കിഫ്ബിയെ ഇല്ലാതാക്കുന്നത് 10,000 കോടി രൂപ നോട്ടമിട്ട്, യുഡിഎഫ് എംഎല്എമാര് എങ്ങിനെ അവരുടെ മണ്ഡലങ്ങളിലെ വികസനം പൂര്ത്തിയാക്കുമെന്ന് തോമസ് ഐസക്
കിട്ടിയ ഗ്രാന്റുകളുടെയും എടുത്ത വായ്പകളുടെയും ഏതാണ്ട് പതിരായിരത്തോളം കോടി രൂപ കാശായും ഡെപ്പോസിറ്റായും ഇപ്പോള് കിഫ്ബിയില് കൈയില് ഉണ്ടാവണം. അതിന്മേലാണ് പുതിയ ധനമന്ത്രിയുടെ നോട്ടം.
തിരുവനന്തപുരം: കേരള ഇന്ഫ്രാസ്ട്രക്ചര് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ബോര്ഡ് ഭാവി സംബന്ധിച്ച് രൂക്ഷ വിമര്ശനവുമായി സിപിഎം നേതാവും മുന് ധനമന്ത്രിയുമായ തോമസ് ഐസക്.
ഒരു ലക്ഷത്തില്പരം കോടി രൂപയുടെ പദ്ധതികള്ക്ക് അനുമതി നല്കിയിരുന്ന കിഫ്ബിയില് 25,000 കോടി രൂപയുടെ പദ്ധതികള് പൂര്ത്തിയായതായും, ഭാഗികമായി 10,000 കോടി രൂപ ചെലവഴിച്ചിരിക്കാമെന്നും, ബാക്കി ഉള്പ്പെടെ ഇനി നടപ്പാക്കേണ്ടത് 22,883 കോടി രൂപയുടെ പദ്ധതികള് മാത്രമാണെന്ന് വിദഗ്ധ സമിതി തീരുമാനിച്ചതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില് വ്യക്തമാക്കി.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കിഫ്ബിയുടെ കഥ തീര്ന്നു എന്ന് പറഞ്ഞാല് മതിയല്ലോ. ഒരുലക്ഷത്തില്പരം കോടി രൂപയുടെ പ്രോജക്ടുകള്ക്കാണ് അനുവാദം നല്കിയത്. 25,000 കോടി രൂപയുടെ പ്രോജക്ടുകള് പൂര്ത്തിയായി. ഇതിനുപുറമേ ഒരുപക്ഷേ 10,000 കോടി രൂപ ഭാഗികമായി കൊടുത്തിട്ടുമുണ്ടാവാം, ഇനി പൂര്ത്തിയാവാത്ത പ്രോജക്ടുകള് അടക്കം 22,883 കോടി രൂപയുടെ പ്രോജക്ടുകള് നടപ്പിലാക്കിയാല് മതി എന്നാണ് വിദഗ്ധ സമിതിയുടെ തീരുമാനം.
എന്നുവച്ചാല് കിഫ്ബിയുടെ ഏതാണ്ട് പകുതി പ്രോജക്ടുകള് വേണ്ടെന്നു വയ്ക്കുകയാണ്. ജയിച്ചു വന്നിട്ടുള്ള യുഡിഎഫ് എംഎല്എമാര് അവരവരുടെ മണ്ഡലങ്ങളില് ഇല്ലാതാകുന്ന പ്രോജക്ടുകള് ഏതെല്ലാമെന്ന് ഒന്ന് എണ്ണിത്തിട്ടപ്പെടുത്തിയാല് നന്നാവും.
ആലപ്പുഴ എംഎല്എയുടെ അറിവിലേക്ക്, ആലപ്പുഴയിലെ ഏറ്റവും വലിയ പ്രോജക്ടുകളില് ഒന്നാണ്- കനാല് കരയിലെ സംയോജിത ട്രാന്സ്പോര്ട്ട് ഹബ്ബ്. ഏതാണ്ട് 400 കോടി രൂപയാണ് എന്നാണ് ഓര്മ്മ. അത് ഇനിയില്ല. കനാല് നവീകരണത്തിന്റെ പൈലറ്റ് പ്രോജക്ടാണ് ഇപ്പോള് ചെയ്തുകൊണ്ടിരിക്കുന്നത്. അത് അവിടെ നില്ക്കും. കടല് പാലത്തിന്റെയും മ്യൂസിയത്തിന്റെയും കാര്യം പറയുകയേ വേണ്ട. പുതിയ താലൂക്ക് ആശുപത്രി ചെട്ടികാട് കെട്ടിടം പൂര്ത്തിയായി. ഉള്ളില് വേറെ ഉപകരണങ്ങള് ഒന്നും തന്നെ ഉണ്ടാവില്ല. മാരാരിക്കുളം ബീച്ച് പ്രോജക്ട് മറന്നേക്കൂ. പിന്നീട് വേമ്പനാട് കായലില് ആഴംകൂട്ടുന്ന കാര്യം സ്പീക്കറും പറയുന്നത് കേട്ടു. കിഫ്ബിയില് നിന്നാണ് പണം കണ്ടെത്തേണ്ടിയിരുന്നത്.
ഇത് ഒരു മണ്ഡലത്തിന്റെ കഥ. ഇതുപോലെ ഓരോ മണ്ഡലത്തിനും നഷ്ടത്തിന്റെ കഥ പറയാനുണ്ടാവും.
ഇനി ചെലവഴിക്കാന് തീരുമാനിച്ചിട്ടുള്ള 22,883 കോടി രൂപയ്ക്കു വേണ്ടി കിഫ്ബി വായ്പയൊന്നും എടുക്കേണ്ടതില്ലായെന്നാണ് തീരുമാനം. കോണ്ട്രാക്ട്ര്ക്ക് നല്കേണ്ട സമയമാകുമ്പോള് സര്ക്കാര് ബജറ്റില് നിന്നും നല്കും. കിഫ്ബിക്ക് നല്കുന്ന മോട്ടോര് വാഹന നികുതിയുടെ ഗ്രാന്റും നിര്ത്തി.
അപ്പോള് കിഫ്ബി എടുത്തുകഴിഞ്ഞ വായ്പകളുടെ തിരിച്ചടവോ? യുഡിഎഫിന്റെ അഞ്ച് വര്ഷ ഭരണകാലത്ത് 28,444 കോടി രൂപ തിരിച്ചടയ്ക്കേണ്ടിവരും. അതും സമയമാകുമ്പോള് ബഡ്ജറ്റില് നിന്നും കൊടുക്കുമെന്നാണ് പറയുന്നത്. ഇതിനുംമാത്രം പണം ബഡ്ജറ്റില് ഉണ്ടോ? ഈ വര്ഷം സംസ്ഥാന സര്ക്കാരിന് അനുവദിച്ച വായ്പയുടെ നല്ലപങ്ക് എടുത്തു കഴിഞ്ഞു എന്നാണ് വാര്ത്തകള്. അപ്പോള് പിന്നെ ബജറ്റില് നിന്ന് കൊടുക്കാന് പണം എവിടെയാ?
അങ്ങനെ ചിന്തിച്ചപ്പോഴാണ് ധനമന്ത്രിയായ വി.ഡി. സതീശന്റെ ബുദ്ധി എനിക്ക് ബോധ്യപ്പെട്ടത്. കിട്ടിയ ഗ്രാന്റുകളുടെയും എടുത്ത വായ്പകളുടെയും ഏതാണ്ട് പതിരായിരത്തോളം കോടി രൂപ കാശായും ഡെപ്പോസിറ്റായും ഇപ്പോള് കിഫ്ബിയില് കൈയില് ഉണ്ടാവണം. അതിന്മേലാണ് പുതിയ ധനമന്ത്രിയുടെ നോട്ടം. കിഫ്ബിയുടെ സ്വതന്ത്രമായ പ്രവര്ത്തനം മരവിപ്പിക്കുമ്പോള് ഈ പണം ട്രഷറിയിലേക്ക് വരും. അങ്ങനെ കടം വാങ്ങിയ പണം കൊണ്ട് ഇനിയൊരു ആറാട്ട് നടത്താനായിരിക്കണം പരിപാടി.
ഒരുപക്ഷേ, യുഡിഎഫ് സര്ക്കാര് ഈ വര്ഷം രക്ഷപ്പെട്ടേയ്ക്കാം. ഇങ്ങനെ കിഫ്ബിയുടെ ക്യാഷ് ബാലന്സുകൊണ്ട് കളിക്കാനാണ് പരിപാടിയെങ്കില് വരും വര്ഷങ്ങളില് നിര്മ്മാണ പ്രവര്ത്തികള്പോലും സ്തംഭിക്കും.
.jpg)


