''കെ.സിയും ജോമോനും ചേർന്ന് എന്നെ പെടുത്തിയതാണെന്ന് മാണിസർ!'' ; മാക്കേക്കടവ്-നേരേകടവ് പാലത്തിന് പിന്നിലെ രാഷ്ട്രീയ കഥ

"Mani Sir claims K.C. and Jomon conspired to frame him!" — The political story behind the Makkekkadavu-Nerekadavu bridge.

''മാണിസാറിന്റെ പാർട്ടിക്ക് പാലയിൽനിന്ന് കോട്ടയത്തും പത്തനംതിട്ടയിലും മാത്രം വളർന്നാൽ മതിയോ? ആലപ്പുഴയിലേക്കും വളരണ്ടേ? അതിന് ഈ പാലം സഹായകരമാകില്ലേ?''

 കെ.സി. വേണുഗോപാലും ജോമോനും കൂടി എന്നെ പെടുത്തിയതാണ്.മാക്കേക്കടവ്-നേരേകടവ് പാലത്തെക്കുറിച്ച് ഒരിക്കൽ അന്നത്തെ ധനമന്ത്രി കെ.എം. മാണി തന്നെ തുറന്നുപറഞ്ഞ വാക്കുകളാണിത്. പാലം യാഥാർഥ്യമാക്കാൻ കെ.സി. വേണുഗോപാലും ജോസ് കെ. മാണിയും ചേർന്ന് നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള ആ തുറന്നുപറച്ചിലിനു പിന്നിൽ, ഒരു നാടിന്റെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതങ്ങൾക്കുള്ള പരിഹാരത്തിന്റെ കഥയുണ്ട്. രാഷ്ട്രീയ നയതന്ത്രത്തിന്റെ രസകരമായൊരു അധ്യായവുമുണ്ട്.

മാണിസാറിന്റെ ആ പരാമർശത്തിന് കെ.സി. വേണുഗോപാൽ നൽകിയ മറുപടിയായിരുന്നു അതിലും കൗതുകകരം.

''മാണിസാറിന്റെ പാർട്ടിക്ക് പാലയിൽനിന്ന് കോട്ടയത്തും പത്തനംതിട്ടയിലും മാത്രം വളർന്നാൽ മതിയോ? ആലപ്പുഴയിലേക്കും വളരണ്ടേ? അതിന് ഈ പാലം സഹായകരമാകില്ലേ?''

നയതന്ത്ര നീക്കങ്ങളെ കുറിച്ചുള്ള ഈ നർമം നിറഞ്ഞ സംഭാഷണത്തിനപ്പുറം, രണ്ടു കരകളെ ബന്ധിപ്പിക്കുന്ന ഒരു പാലത്തിന്റെ രാഷ്ട്രീയവും വികസനപരവുമായ പ്രാധാന്യമാണ് കെ.സി. വേണുഗോപാൽ മാണിസാറിന് മുന്നിൽ അവതരിപ്പിച്ചത്. പാലം വന്നാൽ ജനങ്ങൾക്ക് യാത്രാസൗകര്യം മെച്ചപ്പെടും. അതിലൂടെ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടും.വ്യാപാരവും വികസനവും പുതിയ മേഖലകളിലേക്ക് വ്യാപിക്കും. രാഷ്ട്രീയമായി നോക്കിയാൽ, ഒരു പാലം ജനങ്ങളിലേക്കുള്ള ബന്ധംകൂടിയാണെന്ന സന്ദേശം കൂടിയായിരുന്നു ആ മറുപടി.

"Mani Sir claims K.C. and Jomon conspired to frame him!" — The political story behind the Makkekkadavu-Nerekadavu bridge.

ഇന്ന് മാക്കേക്കടവ്-നേരേകടവ് പാലം യാഥാർഥ്യത്തിലേക്ക് മുന്നേറുമ്പോൾ, ഈ സംഭാഷണം ഓർമിപ്പിക്കുന്നത് ഒരു കാര്യം മാത്രമാണ്.വികസനപദ്ധതികൾ പ്രഖ്യാപിക്കുന്നതുകൊണ്ടല്ല, പ്രതിസന്ധികളിൽ അവയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നതുകൊണ്ടാണ് യാഥാർഥ്യമാകുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ 2011-12ലെ ബജറ്റിൽ ഇടംപിടിച്ച പദ്ധതിയായിരുന്നു തുറവൂർ-പമ്പാ പാതയുടെ ഭാഗമായ ഈ പാലം. ആലപ്പുഴയെയും കോട്ടയത്തെയും വേമ്പനാട് കായലിന് കുറുകെ ബന്ധിപ്പിക്കുന്ന പദ്ധതി, ശബരിമല തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാമാർഗം ഒരുക്കുന്നതിനൊപ്പം നിരവധി പ്രദേശങ്ങളിലെ ജനങ്ങളുടെ ദൈനംദിന യാത്രാദുരിതങ്ങൾക്കും പരിഹാരമാകേണ്ടതായിരുന്നു.

എന്നാൽ പദ്ധതി പ്രഖ്യാപിച്ചതുപോലെ മുന്നോട്ടുപോയില്ല. സാമ്പത്തികപരിമിതികളും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും നിർമാണച്ചെലവിലെ മാറ്റങ്ങളും പലഘട്ടങ്ങളിലും പ്രതിസന്ധികൾ സൃഷ്ടിച്ചു. പദ്ധതി അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയും ശക്തമായി.

ഈ ഘട്ടങ്ങളിലാണ് ആലപ്പുഴയുടെ ജനപ്രതിനിധിയായിരുന്ന കെ.സി. വേണുഗോപാലിന്റെ ഇടപെടലുകൾ പ്രസക്തമാകുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമായ തൈക്കാട്ടുശ്ശേരി പാലത്തിന്റെ നിർമാണത്തിന് ആവശ്യമായ സാമ്പത്തികസഹായം ഉറപ്പാക്കുന്നതിന് അദ്ദേഹം ശ്രമിച്ചു. നബാർഡ് ചെയർമാനെ തുറവൂരിലെത്തിച്ച് പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യവും ശബരിമലയിലേക്കുള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താൻ നടത്തിയ ഇടപെടലുകൾ പദ്ധതിക്ക് പുതിയ പ്രതീക്ഷ നൽകി. വൈക്കം, പാലാ തുടങ്ങിയ പ്രദേശങ്ങളിലെ തീർഥാടനകേന്ദ്രങ്ങളുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ഇടപെടലുകളിലൂടെ പാലത്തിന്റെ നിർമാണത്തിന് ആവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനുള്ള ഉറപ്പ് നബാർഡ് ചെയർമാനിൽ  നിന്ന് നേടാൻ കെ.സി. വേണുഗോപാലിന് സാധിച്ചു. കടലാസിൽ ഒതുങ്ങിപ്പോകുമായിരുന്ന പദ്ധതിക്ക് പുതുജീവൻ ലഭിച്ചതും തൈക്കാട്ടുശ്ശേരി പാലത്തിന്റെ നിർമാണം നബാർഡിന്റെ സാമ്പത്തികസഹായത്തോടെ പൂർത്തിയാക്കാൻ വഴിയൊരുങ്ങിയതും ഈ ശ്രമങ്ങളുടെ ഫലമായിരുന്നു.

തുടർന്ന് മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ നിർമാണമാണ് പ്രധാന വെല്ലുവിളിയായത്. സംസ്ഥാനത്തിന്റെ സാമ്പത്തികപരിമിതികൾക്കൊപ്പം സാങ്കേതികവും നിയമപരവുമായ തടസ്സങ്ങളും പദ്ധതിയുടെ മുന്നോട്ടുള്ള യാത്രയെ ബാധിച്ചു.

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി പലഘട്ടങ്ങളിലും ചർച്ചകൾ നടത്തി പദ്ധതിയുടെ പ്രാധാന്യവും ഭാവിസാധ്യതകളും ബോധ്യപ്പെടുത്താൻ കെ.സി. വേണുഗോപാൽ ശ്രമിച്ചു. എന്നാൽ സാമ്പത്തികപ്രതിസന്ധികൾ പരിഹാരത്തിന് തടസ്സമായി നിന്നു.

അവിടെയാണ് കെ.എം. മാണിയുമായുള്ള കൂടിക്കാഴ്ച നിർണായകമാകുന്നത്. അന്നത്തെ ധനമന്ത്രിയായിരുന്ന മാണിസാറിനെ നേരിൽക്കണ്ട് പദ്ധതിയുടെ വികസനപ്രാധാന്യം വിശദീകരിക്കാൻ കെ.സി. വേണുഗോപാൽ തീരുമാനിച്ചു. ജോസ് കെ. മാണിയെയും കൂട്ടിയുള്ള ആ കൂടിക്കാഴ്ചയിൽ, പാലം ആലപ്പുഴയുടെയും കോട്ടയത്തിന്റെയും മാത്രമല്ല, പത്തനംതിട്ട ഉൾപ്പെടെയുള്ള മേഖലകളുടെയും വികസനത്തിന് എങ്ങനെ സഹായകരമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ശബരിമല തീർഥാടനപാതയ്ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി, വിവിധ പ്രദേശങ്ങൾ തമ്മിലുള്ള യാത്രാസൗകര്യത്തിന്റെ വർധന, വ്യാപാര-വാണിജ്യ മേഖലകളുടെ വളർച്ച, പുതിയ വികസനസാധ്യതകൾ  പാലത്തിന്റെ പ്രയോജനങ്ങൾ പലതരത്തിൽ അദ്ദേഹം അവതരിപ്പിച്ചു.

പാലാ കേന്ദ്രീകരിച്ച് വളർന്ന രാഷ്ട്രീയബന്ധങ്ങൾ ആലപ്പുഴയിലേക്കും വ്യാപിപ്പിക്കാമെന്ന നർമം കലർന്ന മറുപടി, അടിസ്ഥാനസൗകര്യ വികസനത്തിന്റെ പ്രാധാന്യം ലളിതമായി അവതരിപ്പിക്കുന്നതായിരുന്നു. മാണിസാറിന്റെ തുറന്നുപറച്ചിൽ ഈ ഇടപെടലിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലേക്കുള്ള കൗതുകകരമായൊരു ജാലകവുമാണ്.

ഏകദേശം 800 മീറ്റർ നീളവും 22 സ്പാനുകളുമുള്ള മാക്കേക്കടവ്-നേരേകടവ് പാലം പൂർത്തിയാകുന്നതോടെ അരൂർ, തുറവൂർ, തൈക്കാട്ടുശ്ശേരി, ഉദയനാപുരം തുടങ്ങിയ മേഖലകളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും. ദീർഘദൂര യാത്രകൾ എളുപ്പമാകുന്നതിനൊപ്പം യാത്രാസമയം ലാഭിക്കാനും പ്രാദേശിക സാമ്പത്തികമേഖലയ്ക്ക് ഉണർവേകാനും പാലത്തിന് കഴിയും. വലിയ ബാർജുകളുടെ സഞ്ചാരം സുഗമമാക്കുന്നതിനുള്ള നാവിഗേഷൻ സ്പാനുകളും ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളും പദ്ധതിയുടെ പ്രധാന സവിശേഷതകളാണ്.

വേമ്പനാട് കായലിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന ഈ പാലം ഒരു ഗതാഗതപദ്ധതി മാത്രമല്ല. ജനങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുന്ന, പ്രദേശങ്ങളുടെ വികസനസാധ്യതകൾ വിപുലീകരിക്കുന്ന, പുതിയ സാമ്പത്തികബന്ധങ്ങൾക്ക് വഴിയൊരുക്കുന്ന അടിസ്ഥാനസൗകര്യമാണ്.

ഈ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിൽ വിവിധ ഘട്ടങ്ങളിൽ പങ്കുവഹിച്ച എല്ലാവരെയും ഓർക്കേണ്ടതുണ്ട്. പദ്ധതിക്ക് ബജറ്റിൽ ഇടം നൽകിയ ഉമ്മൻചാണ്ടി സർക്കാർ,പദ്ധതി തടസ്സങ്ങളിൽ കുടുങ്ങിയപ്പോഴെല്ലാം അതിന് പരിഹാരം കണ്ടെത്താൻ ശ്രമിച്ച കെ.സി. വേണുഗോപാലിന്റെ ഇടപെടലുകൾ, പ്രതിസന്ധികൾക്കിടയിലും സാമ്പത്തികസഹായത്തിനും രാഷ്ട്രീയ തീരുമാനങ്ങൾക്കും വേണ്ടി നടത്തിയ കെഎം മാണിയുടെ ഇടപെടലുകൾ, നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സംവിധാനങ്ങൾ  ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ട്.

മാക്കേക്കടവ്-നേരേകടവ് പാലം യാഥാർഥ്യമാകുകയും തുറവൂർ-പമ്പാ പാതയിലൂടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി സഞ്ചരിക്കാനാകുകയും ചെയ്യുമ്പോൾ, ഈ വികസനയാത്രയുടെ ചരിത്രത്തിൽ കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി, കെ.എം. മാണി എന്നീ നേതാക്കളുടെ പങ്ക് പ്രത്യേകം ഓർമിക്കപ്പെടും.

Tags