കണ്ണൂരില്‍ ജയരാജനോട് മുട്ടാന്‍ കെഎം ഷാജി? ലീഗെടുക്കുമോ സിപിഎം തട്ടകം, ഇടതുക്യാമ്പില്‍ ഞെട്ടല്‍

KM Shaji MV Jayajan
KM Shaji MV Jayajan

കണ്ണൂര്‍: കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കോട്ടയായി കരുതുന്ന ജില്ലയാണ് കണ്ണൂര്‍. എണ്ണമറ്റ സിപിഎം നേതാക്കള്‍ക്ക് ജന്മം നല്‍കിയ നാടാണെങ്കിലും കോണ്‍ഗ്രസിനും ജില്ലയില്‍ ഭേദപ്പെട്ട സ്വാധീനമുണ്ട്. പ്രത്യേകിച്ചും നഗരകേന്ദ്രങ്ങളിലും മലയോരങ്ങളിലും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ എന്നുപറയാം. അതുകൊണ്ടുതന്നെ ലോക്‌സഭാ മണ്ഡലത്തിലെ പോരാട്ടത്തിലും ഈ മേധാവിത്വം കോണ്‍ഗ്രസിന് ലഭിക്കാറുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായ കെ സുധാകരനാണ് കണ്ണൂരിലെ എംപി.

മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി പടിവാതില്‍ക്കല്‍ നില്‍ക്കെ കണ്ണൂരിലെ ഏറ്റുമുട്ടലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ജില്ലാ സെക്രട്ടറിയായ എംവി ജയരാജനാണ് സിപിഎമ്മിനായി ഇവിടെ മത്സരിക്കാനിറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. കെ സുധാകരന്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് സൂചനയുമില്ല. അതിനിടെയാണ് കണ്ണൂര്‍ മുസ്ലീം ലീഗിന് കൈമാറാന്‍ സാധ്യത തെളിയുന്നത്.

മൂന്നാം സീറ്റിനായി മുസ്ലീം ലീഗ് കടുംപിടുത്തം തുടരുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ കൈമാറാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നിലവില്‍ കണ്ണൂര്‍ അല്ലെങ്കില്‍ ആലപ്പുഴ മാത്രമേ സിറ്റിങ് എംപിമാര്‍ മത്സരിക്കാത്ത ഇടം കോണ്‍ഗ്രസിനുള്ളൂ. ആലപ്പുഴയില്‍ മുസ്ലീംലീഗ് ദുര്‍ബലരാണെന്നെന്നതുകൊണ്ടുതന്നെ കണ്ണൂര്‍ നല്‍കാനാകും തീരുമാനം. കണ്ണൂര്‍ വിട്ടുനല്‍കിയാല്‍ പിന്നീട് എക്കാലവും ഈ സീറ്റ് ലീഗിനുള്ളതാകും.

മുസ്ലീം ലീഗിന് സ്വാധീനമുള്ള മേഖലയാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. ഇവിടെ മത്സരിക്കാന്‍ അവസരം കിട്ടിയാല്‍ കെഎം ഷാജിയാകും സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സിപിഎം കോട്ടയായ അഴീക്കോട് മത്സരിച്ച് വിജയിച്ചിട്ടുള്ള ഷാജിക്ക് കണ്ണൂര്‍ മണ്ഡലം സൂപരിചിതമാണ്. ഷാജി മത്സരിച്ചാല്‍ ജയം നിശ്ചയമാണെന്നാണ് കോണ്‍ഗ്രസ് അണികളുടേയും വിലയിരുത്തല്‍.

ഷാജി വരികയാണെങ്കില്‍ ജയരാജനുമായി കടുത്ത ഒരു പോരാട്ടത്തിനാകും കണ്ണൂര്‍ സാക്ഷ്യംവഹിക്കുക. ടിപി വധവുമായി ബന്ധപ്പെട്ട് ഷാജി കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകും. തീപ്പൊരി പ്രസംഗത്തിലൂടെ ശ്രദ്ധേയനായ ഷാജിയും ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ സംഘടനാ പാടവമുള്ള ജയരാജനും നേര്‍ക്കുനേര്‍ വരികയാണെങ്കില്‍ ഫലപ്രവചനം അസാധ്യമാകും.

Tags