കെകെ ശൈലജയെ ഒതുക്കിയത് വീണ്ടും ചര്‍ച്ചയാകുന്നു, നീക്കത്തിന് പിന്നില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷോ?
കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തന്നെ പിന്നീട് പരസ്യമായി വിമര്‍ശനം ഉയര്‍ത്തി. ശൈലജയെയും പി. ജയരാജനെയും ഒതുക്കാനുള്ള ശ്രമമാണെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചു.
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം സിപിഎം അണികള്‍ക്കും അനുഭാവികള്‍ക്കും ഇടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് കെകെ ശൈലജയോട് പാര്‍ട്ടി നേതൃത്വം കാണിച്ച അകല്‍ച്ച. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാവുന്ന വ്യക്തിയായിട്ടും തോല്‍ക്കുന്ന മണ്ഡലത്തിലേക്ക് ശൈലജയെ മാറ്റിയത് ഒതുക്കാനാണെന്നാണ് പാര്‍ട്ടി അണികള്‍ക്കിടയിലെ സംസാരം.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫിനോട് ഏകദേശം 14,453 വോട്ടുകളുടെ വ്യത്യാസത്തിനാണ് ശൈലജ ടീച്ചറുടെ തോല്‍വി. മട്ടന്നൂരില്‍ 2021-ല്‍ 60,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ശൈലജയെ പാര്‍ട്ടി പേരാവൂരിലേക്ക് മാറ്റിയതും അതിന്റെ പിന്നിലെ ആഭ്യന്തര രാഷ്ട്രീയവും ഇപ്പോഴും ചര്‍ച്ചയാകുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്.
മട്ടന്നൂര്‍ ശൈലജയുടെ ശക്തികേന്ദ്രമായിരുന്നു. 2021-ലെ വന്‍ വിജയത്തിനു ശേഷം പലരും അവിടെ തുടരുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, പാര്‍ട്ടി നേതൃത്വം പേരാവൂരിലേക്ക് മാറ്റി. ഇത് പേരാവൂരിലെ തോല്‍വിക്ക് കാരണമായെന്ന് മാത്രമല്ല മട്ടന്നൂരിലെ ഭൂരിപക്ഷം കുത്തനെ കുറയാനും ഇടയാക്കി. ജില്ലയിലാകെ പാര്‍ട്ടി വോട്ടുകള്‍ ഒന്നടങ്കം യുഡിഎഫിലേക്ക് പോകാനുണ്ടായ പ്രധാന കാരണം ശൈലജ ടീച്ചറെ ഒതുക്കിയെന്ന തോന്നലാണ്.
കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തന്നെ പിന്നീട് വിമര്‍ശനം ഉയര്‍ത്തി. ശൈലജയെയും പി. ജയരാജനെയും ഒതുക്കാനുള്ള ശ്രമമാണെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചു. പിണറായി വിജയന്റെ ശൈലിയും നേതൃത്വ തീരുമാനങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന ആരോപണങ്ങളും ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷ് 2025-ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിതനായതിന് ശേഷം പാര്‍ട്ടി നേതൃത്വം കൈക്കൊണ്ട പല തീരുമാനങ്ങളും പാളി. അദ്ദേഹത്തിന്റെ കാലയളവിലാണ് ശൈലജയുടെ മണ്ഡലം മാറ്റ തീരുമാനവും തിരഞ്ഞെടുപ്പ് ക്യാമ്പെയ്‌നും നടന്നത്. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പയ്യന്നൂരില്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുമെല്ലാം ജില്ലാ നേതൃത്വം പൂര്‍ണ പരാജയമായി.
രാഷ്ട്രീയം ജനങ്ങളുടെ വിശ്വാസത്തിന്റെ കളമാണ്. ജനപ്രിയ നേതാക്കളെ ഒതുക്കുന്നതിന് പകരം അവരുടെ ജനസമ്മതി പാര്‍ട്ടിയുടെ ശക്തിയാക്കി മാറ്റുകയാണെങ്കില്‍ മാത്രമേ ദീര്‍ഘകാല വിജയം സാധ്യമാകൂ.
.jpg)

