കുട്ടികളുടെ ജീവന്‍ രക്ഷിച്ച് ഹൃദ്യം, 7 വര്‍ഷത്തിനിടെ 6100 ശസ്ത്രക്രിയ, സര്‍ക്കാര്‍ നല്‍കിയത് 57 കോടി രൂപ

Hridyam
Hridyam

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്കെതിരായ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്. ഒട്ടേറെ കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഏവരുടേയും കൈയ്യടി നേടിയ ഒരു പദ്ധതിക്കെതിരെ വസ്തുതകളില്ലാത്ത ഒരു സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക വഴി ചാനല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവര്‍ ആരോപിച്ചു.

tRootC1469263">

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ് ഹൃദ്യം പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കും ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുട്ടികളുടെ വിവരവും പുറത്തുവിട്ടു. 7 വര്‍ഷത്തിനിടെ 6100 ശസ്ത്രക്രിയ ഈ പദ്ധതിപ്രകാരം ചെയ്‌തെന്നും ഇതുവഴി 57 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു കുട്ടിക്ക് മാത്രമായി 1.70 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,


പ്രിയപ്പെട്ട M V Nikesh Kumar,
അങ്ങയുടെ ചാനലിന്റെ 'സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം' 'തലവന്‍' ഒരു സര്‍ക്കാര്‍  പോര്‍ട്ടലില്‍ ആര്‍ക്കും കിട്ടുന്ന വിവരങ്ങളും ഗൂഗിള്‍ ചെയ്താല്‍ കിട്ടുന്ന ഒരു വിവരവും ചേര്‍ത്തുണ്ടാക്കിയ 'ഞെട്ടിപ്പിക്കുന്ന' വാര്‍ത്തയാണ് കുഞ്ഞുങ്ങളുടെ ഹൃദയശസ്ത്രക്രിയകള്‍ നടത്തുന്ന 'ഹൃദ്യം' പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രികളെ ഒഴിവാക്കി കോടികള്‍ സ്വകാര്യ ആശുപത്രി 'മാഫിയ'കളിലേയ്ക്ക് ഒഴുക്കി എന്ന്.
എത്ര കോടികളാണ് എന്ന് അദ്ദേഹം പറയാതിരുന്നതുകൊണ്ടു ഞാന്‍ അന്വേഷിച്ചു: 57 കോടി രൂപ.
എത്ര കൊല്ലം കൊണ്ട്? ഏഴുകൊല്ലം കൊണ്ട്.
എത്ര സര്‍ജറികള്‍ നടത്തി? 6100 സര്‍ജറികള്‍.
ഒരു ശസ്ത്രക്രിയയ്ക്കു സര്‍ക്കാര്‍  പരമാവധി അനുവദിച്ച തുക കൂടി അറിയൂ: 1.70 ലക്ഷം രൂപ!
ഒരു കുഞ്ഞിനെ രക്ഷിക്കാന്‍ കേരളം അടുത്തിടെ 17 കോടി രൂപ പിരിച്ച കാര്യം നിങ്ങള്‍ക്കറിയാമല്ലോ.
ഒരു കുഞ്ഞിനെ രക്ഷിക്കാന്‍!
കേരളത്തിന് പുറത്തു രണ്ടു ലക്ഷം രൂപയ്ക്കു മുകളിലേയ്ക്കു ബില്‍ ചെയ്യുന്ന ശസ്ത്രക്രിയ കേരളത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതി വഴി ശരാശരി ഒരു ലക്ഷം രൂപയ്ക്കു ചെയ്തു കൊടുത്ത് ആകെ 57 കോടി രൂപ മുടക്കി ഏഴുവര്‍ഷം കൊണ്ട് ആറായിരത്തിലധികം കുഞ്ഞുങ്ങളെ മരണത്തില്‍ നിന്നും അത്രയും കുടുംബങ്ങളെ നിത്യ ദുഃഖത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ഒരു പദ്ധതിയെപ്പറ്റിയാണ് നിങ്ങളുടെ 'സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം' മേധാവി 'കച്ചവടം' എന്നും 'കോടികള്‍' എന്നും 'മാഫിയ' എന്നുമൊക്കെ പറഞ്ഞു തകര്‍ക്കുന്നത്.
എന്ത് കണക്കിന്റെ, യുക്തിയുടെ പുറത്താണ് നിങ്ങളുടെ 'സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം' 'തലവന്‍' 'പിഞ്ചുകുഞ്ഞുങ്ങളെവച്ചു നടത്തുന്ന കച്ചോടം' എന്നൊക്കെ പറയുന്നത്?
ആയിരക്കണക്കിന് സാധാരണ മനുഷ്യര്‍ക്ക് ആശ്രയമായ,
കേരളത്തിലെ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയയുടെ ബില്‍ തുക  സ്വകാര്യ മേഖലയില്‍ പോലും പിടിച്ചു നിര്‍ത്തുന്ന,
നമ്മുടെ ശിശുമരണ നിരക്ക് ഇന്ത്യയിലേക്കും ഏറ്റവും കുറഞ്ഞതാകാന്‍  സഹായിക്കുന്ന ഒരു പദ്ധതിയെപ്പറ്റി:
ഒന്നുകില്‍ കൃത്യമായ ആരോപണം ഉന്നയിക്കണം:
പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികള്‍ കൂടുതല്‍ തുക ഈടാക്കുന്നുണ്ടോ?
ഈടാക്കുന്ന തുകയ്ക്ക് ചേരുന്ന വിധത്തില്‍ ചികിത്സ ലഭ്യമാകാതെ വരുന്നുണ്ടോ?
പദ്ധതിയില്‍ പരാജയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടോ?  
പദ്ധതി പ്രകാരം ഏതെങ്കിലും കുഞ്ഞിന് ചികിത്സ കിട്ടാതെ പോയിട്ടുണ്ടോ?  
ഉണ്ടെങ്കില്‍ എനിക്ക് കേസില്ല.
ഒന്നും ഉള്ളതായി ഇതുവരെ കണ്ടില്ല.  
ഒരു കാര്യം കൂടി ഓര്‍ക്കണം. ഇപ്പോഴും ഈ പദ്ധതിയെപ്പറ്റി അറിയാത്ത ആളുകളുണ്ട്. അങ്ങനെയുള്ളവര്‍, പാവപ്പെട്ടവരടക്കം, ഇപ്പോഴും സ്വകാര്യ ആശുപത്രികളില്‍ പണം എങ്ങിനെയെങ്കിലും സംഘടിപ്പിച്ചു, പലപ്പോഴും സ്വത്തും ഭൂമിയുമൊക്കെ വിറ്റുപോലും, ഇത്തരം ശസ്ത്രക്രിയകള്‍ മക്കള്‍ക്ക് നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ ഒരു സ്‌ക്രീനിങ് നടത്തി കൂടുതല്‍ കുട്ടികളെ ഈ സ്‌കീമിലേക്കു കൊണ്ടുവരികയാണ്. അവസാനത്തെ കുട്ടിയേയും രക്ഷപ്പെടുത്താനുള്ള ശ്രമം.
ഇത്തരം ആയിരക്കണക്കിന് ശസ്ത്രക്രിയകള്‍ നടത്താന്‍ പാകത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നന്നാക്കിയിട്ടു ഈ പദ്ധതി നടത്തിയാല്‍ മതി എന്നാണോ നിങ്ങളുടെ വാദം? അല്ലെങ്കില്‍ ഊഴം വരുമ്പോള്‍ നടത്തിയാല്‍ മതിയെന്ന്?
ഒക്കെ പോട്ടെ, 57കോടി, 6100 കുഞ്ഞുങ്ങള്‍...
ഇതല്ലേ ചുരുക്കം?
ഇത് മാഫിയ പ്രവര്‍ത്തനമായി നിങ്ങള്ക്ക് തോന്നുന്നുണ്ടോ?  
ഇല്ലെങ്കില്‍,  
സഹജീവികള്‍ക്ക് കൈത്താങ്ങുനല്‍കാന്‍ ഏതു വഴിയും സ്വീകരിക്കും എന്ന് അങ്ങ് പറഞ്ഞ പറഞ്ഞ വാക്ക് വിശ്വസിച്ചുകൊണ്ട് ഒരഭ്യര്ഥന:
കേരളത്തെ കേരളമാക്കി നിര്‍ത്താന്‍ സഹായിക്കുന്ന ഒരു പദ്ധതിയ്ക്ക് അള്ളു വച്ചുകൊണ്ടു  നിങ്ങളുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം മേധാവി നടത്തുന്ന ആ ക്രിമിനല്‍ പണി ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ നിങ്ങളുടെ അധികാരം ഉപയോഗിച്ച് നിര്‍ത്തിക്കണം. 'Kill' എന്നൊരു വാക്ക് ഏതൊരു എഡിറ്ററും എപ്പോഴെങ്കിലും പ്രയോഗിച്ചിട്ടുണ്ടാകും.  
അച്ഛന്റെ പണിയെന്താണ് എന്ന് ഫോറങ്ങളില്‍ പൂരിപ്പിക്കേണ്ടിവരുന്ന മക്കളെ ഓര്‍ത്തുള്ള അപേക്ഷയാണ്.

 

Tags