അക്കരെ കൊട്ടിയൂരിലെ വിളക്കുകൾ കെടാതെ കാക്കുന്ന മച്ചിൻ പുറത്തെ സ്ഥാനികർ !


ബ്രാഹ്മണ ആചാരങ്ങൾ പോലെ തന്നെ കുറിച്യ, ഒറ്റപ്പിലാന്മാരുടെ ആചാരങ്ങൾക്കും തുല്യ പ്രാധാന്യമുള്ള ക്ഷേത്രമാണ് കൊട്ടിയൂർ. ഇവിടെ ഓരോ കർമ്മങ്ങൾക്കും പ്രത്യേക സ്ഥാനികരും അവർക്ക് പ്രത്യേക പേരുകളും ഉണ്ട്. ഇവരിൽ പ്രധാന സ്ഥാനികരാണ് മച്ചൻ വിളക്കൻ, തറമ്മൽ വിളക്കൻ എന്നീ രണ്ട് സ്ഥാനികർ. വൈശാഖോത്സവ നാളുകളിൽ സന്നിധാനത്തെ വിളക്കുകൾ കെടാതെ കാക്കുക എന്നതാണ് ഇവരുടെ ചുമതല.
tRootC1469263">ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങൾക്കും തുല്ല്യ പ്രാധാന്യമുള്ള കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ വളരെ പ്രത്യേകത ആർന്ന ഒരു ആചാരമാണിത്. സന്നിധാനത്തെ വിളക്കുകൾ കെടാതെ കാക്കുക എന്ന ചുമതലയ്ക്കൊപ്പം തന്നെ ഉത്സവത്തിന് ആവശ്യമായ നിവേദ്യസാധനങ്ങൾ സൂക്ഷിക്കുക എന്നതും മച്ചൻ വിളക്കൻ, തറമ്മൽ വിളക്കൻ എന്നീ സ്ഥാനികരുടെ ചുമതലയാണ്.

മറ്റുള്ളവരെല്ലാം കയ്യാലകളിൽ താമസിക്കുമ്പോൾ ഇവർ 24 മണിക്കൂറും കഴിയുന്നത് മണിത്തറയ്ക്ക് സമീപമുള്ള ഭണ്ഡാര, വാൾ അറയ്ക്ക് മുകളിലെ മച്ചിൻ പുറത്താണ്. പാരമ്പര്യമായി എടയാർ വട്ടക്കുന്നം ഇല്ലകാർക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ഹരികൃഷ്ണൻ നമ്പൂതിരിയും ജയദേവൻ നമ്പൂതിരിയും ആണ് ഉത്സവകാലത്ത് വിളക്കുകളെ കാക്കുന്നത്.
വാൾവരവും നെയ്യാട്ടവും കഴിഞ്ഞ് ഭണ്ഡാരം അക്കരെ സന്നിധിയിൽ പ്രവേശിച്ചതിനുശേഷം വിളക്കുകൾ കത്തിച്ച് തൃക്കലശാട്ടിനു ശേഷം വിളക്കുകൾ അണയ്ക്കുന്നത് വരെ ഈ സ്ഥാനികർ അവിടെ ഉണ്ടാകണം. ക്ഷേത്രസന്നിധിയിലെ ഒരു വിളക്കുകൾ പോലും കെട്ട് പോകാതെ സൂക്ഷിക്കണം എന്നതുകൊണ്ടുതന്നെ 24 മണിക്കൂറും ആണ് ഇവരുടെ ചുമതല എന്നത് എടുത്തു പറയേണ്ട കാര്യമാണ്.