മേരെ നൈനാ സാവൻ ഭാദോ ; പാടാൻ വിസമ്മതിച്ച കിഷോർ കുമാർ


ഹരികൃഷ്ണൻ .ആർ
ചില രാഗങ്ങൾ അതിൽ പാടുക എന്നാൽ നന്നേ ബുദ്ധിമുട്ടാണ് . ദുഃഖത്തെ പോലും ഉദ്ദീപിപ്പിച്ച് നമ്മെ പോലും കരയിക്കുന്ന ഒരു രാഗം ഉണ്ട് .ആ രാഗത്തിൻ്റെ പേരാണ് ശിവരഞ്ജിനി .ശിവനെ പോലും കരയാൻ പ്രേരിപ്പിക്കുന്ന രാഗമാണ് ശിവരഞ്ജിനി . ആ രാഗം കേൾക്കുമ്പോൾ ശിവൻ സതി ദേവിയെ ഓർക്കുന്നുവെന്നാണ് വിശ്വാസം .
ഖരഹരപ്രിയയിൽ നിന്നും അഞ്ച് വീതം ആരോഹണവും അവരോഹണവും കടമെടുത്താണ് ശിവരഞ്ജിനി എന്ന രാഗം ഉണ്ടായത് .മെഹബൂബ എന്ന ചിത്രത്തിൽ ആർ.ഡി. ബർമ്മൻ സംഗീതമൊരുക്കാൻ എത്തുന്നു . ആനന്ദ് ബക്ഷിയുടെതാണ് ഗാനമെഴുത്ത് .സിറ്റുവേഷൻ അനുസരിച്ച് ശിവരഞ്ജിനിയിൽ ഗാനമൊരുക്കാൻ ആർ.ഡി. ബർമ്മൻ ഒരുങ്ങുന്നു . മേരെ നൈന സാവൻ ഭാദോ എന്ന ആ ഗാനമലപിക്കാൻ കിഷോർ കുമാറിനെയും ലതാ മങ്കേഷിനേയും തീരുമാനിക്കുന്നു .

പതിവ് പോലെ റെക്കോർഡിംഗ് സ്റ്റുഡിയോയിലെത്തിയ കിഷോർ കുമാർ ഗാനം പാടാൻ തുടങ്ങിയെങ്കിലും ഗാനമാലപിക്കാനാവാതെ വിയർക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .പിന്നീടാണ് ആർ.ഡി.ബർമൻ ആ രഹസ്യം പുറത്ത് വിടുന്നത് . ഹിന്ദുസ്ഥാനി യിലെ തന്നെ കടുകട്ടി രാഗമായ ശിവരഞ്ജിനിയിലാണ് ഈ മനോഹര ഗാനം ഒരുക്കിയിരിക്കുന്നത് .
കിഷോർ നിങ്ങൾ ആദ്യം ഈ ഗാനം ഒന്നു പഠിക്കൂ അതിനു ശേഷം നമുക്ക് ഇത് റെക്കോർഡ് ചെയ്യാമെന്നായി ആർ.ഡി ബർമൻ .ഒടുവിൽ പാടാമെന്ന് സമ്മതിച്ച കിഷോർ കുമാർ ഒരു നിബന്ധന മാത്രം മുന്നോട്ട് വെച്ചു ആദ്യം ലതാജി പാടണം . അങ്ങനെ ലതാജി പാടിയത് ആദ്യം റെക്കോർഡ് ചെയ്ത് കിഷോർ കുമാറിനെ കേൾപ്പിച്ചു .
തുടർന്ന് ഏഴ് ദിവസങ്ങൾക്ക് ശേഷം കിഷോർ കുമാറെത്തി ആ പാട്ട് റെക്കോർഡ് ചെയ്തു .ഗാനം കേട്ട് കഴിഞ്ഞ് റിക്കോർഡിങ്ങ് സ്റ്റുഡിയോവിലിരുന്നവർ പോലും ഞെട്ടി .കിഷോർ കുമാർ തൻ്റെ ഇതുവരെ പാടാത്ത ആലാപന ശൈലിയിലൂടെ ലതാജിയെ പോലും മറികടന്നിരിക്കുന്നു . പാടി മുഴുവിപ്പിച്ച് കഴിഞ്ഞ് ആർ.ഡി.ബർമ്മൻ പറഞ്ഞു ഈ ഗാനത്തിലൂടെ താങ്കളെ ഇനി ലോകം ഓർക്കും . പറഞ്ഞതുപോലെ തന്നെ സംഭവിച്ചു , കിഷോർ കുമാർ പാടി ആലപിച്ച ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ഈ ഗാനം പിൽക്കാലത്ത് മാറി .