ജമാഅത്തെ ഇസ്ലാമി തീവ്രവാദത്തിന് വളംവെച്ചുകൊടുക്കുന്നവര്‍, സിമിയുടേയും ഐഎസ്സിന്റേതും പിഡിപിയുടേയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന സൃഗാല ബുദ്ധി, കെ എം ഷാജിയുടെ പഴയകുറിപ്പ് ചര്‍ച്ചയാകുന്നു
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സാന്നിധ്യം വീണ്ടും ചര്‍ച്ചയാവുകയാണ്. പി ജയരാജന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശമാണ് ജമാഅത്തെ ഇസ്ലാമിയെ വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത്. ആര്‍എസ്എസ്സിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചതോടെ പിന്തുണയുമായി മുസ്ലീം ലീഗ് രംഗത്തെത്തി. കഴിഞ്ഞ ചില വര്‍ഷങ്ങളായി യുഡിഎഫിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ജമാഅത്തെ ഇസ്ലാമിയെ അനുകൂലിച്ചുകൊണ്ടാണ് ലീഗ് നേതാക്കളെല്ലാം എത്തിയത്. എന്നാല്‍, ജമാഅത്തെ ഇസ്ലാമിയേയും പിഡിപിയേയുമെല്ലാം തീവ്രനിലപാടുകാരെന്ന് മുദ്രകുത്തി നേരത്തെ അകറ്റി നിര്‍ത്തിയവരാണ് മുസ്ലീം ലീഗ് എന്നതാണ് വസ്തുത.
മുസ്ലീം ലീഗിന്റെ ഇപ്പോഴത്തെ നിലപാട് കോണ്‍ഗ്രസിനെ സംബന്ധിച്ച് തലവേദനയുണ്ടാക്കുന്നതാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിനെതുടര്‍ന്ന് ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകള്‍ കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. ഇതോടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ ജമാഅത്തെ ഇസ്ലാമി തീവ്രവാദ നിലപാടുള്ളവരാണെന്ന് പരസ്യമായി പറയുകയും അവരെ തള്ളിക്കളയുകയും ചെയ്തു.
ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലീംലീഗ് വീണ്ടും പരവതാനി വിരിക്കുമ്പോള്‍ ലീഗ് നേതാവ് കെഎം ഷാജിയുടെ നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. തരാതരംപോലെ ഇത്തരം സംഘടനകളെ തീവ്രവാദികളെന്ന് പറയുകയും വോട്ടിനായി ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന സമീപനമാണ് ഇതിലൂടെ തെളിയുന്നതെന്ന് സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു.
ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകളെ രൂക്ഷമായി വിമര്‍ശിക്കുന്ന ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
മാതൃഭൂമിയില്‍ എഴുതിയ ലേഖനം കൊള്ളേണ്ടിടത്ത് കൊളേണ്ടതുപോലെ കൊണ്ടു എന്നതില്‍ സന്തോഷമുണ്ട്!കൂലിത്തൊഴിലാളികളുടെ പ്രതികരണവും ജമാഅത്ത് പത്രവുമൊക്കെ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട് ! ഐ എസ്സ് നെ ചര്‍ച്ച ചെയ്യും മുമ്പ് കേരളത്തിലെ ഭരണകൂടവും സാംസ്‌കാരിക,രാഷ്ട്രീയ പൊതുസമൂഹവും ഇവ്വിഷയത്തിലെടുക്കേണ്ട(എടുക്കേണ്ടിയിരുന്ന)നിലപാടുകളെന്തായിരുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് മുഖ്യമായും ഞാനീ ലേഖനത്തില്‍ ചെയ്തത്! കേവലം വോട്ടുകള്‍ക്ക് വേണ്ടി നിലപാടുകളില്‍ മാറ്റം വരുത്തുകയും താല്‍ക്കാലിക ലാഭങ്ങള്‍ക്ക് വേണ്ടി ഉത്തരവാദിത്വങ്ങള്‍ മറക്കുകയും ചെയ്യുന്നവരെ പരാമര്‍ശിക്കുക എന്നതുമായിരുന്നു ലേഖനത്തില്‍ സ്വീകരിച്ച രീതി.
മറ്റൊന്ന്, കേരളത്തിലെ മുസ്ലിം സമൂഹത്തെ മത തീവ്രവാദത്തികന്റ പിടിയിലകപ്പെടാതെ സൂക്ഷിക്കുകയും അവരുടെ ഊര്‍ജജത്തെ സക്രിയമായി തിരിച്ച് വിടുകയും ചെയ്തതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് സമസ്ത, മുജാഹിദ് പ്രസ്ഥാനങ്ങളാണ്.
എന്നൊക്കെ കേരളത്തില്‍ തീവ്രവാദത്തിന്റെ മുകുളങ്ങള്‍ മുളച്ച് പൊന്തിയിട്ടുണ്ടോ അന്നൊക്കെ അതിനെ മുളയില്‍ നുള്ളിയെടുക്കാന്‍ രാപ്പകല്‍ അദ്ധ്വാനിച്ചതും ഇവര്‍ തന്നെ!
ജമാഅത്തെ ഇസ്ലാമിയുടെ വാത്സല്ല്യ സന്താനങ്ങളായി സിമി വന്നപ്പോഴും ഐ എസ്സെസ്സും പിഡിപിയും വന്നപ്പോഴും എന്‍ ഡി എഫ് വന്നപ്പോഴുമൊക്കെ ഇവരുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ സൃഗാല ബുദ്ധിയെ മറി കടന്ന് പോകാന്‍ ഈ കൂട്ടായ്മക്ക് സാധിച്ഛിട്ടുണ്ട്!
എന്നാല്‍ ഐ എസ് ഐ എസ്സ് ലോകത്തിന് മുമ്പില്‍ വന്യമായ ഭീകരതയായി പ്രത്യക്ഷപ്പെട്ടു വന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ മതതീവ്രവാദത്തിന്റെ അടിവേരുകള്‍ പരിശോധിക്കാന്‍ പൊതുസമൂഹം തയ്യാറാകുമെന്ന് ബോധ്യമുള്ള ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും ആളുകള്‍ തന്ത്രപരമായി ചര്‍ച്ചയെ വഴി തിരിച്ചു വിടാനാണ് ശ്രമിച്ചത്!
തീവ്രവാദത്തിന്റെ കാരണക്കാരത്രയും ആഗോള റാഡിക്കല്‍ സലഫിസമാണെന്നും കേരളത്തിലെ മുജാഹിദുകള്‍ അവരുടെ നേരവകാശികളാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ജമാഅത്തെ ഇസ്ലാമി നടത്തികൊണ്ടിരിക്കുന്നത്!എന്നാല്‍ ഹിംസാത്മക സലഫിസവും മൗദൂദിസവും കുത്വ്ബിസവും രണ്ടല്ല,ഒന്നാണെന്ന സത്യത്തെ അവര്‍ കറുത്ത തുണിയാല്‍ മൂടുകയും ചെയ്യുന്നു!അബൂബക്കര്‍ ബാഗ്ദാദി ഉള്‍പ്പെടെയുള്ള കൊടും ഭീകരര്‍ക്ക് പ്രചോദനമാകുന്നത് മൗദൂദി വിഭാവനം ചെയ്ത ഇസ്ലാമിക സാമ്രാജ്യത്വവും,അള്ളാഹുവിന്റെ ഭൂമിയില്‍ അവന്റെ ഭരണത്തിന് വേണ്ടിയുള്ള മൗദൂദിയുടെ സായുധ ഇസ്ലാം ആഹ്വാനവും ആണെന്ന സത്യവും ജമാഅത്തെ ഇസ്ലാമിക്കാര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു!ഈ സന്ദര്‍ഭത്തില്‍ കേരളീയ സാമൂഹിക മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിക്കുകയും രാജ്യത്തെ ഭരണഘടനയോട് വിധേയത്വം പുലര്‍ത്തി മത പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന മുജാഹിദ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതില്‍ അപകടകരമായ പ്രശ്‌നങ്ങളുണ്ട്.അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് കേരളത്തിലെ സലഫികളെക്കുറിച്ച് പൊതു സമൂഹത്തിന് വിലയിരുത്താന്‍ എന്റെ ലേഖനത്തില്‍ ഇത് പ്രതിപാദ്യ വിഷയമായത്!ലേഖനത്തിന്റെ ഈ സ്പിരിട്ടിനെ മറി കടക്കാനാണ് ജമാഹത്തുകാര്‍ ഷിറാസ് മെഹറിന്റെ പ്രയോഗത്തില്‍ കെട്ടി ചുറ്റി നില്‍ക്കുന്നത്!നദ്വി സാഹിബിനെപ്പോലെ മഹോന്നതനായ ഒരു പണഡിതനെ തീവ്രവാദത്തിന്റെ പക്ഷത്ത് നില നിര്‍ത്തണമെന്ന് ഒരു പക്ഷേ ജമാഅത്തുകാര്‍ അഭിലഷിക്കുന്നുണ്ടാകാം.പക്ഷേ ഞാനങ്ങനെ പറയുമെന്ന് അവര്‍ വെറുതെ ആശിക്കേണ്ടതില്ല!പക്ഷേ നദ്വി സാഹിബിന് ജമാഅത്ത് പശ്ചാത്തലമുണ്ടായിരുന്നുവെന്നത് 'മൈ ലൈഫ് വിത്ത് മൗലാന മൗദൂദി 'എന്ന സ്വന്തം പുസ്തകത്തില്‍ അദ്ധേഹം തന്നെ വ്യക്തമാക്കിയതാണ്!അല്ലെങ്കിലും അതിലെന്താണ് തെറ്റ്? അദ്ദേഹം തന്നെ അതിനെ തിരുത്തുന്ന സുന്ദരമായ കാഴ്ച്ചയും ലോകം കാണുകയുണ്ടായി..ജാഹിലിയ്യാ കാലം കടന്നു വന്ന എത്രമാത്രം മാതൃകാ സ്വഹാബക്കളുണ്ട് ഇസ്ലാമില്‍ നമുക്ക് നിദര്‍ശനങ്ങളായിട്ട്!
പക്ഷേ വിഷയത്തെ വഴി തിരിച്ച് വിടാന്‍ ജമാഅത്ത് ആഘോഷപൂര്‍വ്വം ഇത് പ്രചരിപ്പിക്കുകയായിരുന്നു!
എന്റെ കുടികെടപ് വിഷയങ്ങള്‍ പോലും ലീഡിങ് ന്യൂസാക്കുന്ന ജമാഅത്തു പത്രത്തിന്റെയും ചാനലിന്റെയും താല്‍പര്യങ്ങള്‍ ആര്‍ക്കും മനസ്സിലാകും
എന്നാല്‍ വേറെ ചില അവതാരങ്ങള്‍ ഇതിലേക്ക് കഥയറിയാതെ കടന്ന് വരികയാണ്! ഞാനൊരിക്കലും മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെക്കുറിച്ചോ മതപരവും ആത്മീയവുമായ അവരുടെ നിലപാടുകളെക്കുറിച്ചോ അല്ല എന്റെ ലേഖനത്തില്‍ ചര്‍ച്ച ചെയ്തത്!
ചിലയാളുകള്‍ക്ക് എന്നെ മുജാഹിദാക്കാനാണു ഇതിനിടയില്‍ താല്‍പര്യം.മറ്റ് ചിലര്‍ക്ക് ഞാന്‍ മുസ്ലിമേ അല്ലെന്ന് സ്ഥാപിച്ചെടുക്കാനും , ഇതെനിക്ക് അറിയാവുന്ന കാര്യമാണ്!പക്ഷേ ഞാനിന്നുവരെ കേരളത്തിലെ ഒരു മത സംഘടനയിലും മെംബര്‍ഷിപ്പ് എടുത്തിട്ടില്ല! അതുകൊണ്ടുതന്നെ ഏതെങ്കിലും സംഘടനയുടെ വക്കാലത്ത് ഏറ്റെടുക്കേണ്ട കാര്യവും എന്നെ സംബന്ധിച്ചില്ല! ഇങ്ങനെ പൊതു മുസ്ലിം സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുന്ന എന്നെപ്പോലൊരാളുടെ അഭിപ്രായങ്ങള്‍ ഏതെങ്കിലും പക്ഷത്ത് ചേര്‍ത്ത് വെച്ച് എന്റെ അഭിപ്രായങ്ങളെ ചെറുതാക്കാനാണ് ശ്രമമെങ്കില്‍ ആയിക്കോട്ടെ! (അതാര്‍ക്കെങ്കിലും സന്തോഷമാകുമെങ്കില്‍ നടക്കട്ടെ )
ഒരു കാലത്ത് എന്‍ ഡി എഫിന്റെ അതിശീഘ്രമായ കടന്ന് വരവിലൂടെ ജമാഅത്തെ ഇസ്ലാമിയുടെ മുഖം രക്ഷിച്ചെടുക്കാനുള്ള ശ്രമം നടന്നപ്പോള്‍ അവരെ ഒരുമിച്ച് നേരിട്ട് കേരളത്തിന്റെ തെരുവുകളില്‍ അവരെ വിവസ്ത്രരാക്കിയത് എസ് കെ എസ് എസ് എഫും,എം എസ് എമ്മും മുസ്ലിം യൂത്ത് ലീഗും ഒരുമിച്ചാണ്.
എന്താണ് കെ എം ഷാജിയെന്നും എവിടെയാണ് ഷാജി നില്‍ക്കുന്നതെന്നും എന്റെ ആശയമെന്താണെന്നുമറിയാന്‍ (പുതിയ സംശയം ഉദിച്ച സഹോദരന്‍ ) ജമാഅത്തെ ഇസ്ലാമിയുടെയും മാധ്യമത്തിന്റെയും ഓഫീസിലൊന്നും കയറി നിരങ്ങണമെന്നില്ല! (പുതിയ മീഡിയാ സുഹൃത്തിനോടും ചോദിക്കേണ്ടതില്ല )
കൂടെയുള്ള നാസര്‍ ഫൈസിയോട് ചോദിച്ചാല്‍ മതിയാകും.
ഞാനെഴുതിയ ലേഖനത്തിനകത്ത് ഒരു വാക്ക് കൊണ്ടുപോലും പരാമര്‍ശിക്കാത്തവരും ആയുധമെടുത്ത് തെരുവിലിറങ്ങുന്നതിന്റെ പുതിയ കൂട്ട് കെട്ട് മനസ്സിലാവുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ദംഷ്ട്രങ്ങള്‍ ചെന്നു നില്‍ക്കുന്നത് എത്രവലിയ പരിധിയേയും മറികടന്നാണെന്നതു നമ്മെ ഓര്‍മ്മപെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്
(എന്നെ മുജാഹിദാക്കുന്ന തിരക്കിനിടയില്‍ ഇയാള്‍ അറിയാതെ ജമാഅത്താവാതെ നോക്കുന്നതു നാന്നാവും)
ഞാന്‍ വീണ്ടും പറയുന്നു!
ആള്‍ബലത്തിന്റെ പേര് പറഞ്ഞോ വോട്ടിന്റെ എണ്ണം പറഞ്ഞോ എന്നെ പേടിപ്പിക്കരുത്!
നാലോ നാല്പതോ വോട്ട് വാങ്ങി വിജയിക്കുക എന്ന ലക്ഷ്യം മാത്രമുള്ളവരെ ഭയപ്പെടുത്തുന്നതാവും നന്നാവുക!
ജമാഅത്തെ ഇസ്ലാമി ഏറ്റവും കൂടൂതല്‍ എനിക്കെതിരെ പ്രകോപിതമാകുന്ന വസ്തുത കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി കേരളീയ മുസ്ലിം സമൂഹത്തോട് ഞാന്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ കറുത്ത ആശയങ്ങളുടെ പൂര്‍ത്തീകരണത്തിന് ഏറ്റവും വലിയ പ്രതിബന്ധമായി നില്‍ക്കുന്ന മുസ്ലിം എസ്റ്റാബ്ലിഷ്‌മെന്റുകളില്‍ ധ്രുവീകരണം നടത്തി തകര്‍ക്കുക എന്നതാണത്!
(ജെ ഡി ടി ഹസ്സനാജി എന്ന സാത്വികനായ മനുഷ്യന്‍ ജമാഅത്തിന്റെ ഈ കുടിലതന്ത്രങ്ങളുടെ എക്കാലത്തെയും രക്ത സാക്ഷിയാണ്!)
ആ കുടില തന്ത്രങ്ങള്‍ ഇന്ന് കേരളത്തിലെ മുജാഹിദുകള്‍ക്ക് നേരെയാണെങ്കില്‍ നാളെയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയായിരിക്കും.
ഈ തിരിച്ചറിവാണ് പ്രധാനം!നവോത്ഥാനത്തിനും നവനിര്‍മിതിക്കും വേണ്ടി പണിയെടുത്ത കേരളത്തിലെ ഈ മുസ്ലിം സംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയാല്‍ നശിപ്പിക്കപ്പെടുന്നത് കേരളീയ മുസ്ലിം സമൂഹത്തിന്റെയും വ്യവസ്ഥിതിയുടെയും സര്‍വ്വനാശമാണെന്ന് ഞാന്‍ വിചാരിക്കുന്നു!
സമസ്തയുംഅതിന്റെ ഋഷിതുല്യരായ
നേതൃത്ത്വവും മുജാഹിദ് പ്രസ്ഥാനവും , ദക്ഷിണ കേരളയും ഒക്കെ ഒരുമിച്ചുണ്ടാക്കിയ മഹോന്നതമായൊരു പാരമ്പര്യമുണ്ടിവിടെ .. അതു തകര്‍ക്കാന്‍ വരുന്നവന്‍ ഏതു കൊന്‍പത്തുള്ളവനായാലും
അതിനെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും
അതു എത്ര വലിയ നഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കിയാലും