൊട്ടിയൂരിലെത്തിച്ചേർന്നു. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് മണത്തണയിലെ കരിമ്പന ഗോപുരത്തിൽ നിന്ന് ഊരാളന്മാരുടെയും അടിയന്തരയോഗത്തിന്റെയും സ്ഥാനികരുടെയും സാന്നിധ്യത്തിൽ ഗജവീരൻമാരുടെ അകമ്പടിയോടെയും വാദ്യമേളഘോഷങ്ങളോടെയും സ്വർണ്ണ കുംഭങ്ങളും രജതകുംഭങ്ങളും കലശപാത്രങ്ങളും തിരുവാഭരണങ്ങൾ അടങ്ങിയ ഭണ്ഡാരങ്ങളും ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ വാളുകളും യാഗഭൂമിയിലേക്ക് എഴുന്നളളിച്ചത്. സ്ത്രീകളുടെ ദർശന കാലത്തിനും ഇതോടെ തുടക്കമായി.

കരിമ്പനക്കൽ ഗോപുരത്തിൽ വെച്ച് അടിയന്തരയോഗം ചേർന്നതോടെയാണ് ഭണ്ഡാരമെഴുള്ളത്തിനുള്ള ചടങ്ങുകൾ ആരംഭിച്ചത്. ഭഗവതി തെയ്യം കോലം അഴിച്ചതോടെ ചപ്പാരം ക്ഷേത്രത്തിൽ നിന്ന് മൂന്ന് വാളുകൾ ഗോപുരത്തിലേക്ക് എഴുന്നള്ളിച്ചു. ഏഴില്ലക്കാർ ഭണ്ഡാരയറ തുറന്ന് സ്വർണ്ണക്കുടം,വെള്ളിക്കുടം,തിരുവാഭരണങ്ങൾ,പൂജാപാത്രങ്ങൾ തുടങ്ങിയവ പുറത്തെടുത്തു. കണക്കപ്പിള്ള ഭണ്ഡാരം കണക്കുനോക്കി നിജപ്പെടുത്തിയശേഷം മുഖമണ്ഡപത്തിലേക്ക് കൊണ്ട് വന്ന് പൂജിച്ചു. ഇതിനുശേഷം ഭണ്ഡാരങ്ങളും, തിരുവാഭരണങ്ങളും, പൂജാപാത്രങ്ങളും സ്വർണ്ണ,വെള്ളി പാത്രങ്ങളും ഉത്സവകാലത്ത് ഉപയോഗിക്കുന്ന മറ്റ് പാത്രങ്ങളും മണത്തണയിൽ നിന്ന് കിലോമീറ്ററുകളോള്ളം കാൽനടയായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

പതിനൊന്ന് മാസത്തെ ഇടവേളയ്ക്കുശേഷം ഇക്കരെ കൊട്ടിയൂരിൽ വാണരുളുന്ന ഉമാമഹേശ്വരന്മാരും മുതിരേരി വാൾ,ചാപ്പാരം ഭഗവതിയുടെ വാളുകൾ എന്നിവ ഭണ്ഡാരങ്ങൾക്കൊപ്പം അക്കരെ സന്നിധാനത്തേക്ക് അർധരാത്രിയോടെ എഴുന്നള്ളി. ശ്രീകോവിലിൽ നിന്ന് പടിഞ്ഞാറെ നടവഴി പുറത്തേക്കിറങ്ങി ആയില്യാർകാവിനു മുന്നിൽ കൂവളത്തറക്ക് സമീപം ശിരസ്സ് നമിച്ച് ദേവീദേവൻമാർ അക്കരെയിലേക്ക് എഴുന്നള്ളി.
ഭക്തഗണങ്ങളെ സങ്കൽപ്പത്തിൽ വാദ്യവൃന്ദങ്ങളോടപ്പം എഴുന്നള്ളിയ ദേവീദേവൻമാർ ബാവലിയിൽ നീരാടി അക്കരെയിലേക്ക് കടക്കുമ്പോൾ പാണിവാദ്യവുമായി ഓച്ചർമാർ അകമ്പടി സേവിക്കും.

മുന്നിൽ സമുദായി പിന്നിൽ വിവിധ അകമ്പടിക്കാർ പിറകിൽ ദേവീദേവൻ എന്നിങ്ങനെ കിഴക്കെ നടവഴി മുഖമണ്ഡപത്തിൽ എത്തും. ദേവീദേവന്മാർ മണിത്തറയിൽ ഉപവിഷ്ടരാകും. മുതിരേരി വാളും മണത്തണ ചാപ്പാരം ദേവീമാരുടെ വാളുകളും ഭണ്ഡാര അറയിൽ സാന്നിധ്യമരുളും. ഇതോടെ സമുദായി കൂത്ത് വിളക്കിൽ നിന്ന് കയ്യാലകളിലേക്ക് ദീപം പകർന്നു നൽകും. ആദ്യ ചടങ്ങായ സഹസ്രകുംഭാഭിഷേകം നവകം,തിരുവത്താഴപൂജ,ശ്രീഭൂതബലി ചടങ്ങുകൾ നടക്കും. .തുടർന്ന് 36 വെള്ളിക്കുടം കൊണ്ട് ജലാഭിഷേകം പനയൂർ നമ്പൂതിരി നടത്തും. പോയ വർഷം അവസാനിപ്പിക്കാതെ ബാക്കി നിർത്തിയ ചടങ്ങുകൾ ഈ വർഷം ഭണ്ഡാരം എഴുന്നള്ളിപ്പ് അക്കരെ ക്ഷേത്രത്തിൽ എത്തിയതോടെ പൂർത്തിയാക്കും. ജൂൺ 20 മകംനാൾ കലംവരവ് വരെയാണ് സ്ത്രീകൾക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുക.

.jpg)

