ചിരി മായാതെ മടങ്ങൂ ടീച്ചര്‍, രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട്, വൈറലായി കെകെ രമയുടെ കുറിപ്പ്

kk rema

 

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന വടകരയില്‍ വമ്പന്‍ വിജയം പിടിച്ചെടുത്തതിന്റെ ആവേശത്തിലാണ് യുഡിഎഫ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് പ്രവചിച്ചിരുന്ന വടകരയില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷവുമായാണ് കെകെ ശൈലജ ടീച്ചര്‍ക്കെതിരെ ഷാഫി പറമ്പില്‍ മുന്നേറുന്നത്. വിജയത്തിന്റെ ക്രഡിറ്റ് ആര്‍എംപിക്ക് കൂടി അവകാശപ്പെട്ടതാണ്. ജയം ഉറപ്പിച്ചതോടെ ശൈലജ ടീച്ചര്‍ക്ക് കുറിപ്പുമായി ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമ രംഗത്തെത്തി.

കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്,

ചിരി മായാതെ മടങ്ങൂ ടീച്ചര്‍..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്...
ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ
മടങ്ങാവൂ??..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേര്‍ത്തു പിടിച്ച് യാത്രയാക്കുകയാണ്...
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം...
വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍
ഇന്നാട് ബാക്കിയുണ്ട്..

 

Tags