കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് വ്യത്യസ്തനായി കരുണാകരൻ ചേട്ടൻ..
പല ക്ഷേത്രങ്ങളുടെയും പരിസരത്ത് ബുക്കുകൾ വിൽക്കുന്ന പലരെയും നാം കണ്ടിട്ടുണ്ടാകും. എന്നാൽ വടക്കേ മലബാറിലെ പ്രസിദ്ധമായ കൊട്ടിയൂർ ക്ഷേത്രത്തിലെത്തിയാൽ പാട്ടും പാടി പുസ്തകങ്ങൾ വിൽക്കുന്ന ഒരാളെ നിങ്ങൾക്ക് പരിചയപ്പെടാം.. ക്ഷേത്ര ചരിത്രത്താളുകളാണ് അദ്ദേഹം ഈണത്തിൽ പാടി നടക്കുന്നത്.
പയ്യന്നൂർ കാങ്കോൽ സ്വദേശിയായ ടി കെ കരുണാകരനാണ് കൊട്ടിയൂർ ക്ഷേത്രപരിസരത്ത് പാട്ടുംപാടി പുസ്തകങ്ങളും വിറ്റ് നടക്കുന്നത്. കഴിഞ്ഞ 49 വർഷമായി ജില്ലയിലെ പലക്ഷേത്രങ്ങളുടെ പരിസരത്തും ചരിത്രത്തിന്റെ താളുകളുമായി കരുണാകരനുണ്ട്. വിൽപ്പനയ്ക്കായി കയ്യിലുള്ള കൊട്ടിയൂർ ചരിത്രം കൊട്ടിയൂർ മലയിൽ എന്ന പുസ്തകത്തിൻ്റെ രചയിതാവും ഇദ്ദേഹം തന്നെയാണ്.
ആദ്യകാലത്ത് ചരിത്രമടങ്ങിയ കേസറ്റ് ആയിരുന്നു വിൽപ്പന. പിന്നീട് ചരിത്രം ബുക്കിലാക്കി. കൊട്ടിയൂർ ഉത്സവത്തിന് എത്തുന്നവർ ആരും ചരിത്രം അറിയാതെ പോകരുതെന്നാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്.