കോട്ടയം കൈവിടുമോ..? ആശങ്കയിൽ യുഡിഎഫ്; തിരിഞ്ഞു നോക്കാതെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം

kottayam udf
kottayam udf

കോട്ടയം: തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കേരളത്തിൽ ട്വന്റി ട്വന്റി നേടുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇടയ്ക്കിടെ തറപ്പിച്ചു പറയുമ്പോഴും കോട്ടയത്തെയോർത്ത് മൗനം പാലിക്കുകയാണ് മറ്റു നേതാക്കൾ. കാരണം സ്ഥാനാര്‍ഥി ഫ്രാൻസിസ് ജോർജിൻ്റെ പാർട്ടിയായ കേരളാ കോൺഗ്രസില്‍ നിന്നുള്ള നേതാക്കളുടെ അടിക്കടിയുള്ള കൊഴിഞ്ഞുപോക്ക് യുഡിഎഫിനെ അടിമുടി ബാധിച്ചിട്ടുണ്ട്.

ജില്ലാ പ്രസിഡണ്ടും യു ഡി എഫ് ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പന്‍, കൊല്ലം ജില്ലാ പ്രസിഡണ്ടും ഉന്നതാധികാര സമിതി അംഗവുമായ അറയ്ക്കല്‍ ബാലകൃഷ്ണ പിള്ള, ഇപ്പോൾ പി.ജെ ജോസഫിൻ്റെ വിശ്വസ്തനും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനുമായ വി.സി. ചാണ്ടിയുൾപ്പെടെ രാജിവച്ചത് വലിയൊരു തിരിച്ചടിയായിരുന്നു. ഇവരാകട്ടെ രാജിവച്ചത് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ്. ഈ ആരോപണങ്ങൾ എല്ലാം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. 

ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ജോസഫ് ഗ്രൂപ്പില്‍ ഉടലെടുത്ത പ്രശ്നങ്ങങ്ങളാണ് ഇപ്പോഴും ആളിക്കത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ജോസഫ് ഗ്രൂപ്പിന്‍റെ മുതിര്‍ന്ന നേതാക്കളാരും കോട്ടയത്തേയ്ക്ക് തിരിഞ്ഞു നോക്കുന്നുപോലുമില്ല. പാര്‍ട്ടിയുടെ ഏക സ്ഥാനാര്‍ഥി മത്സരിക്കുന്ന മണ്ഡലമായിട്ടും മുതിര്‍ന്ന നേതാവ് ടി യു കുരുവിള, മണ്ഡലംകാരനായ തോമസ് ഉണ്ണിയാടന്‍ എക്സ് എം എല്‍ എ, ജോസഫ് പുതുശേരി എക്സ് എം എല്‍ എ എന്നിവരൊന്നും പ്രചാരണ രംഗത്ത് നാമമാത്ര സാന്നിധ്യം ആകാന്‍ പോലുമില്ല എന്നത് പരാതിക്കിടയാക്കിയിട്ടുണ്ട്. 

അതേസമയം സ്ഥാനാര്‍ഥിയെ അയച്ചിട്ടുണ്ട് , ഇനി ജയിപ്പിക്കേണ്ട ചുമതല കോണ്‍ഗ്രസിനാണ് എന്നതാണ് കേരളാ കോണ്‍ഗ്രസ് സമീപനം എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം. അതിനാല്‍ തന്നെ ഇതേ നിസഹകരണം കോണ്‍ഗ്രസ് നേതാക്കളിലും വ്യക്തമാണ്. നേതാക്കന്മാരുടെ നിസ്സഹകരണ മനോഭാവം കൊണ്ട് പലയിടങ്ങളിലും ഒന്നാം ഘട്ട ഭവന സന്ദര്‍ശനം പോലും പൂര്‍ത്തിയായി വരുന്നതേയുള്ളു.
ഈ പ്രശ്നങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ ബാധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.