വമ്പന്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണോ ബോണസും ഉത്സവബത്തയും?, ഖാദി തൊഴിലാളികള്‍ക്ക് പട്ടിണി, നിര്‍മാണ തൊഴിലാളികള്‍ക്ക് മാസങ്ങളായി പെന്‍ഷന്‍ പോലുമില്ല

Onam Bonus
Onam Bonus

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും. ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപയാണ് ബോണസ് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2750 രൂപയും നല്‍കും. ഇതു കൂടാതെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും.

tRootC1469263">

സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപയും അനുവദിച്ചു. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍, സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളില്‍ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കിയിട്ടുണ്ടൈന്നും മന്ത്രി അറിയിച്ചു.

വമ്പന്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ കടമെടുത്തും, ബോണസും ഉത്സവബത്തയുമെല്ലാം നല്‍കുമ്പോഴും സംസ്ഥാനത്തിന്റെ വികസനത്തിന് നിര്‍ണായക പങ്കുവഹിക്കുന്ന നിര്‍മാണ തൊഴിലാളികള്‍ക്ക് മാസങ്ങളായി ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നില്ല.

1,600 രൂപയാണ് തൊഴിലാളികള്‍ക്ക് പെന്‍ഷനായി നല്‍കേണ്ടത്. മാസങ്ങളായി ഈ വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാത്തത് വിവാദമായതോടെ ഓണത്തിന് ഒരു മാസത്തെ പെന്‍ഷന്‍ മാത്രം നല്‍കാനാണ് തീരുമാനം. 3.8 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കേണ്ടത്. കെട്ടിട നിര്‍മാണ് സെസ് പിരിക്കുന്നതിലെ വീഴ്ചയാണ് ജീവനക്കാര്‍ക്ക് തിരിച്ചടിയായത്.

സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക കിട്ടാത്തതിനാല്‍ പതിനായിരത്തിലധികം ഖാദിത്തൊഴിലാളികള്‍ക്ക് ഓണക്കാലത്തുപോലും വേതനമില്ലാത്ത അവസ്ഥയിലാണ്. ഒന്നരവര്‍ഷത്തോളമായി തൊഴിലാളികള്‍ക്ക് വേതനമില്ല. ഖാദി ബോര്‍ഡിന് കീഴിലുള്ള തൊഴിലാളികള്‍ക്ക് 15 മാസത്തെയും ബോര്‍ഡിതര സ്ഥാപനങ്ങളില്‍ 18 മാസത്തെയും മിനിമം കൂലിയാണ് നല്‍കാനുള്ളത്.

സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക കുന്നുകൂടിയതോടെ ഖാദിമേഖലയാകെ പ്രതിസന്ധിയിലാണ്. തൊഴിലാളികള്‍ക്കുള്ള ഇന്‍കം സപ്പോര്‍ട്ട് സ്‌കീം, വസ്ത്രങ്ങള്‍ക്കുള്ള റിബേറ്റ്, നൂല്‍പ്പുകാര്‍ക്കും നെയ്ത്തുകാര്‍ക്കും നല്‍കുന്ന ഉത്പാദക ബോണസ്, ഉത്സവബത്ത എന്നിവയെല്ലാം ഇതില്‍പ്പെടും. 2024 മേയ് വരെയുള്ള കണക്കുപ്രകാരം 80 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.

സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ക്ക് നല്‍കാനുള്ള കുടിശ്ശികയും തൊഴില്‍ വേതനവും ക്ഷേമ പെന്‍ഷനുകളുമൊന്നും നല്‍കാതെയാണ് സര്‍ക്കാര്‍ ശതകോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും നല്‍കുന്നത്. രണ്ടുമാസത്തെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് നല്‍കാന്‍ കഴിഞ്ഞത് മാത്രമാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്.

Tags