സി.പി.എമ്മിൽ പിണറായിസവും 'കിച്ചൺ ക്യാബിനറ്റും' ; വി.എസ് യുഗം തൊട്ട് കുടുംബവാഴ്ച വരെ ; വെളിപ്പെടുത്തലുകളുമായി മനു തോമസ് വീണ്ടും

Pinarayi and the 'Kitchen Cabinet' in CPM; From the VS era to family rule; Manu Thomas again with revelations

ഇ.എം.എസിനെയും എ.കെ.ജിയെയും പോലും തിരുത്താൻ ശേഷിയുണ്ടായിരുന്ന പാർട്ടി കമ്മിറ്റികൾ ഇന്ന് ഒരു വ്യക്തിയുടെ നിഴലിലായി മാറിയെന്നും, മലപ്പുറം സമ്മേളനത്തിന് ശേഷം കേരളത്തിലെ സി.പി.എം പിണറായി വിജയന്റെ 'മാനിഫെസ്റ്റോ' മാത്രം നടപ്പിലാക്കുന്ന പ്രസ്ഥാനമായി അധപതിച്ചുവെന്നും മനു തോമസ് ആരോപിക്കുന്നു.

കണ്ണൂർ : സി.പി.എം നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേരിട്ട് പ്രതിക്കൂട്ടിലാക്കി മുൻ നേതാവ് മനു തോമസിന്റെ സോഷ്യൽ മീഡിയ പോരാട്ടം മൂന്നാം ഘട്ടത്തിലേക്ക്. 'ആരാണ് രാജാവ്?' എന്ന ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്ത് പറഞ്ഞ്, പാർട്ടിക്കുള്ളിലെ വ്യക്തിപൂജയെയും അധികാര കേന്ദ്രീകരണത്തെയും കുറിച്ചുള്ള ഞെട്ടിക്കുന്ന കാഴ്ച്ചപ്പാടാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

ഇ.എം.എസിനെയും എ.കെ.ജിയെയും പോലും തിരുത്താൻ ശേഷിയുണ്ടായിരുന്ന പാർട്ടി കമ്മിറ്റികൾ ഇന്ന് ഒരു വ്യക്തിയുടെ നിഴലിലായി മാറിയെന്നും, മലപ്പുറം സമ്മേളനത്തിന് ശേഷം കേരളത്തിലെ സി.പി.എം പിണറായി വിജയന്റെ 'മാനിഫെസ്റ്റോ' മാത്രം നടപ്പിലാക്കുന്ന പ്രസ്ഥാനമായി അധപതിച്ചുവെന്നും മനു തോമസ് ആരോപിക്കുന്നു.

വി.എസ് അച്യുതാനന്ദൻ നയിച്ചിരുന്ന ആദർശയുഗത്തിന്റെ അന്ത്യത്തോടെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട 'കിച്ചൺ കമ്മിറ്റി'കളെക്കുറിച്ചാണ് മനു തോമസിന്റെ പ്രധാന വിമർശനം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മിലുണ്ടായിരുന്ന പരസ്പര സഹകരണത്തിന്റെ കെമിസ്ട്രി രണ്ടാം പിണറായി സർക്കാരിന്റെ രൂപീകരണത്തോടെ തകർന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. 

കോടിയേരിയെപ്പോലൊരു മുതിർന്ന നേതാവിനെ നോക്കുകുത്തിയാക്കി ജൂനിയറായ 'പുതുബാന്ധവക്കാരെ' (മരുമകൻ മുഹമ്മദ് റിയാസിനെ സൂചന) സുപ്രധാന വകുപ്പുകളിൽ പ്രതിഷ്ഠിച്ചതും, സീനിയർ നേതാക്കളെ വെട്ടിനിരത്തി സ്വന്തം താൽപ്പര്യ സംരക്ഷകരെ സെക്രട്ടറിയേറ്റിൽ നിറച്ചതും പിണറായി വിജയൻ എന്ന 'പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റിന്റെ' നീക്കങ്ങളായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. രോഗബാധിതനായിരുന്നിട്ടും മരണം വരെ സെക്രട്ടറി സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ച കോടിയേരിക്ക് അതിന് കഴിയാതിരുന്നതും, അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പോലും അനാവശ്യ ധൃതി കാണിച്ചതും ഈ അധികാരമാറ്റത്തിന്റെ ഭാഗമായിരുന്നുവെന്നും മനു തോമസ് തുറന്നടിക്കുന്നു.

എം.വി ഗോവിന്ദന്റെ സെക്രട്ടറി സ്ഥാനത്തെയും മനു തോമസ് ശക്തമായി ചോദ്യം ചെയ്യുന്നു. എം.എ ബേബി, എ. വിജയരാഘവൻ, തോമസ് ഐസക് തുടങ്ങിയ പ്രഗത്ഭരെ മറികടന്ന് സ്വന്തം നിഴലിൽ നിൽക്കുന്ന ഒരാളെ സെക്രട്ടറി സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ പിണറായി വിജയൻ ശ്രമിച്ചുവെന്നാണ് ആക്ഷേപം. ജനപ്രതിനിധികൾ പാർട്ടി ഭാരവാഹികളാകരുത് എന്ന പാർട്ടി നിയമം എം.വി ഗോവിന്ദന് വേണ്ടി തിരുത്തി എഴുതപ്പെട്ടു. സാധാരണക്കാരനായ ഒരു പഞ്ചായത്ത് മെമ്പറെപ്പോലും ഭാരവാഹിയാക്കാൻ അനുവദിക്കാത്ത പാർട്ടി നിയമം, ഒരു എം.എൽ.എയെ സംസ്ഥാന സെക്രട്ടറിയാക്കാൻ വേണ്ടി മാറ്റിയത് പിണറായിയുടെ തന്നിഷ്ടപ്രകാരമാണെന്നും ഇതിനെതിരെ പാർട്ടിയിൽ ആരും ശബ്ദമുയർത്തിയില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു.

MANU thomas cpm

പിണറായി വിജയന്റെ നടപ്പും നോട്ടവും ചിരിയും പോലും താഴെത്തട്ടിലുള്ളവർ അനുകരിക്കുന്ന 'പിണറായി സ്തുതി'യുടെ കാലമാണ് കടന്നുപോകുന്നത്. സാംസ്കാരിക-സാഹിത്യ-മാധ്യമ രംഗങ്ങളിലുള്ളവർ പിണറായിയുടെ 'ഗുഡ് ലിസ്റ്റിൽ' കയറിപ്പറ്റാൻ മത്സരിക്കുകയാണെന്നും, ഇതിന്റെ മറവിൽ പാർട്ടിയിൽ കുടുംബവാഴ്ച ആഴത്തിൽ വേരോടിയെന്നും മനു തോമസ് ആരോപിക്കുന്നു. 

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മനു തോമസ് നടത്തുന്ന ഈ വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാർട്ടിയുടെ ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ചും അടിത്തട്ടിലെ അണികളുടെ വികാരത്തെക്കുറിച്ചും അദ്ദേഹം ഉയർത്തുന്ന ചോദ്യങ്ങൾ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ അലയൊലികൾ സൃഷ്ടിക്കുമെന്നുറപ്പാണ്.

സി.പി.എം എന്ന കേഡർ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പുറത്തുനിന്നുള്ള വിമർശനങ്ങളേക്കാൾ എപ്പോഴും പ്രഹരശേഷി കൂടുക അകത്തുനിന്നുയരുന്ന വിയോജന സ്വരങ്ങൾക്കാണ്. മനു തോമസ് എന്ന മുൻ നേതാവ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ കേവലം ഒരു വ്യക്തിയുടെ പിണക്കത്തിനപ്പുറം, പാർട്ടിയുടെ ഘടനാപരമായ മാറ്റങ്ങളെയും ആദർശപരമായ വ്യതിയാനങ്ങളെയും കുറിച്ചുള്ള ഗൗരവകരമായ സംവാദത്തിനാണ് വഴിതുറന്നിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇത് അതീവ നിർണ്ണായകമാണ്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മനു തോമസ് നടത്തുന്ന ഈ 'സമാന്തര സൈബർ വിചാരണ' സി.പി.എമ്മിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം 

ആരാണ് രാജാവ് ..?
ഓരോ കാലത്തും പാർട്ടി സംഘടന  
ഓരോ നേതാവിനെ കേന്ദ്രീകരിച്ച് തന്നെയാണ് അതിൻ്റെ നയതീരുമാനങ്ങൾ  മുന്നോട്ട് നീങ്ങുക 
മുൻകാലങ്ങളിൽ നോക്കിയാൽ ഇത്തരം വ്യക്തിയെ/ നേതാവിനെ  തിരുത്തിക്കാൻ കഴിയുന്ന തിരുത്തൽ ശക്തികളായി പാർട്ടി കമ്മറ്റികൾ കുറെയൊക്കെ പ്രവർത്തിച്ചിരുന്നു എന്നതാണ് അതിൽ പ്രധാനം. 
ഇ .എം.എസിനെയും എ.കെജി.യെയും ഒക്കെ തിരുത്തിക്കാൻ കഴിയുന്നവയായിരുന്നു CPMൻ്റെ അന്നത്തെ കമ്മറ്റികൾ.
"ഇപ്പോൾ ഒരേ ഒരു രാജാവ്.
തിരുത്തിക്കാൻ പേടിയുള്ള കമ്മറ്റികൾ "
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തോളം കൃത്യമായി പറഞ്ഞാൽ മലപ്പുറം സമ്മേളനത്തിന് ശേഷം കേരളത്തിലെ പാർട്ടിയിൽ തിരുവായ്ക്ക് എതിർവായില്ലാതെ പിണറായി വിജയൻ എന്ന ഒറ്റ നേതാവ് 
ഈ പാർട്ടിയിൽ അദ്ദേഹത്തിൻ്റെ മാനിഫെസ്റ്റോ മാത്രം നടപ്പിലാക്കി കൊണ്ടിരിക്കുന്നു. 
അദ്ദേഹത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് ആഗ്രഹങ്ങൾക്ക് അനുസരിച്ച് കേരളത്തിലെ പാർട്ടിയുടെ മാനിഫെസ്റ്റോ പലവിധം പുതുക്കിയെഴുതപ്പെട്ടു. 
ഇതിൽ പരിഭവവും എതിർപ്പും പ്രകടിപ്പിച്ചവരെ അദ്ദേഹം നല്ലനടപ്പിന് 
വിധേയമാക്കി വഴങ്ങാത്തവരെ രാഷ്ട്രീയ വനവാസത്തിനയച്ചു.
ചിലരെ പാടെ ഉൻമൂലനം ചെയ്യ്തു.
പിണറായി കാലത്തെ കോടിയേരി:
കുറച്ചൊക്കെ സ്വതന്ത്രമായതും വിത്യസ്തമായതുമായ കാഴ്ചപാടുകൾ കോടിയേരിക്ക് ഉണ്ടായിരുന്നു എങ്കിലും 
പിണറായി എന്ന പൊളിറ്റിക്കൽ സ്ട്രാറ്റജിക്കാരൻ  കോടിയേരിയെ ഒന്നിച്ചു നിർത്തിയാണ് കുറെ കാലം പാർട്ടിയെ നിയന്ത്രിച്ചത് 
പിണറായിയുടെ  മനസറിഞ്ഞ് പ്രവർത്തിക്കുന്ന പ്രായോഗികതയുടെ 
 നേതാവായിരുന്നു കോടിയേരി...
അവർ പരസ്പരം സഹകരിച്ചും സഹായിച്ചും പാർട്ടി കേന്ദ്രമായി വർഷങ്ങളോളം നിലനിന്നു 
അവിടെയാണ്  പിണറായി വിജയൻ എന്ന പാർട്ടി സെക്രട്ടറിയും 
ആഭ്യന്തരമന്ത്രി എന്ന കോടിയേരി ബാലകൃഷ്ണനും ഉണ്ടാകുന്നത് 
അതിനുശേഷം പാർട്ടി സെക്രട്ടറിയായ കോടിയേരിയും മുഖ്യമന്ത്രിയായ പിണറായി വിജയനും ഉണ്ടാകുന്നതും ഇതെ സഹകരണത്തിൽ നിന്നാണ്. 
ഒരാളുടെ വ്യക്തിപരമായ വിജയത്തിന്
രണ്ട് പേർ തമ്മിലുള്ള പരസ്പര സഹകരണം  ആവശ്യഘടകമാണ് എന്ന സാമൂഹ്യ ജീവിതത്തിലെ അനുഭങ്ങളിൽ നിന്ന് മനുഷ്യർ കണ്ടെത്തിയ പാഠമാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത്.
വി.എസിൻ്റെ മഹാ കാലഘട്ടത്തിൽ കോടിയേരിയെ പോലെ ഒരാൾ പിണറായിക്ക് അത്യാവശ്യമായിരുന്നു
എന്നാൽ പിന്നീട് വി. എസ് യുഗം അവസാനിച്ചതും പുതിയ കിച്ചൺ കമ്മറ്റി മെമ്പറുമാർ പിണറായിയുടെ ചുറ്റും എത്തിയതും  തുടർഭരണത്തിൻ്റെ ആദ്യനാളിൽ തന്നെ കോടിയേരിയെ പോലെ ഒരാളെ അധികാരകേന്ദ്രത്തിൽ കൂടെ നിലനിർത്തുന്നത്  ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരുന്നു..
സംസ്ഥാനസമ്മേളന കാലയളവിലെ ചില തീരുമാനങ്ങൾ ,പുതിയ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ തിരഞെടുപ്പ് ,മന്ത്രിസഭ രൂപികരണം തുടങ്ങിയ കാര്യങ്ങളിലൊന്നും വർഷങ്ങളായി തുടർന്നു വന്ന പിണറായിയും -കോടിയേരിയും   
എന്ന സഹകരണത്തിൻ്റെ കെമസ്‌ട്രി വർക്ക് ചെയ്യ്തില്ല. രണ്ടാംഗവൺമെൻ്റിൽ മന്ത്രിസഭ രൂപികരണത്തിൽ കൊടിയേരി എന്ന പാർട്ടിസെക്രട്ടറിയെ നോക്കുകുത്തിയാക്കിയാണ് ജൂനിയർ ആയ പുതുബാന്ധവക്കാരനെ സുപ്രധാന വകുപ്പുകളിൽ നിയോഗിച്ചത് ഇതിന് കളമൊരുക്കാൻ എന്നപോലെ സംസ്ഥാന സെക്രട്ടറിയേറ്റിൽ സീനിയറായ പലരെയും പടിക്കു പുറത്തുനിർത്തി മറ്റോരു ടീമിനെ സെക്രട്ടറിയേറ്റാക്കി മാറ്റി അതിൽ തന്നെ കോമ്പറ്റേറ്റീവ് ആയ ആളുകൾഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു ഒരാൾ മാത്രം അനിഷ്ടത്തിലും കൊടിയേരിയുടെ നിർബന്ധത്തിൽ ഉൾപ്പെടുത്തപ്പെട്ടു. കോടിയേരി പിണറായി ഉൾപിരിവ് പ്രകടമായികൊണ്ടിരുന്നു. ...
പിന്നിട് 
തികച്ചും യാദൃശ്ചികമായി പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ  രോഗവസ്ഥയിലേക്ക് പോയത്   സ്വാഭാവികമെന്ന് തോന്നും വിധം പാർട്ടിയിലെ അധികാരകേന്ദ്രത്തെ വീണ്ടും താൻ എന്ന ഏകാഭിപ്രായമുള്ള പാർട്ടിയാക്കി നിയന്ത്രണവിധേയമാക്കാൻ പിണറായി വിജയന് അവസരമൊരുക്കി.
രോഗബാധിതൻ ആയിരുന്നിട്ടും സംസ്ഥാന സെക്രട്ടറി ആയിരുന്ന ചടയൻ ഗോവിന്ദനെ പോലെ മരണം വരെ പാർട്ടിയെ നയിക്കുക എന്ന ആ സഖാവിൻ്റെ ആഗ്രഹം പൂർത്തികരിക്കാൻ പോലും കോടിയേരിക്ക് കഴിയാതിരുന്നത് ഈ  സാഹചര്യങ്ങൾ  കൊണ്ടായിരുന്നു.അദ്ദേഹത്തിൻ്റെ മരണാനന്തര ചടങ്ങുകളിൽ അനാവശ്യ ധൃതിപോലും അരങ്ങേറി, 
പിണറായിയുടെ പുതിയ സെക്രട്ടറി.
സെക്രട്ടറിഎന്ന പദത്തിലെത്തിയാൽ തനിക്ക് മുകളിൽ പുതിയ പാർട്ടിഅധികാരകേന്ദ്രം പണിയാൻ
സാധ്യതയുള്ള ഒരാളുടെയും പേര് പിണറായിക്ക് പുതിയ സെക്രട്ടറിയെകുറിച്ചുള്ള ആലോചനയിൽ മനസിൽ വരാഞ്ഞതും മേൽപറഞ്ഞ പിണറായി സ്റ്റെൽ ആയിരുന്നു.
താരതമ്യേന കേരളത്തിലും പുറത്തും കൂടുതൽ അറിയപ്പെട്ടിരുന്നവരും ജനങ്ങൾക്ക് പരിചിതരും ആയ   കേന്ദ്ര_ പിബി. നേതാക്കൾ എം.എബേബി ,എ. വിജയരാഘവൻ ,ഇ .പി ജയരാജൻ ,തോമസ് ഐസക്ക് ,എളമരം കരിം. എന്നിങ്ങനെയുള്ളവരെ മറികടന്ന് 
തൻ്റെ നിഴലിൽ മാത്രം നില്ക്കുന്ന ഒരാൾ ആയിരിക്കണമെന്ന ചിന്തയിൽ നിന്നാണ് എം.വി ഗോവിന്ദൻ എന്ന കണ്ണൂര്‌കാരനെ  കേരളഘടകത്തിൻ്റെ സെക്രട്ടറിയാവാൻ  പിണറായി നിയോഗിക്കുന്നത് ,മേൽ പറഞ്ഞവരിൽ കോടിയേരിയുടെ രോഗകാലത്ത് സംസ്ഥാന സെക്രട്ടറിയുടെ താല്കാലിക ചുമതല വഹിച്ച വിജയരാഘവനെയും പിന്നിട് പരിഗണിച്ചില്ല, 
"വീണ്ടും മാറ്റിയെഴുതിയ മാനിഫെസ്റ്റോ.."
കഴിഞ്ഞ പത്തിരുപത് വർഷമായി കേരളത്തിലെ പാർട്ടി കർശനമായി നടപ്പിലാക്കുന്ന ഒരു സംഘടനാ തീരുമാനമാണ് 
പാർട്ടി സെക്രട്ടറി പാർലമെൻ്ററി ചുമതലകളോ മറ്റ് സ്ഥാപനങ്ങളുടെ ചുമതലയോ വഹിക്കുന്നവർ ആയിരിക്കരുത്.
ഒരു ലോക്കൽ സെക്രട്ടറി അയാൾ ജീവിക്കുന്ന പ്രദേശത്തെ ഒരു പഞ്ചായത്ത് അംഗമാകാൻ യോഗ്യനാണെങ്കിലും ആകാൻ പാടില്ല
മറിച്ച് ഒരു പഞ്ചായത്തംഗമായിരുന്നാൽ അയാൾക്ക് പാർട്ടി ഘടകത്തിൻ്റെ സെക്രട്ടറിയാകാൻ പറ്റില്ല
ഇത് കേരളത്തിലെ പാർട്ടി ഉണ്ടാക്കിയ എന്നു പറഞ്ഞാൻ 
പിണറായി കാലത്ത് ഉണ്ടാക്കിയ നിയമമാണ്. 
പക്ഷെ നാല് വർഷത്തിലധികം ഒരു പഞ്ചായത്ത് മെമ്പറെ അപേക്ഷിച്ച് വിപുലമായ പ്രവർത്തനങ്ങൾ നടത്താൻ നിയോഗിക്കപ്പെട്ട് എം.എൽഎ ആയ ആളെ ഈ സംഘടന തീരുമാനത്തെ നോക്കുകുത്തിയാക്കികൊണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കി മാറ്റി
ആരും ചോദ്യം ചെയ്തില്ല :
മുൻകാലങ്ങളിൽ ഒരാളെ ജനപ്രതിനിധി ആക്കാതിരിക്കാൻ 
 പാർട്ടി സംഘടനാ ഭാരവാഹിയാക്കി മാറ്റിയതും ,പാർട്ടിസ്ഥാനം നല്കാതിരിക്കാൻ ചിലരെ ജനപ്രതിനിധിയാകാൻ വിധിച്ചതും ഇതേ പാർട്ടി തീരുമാനമനുസരിച്ചായിരുന്നു എന്നത് മറ്റോരു സത്യമാണ്.
ചിലരൊക്കെ ചില കമ്മറ്റികളിൽ അടക്കി പിടിച്ച അമർഷം രേഖപ്പെടുത്തി സംസ്ഥാന സെക്രട്ടറി ദീർഘകാലത്തെക്ക് ജനപ്രതിനിധിയാകുന്നത് ശരിയല്ല എന്നുപറഞ്ഞു 
പക്ഷെ എന്ത് കാര്യം...! 
പിണറായി തീരുമാനിച്ച പാർട്ടി നയമിതാണ് അംഗീകരിക്കുകയെ രക്ഷയുണ്ടായിരുന്നുള്ളു .
പാർട്ടിയിലെ കുടുംബാധിപത്യം :
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലം കേരള പാർട്ടി  പിണറായി സ്തുതിയുടെതായിരുന്നു എന്നത് അറിയപ്പെടുന്ന കാര്യമാണ് 
 വി.എസിൻ്റെ ഒറ്റപ്പെട്ട ചിലശബ്ദങ്ങൾ ഒഴിച്ചാൽ സമ്പൂർണമായ പിണറായിക്കു വേണ്ടിയുള്ള നിശബ്ദത നടമാടിയ പാർട്ടിഫോറങ്ങൾ 
പിണറായിയുടെ ഇഷ്ടങ്ങൾ പിൻനിരക്കാരായ നേതാക്കളുടെ ഇഷ്ടങ്ങൾ ആയി പിണറായിയുടെ അനിഷ്ഠങ്ങളെയും പിണറായി ഇഷ്ടപ്പെടാത്തവരെയും ഈ  പിൻനിര നേതാക്കളും വെറുത്തു 
പിണറായിയുടെ ചില വാക്ക് ,പ്രയോഗങ്ങൾ, നോട്ടം ,ചിരി ബോഡിലാംഗേജ്, താഴെ തട്ടുവരെ അനുകരിക്കപ്പെട്ടു 
പിണറായി തള്ളിപറഞ്ഞവരെ മനസില്ലമനസോടെ പാർട്ടിക്കാരും തള്ളിപറഞ്ഞു.
രാഷ്ട്രീയത്തിൽ,സാഹിത്യമേഖലയിൽ സാംസ്കാരികമേഖലയിൽ സിനിമയിൽ ,മാധ്യമരംഗത്ത് ,ആദ്ധ്യാത്മിക രംഗത്ത്  ഉൾപ്പെടെ എല്ലാം
ഇത് വ്യക്തമായി നടപ്പിലാക്കപ്പെട്ടു. 
പിണറായിയുടെ ഗുഡ്ലിസ്റ്റിൽ ഇടംപിടിച്ചവരെ പാർട്ടിപ്രവർത്തകരും മനസില്ലാതെ ഇഷ്ടപ്പെട്ടുതുടങ്ങി 
ഈ  കാലത്ത് പിണറായിയുടെ ഗുഡ്ലിസ്റ്റിൽ കയറി പറ്റാൻ രാഷ്ട്രീയ-സാംസ്കാരിക സാമൂഹിക മേഖലയിലെ പലരും പലതും 
ചെയ്തുകൊണ്ടിരുന്നു.
കുടുംബ വാഴ്ചകൾ...
(തുടരും)

Tags